ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..

ഭാര്യയോടെ മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി?

Update: 2026-03-27 07:29 GMT

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തില്‍ രാഷ്ട്രീയ ചൂട് വര്‍ധിക്കുകയാണ്. പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വതും ഇതേ തുടര്‍ന്നുണ്ടായ വിമതന്റെ വരവുമെല്ലാമാണ് തെരഞ്ഞെടുപ്പു രംഗത്തെ ചൂടുപിടിപ്പിക്കുന്നത്. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി എന്നാണ് ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയ വാദം. അത് സ്ത്രീവിരുദ്ധമാണ്. ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച്, പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ. ഗോവിന്ദനെയാണ് യു.ഡി.എഫ് പിന്തുണക്കുന്നത്. ടികെ ഗോവിന്ദന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടാണ് പി കെ ശ്യാമള രംഗത്തുവന്നത്. 'അയാള്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടിക്കെതിരായിട്ടാണ്. ശ്യാമള ടീച്ചര്‍ എന്ന വ്യക്തിക്കെതിരായിട്ടല്ല. ശ്യാമള ടീച്ചര്‍ വ്യക്തിയല്ല, പാര്‍ട്ടിയാണ് ഇവിടെ മത്സരിക്കുന്നത്. പാര്‍ട്ടിക്കെതിരായിട്ട് അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ ടി.കെ. ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വം ഒരു ചലനവും ഉണ്ടാക്കില്ല. പ്രചാരണം വളരെ നല്ലനിലയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പൊതു പ്രചാരണം ആരംഭിച്ചു. നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് ഉണ്ടാകുന്നത്. ടി.കെ ഗോവിന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം നേതൃത്വം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ വികസന വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. അത് ചര്‍ച്ച തെചയ്യാന്‍ തന്നെ സമയം തികയുന്നില്ല' -ശ്യാമള പറഞ്ഞു.

'അയാള്‍ (ടി.കെ. ഗോവിന്ദന്‍) ഇപ്പോള്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖാമുഖം നമ്മള്‍ മത്സരിക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥിയെ കുറിച്ച് വ്യക്തിപരമായി പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശ്യാമള ടീച്ചര്‍ക്കെതിരായിട്ടല്ല. അത് പാര്‍ട്ടിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളാണ്. അതിനൊക്കെ പാര്‍ട്ടി വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത്.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും തന്നെയാണ് നമ്മള്‍ തെരഞ്ഞെടുപ്പില്‍ ?മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. ഇപ്പോള്‍ ഇവിടെ വന്നവരെല്ലാം വിഷമത്തിലാണ്, കാരണം വീട്ടില്‍ പോയിട്ട് വിറക് പെറുക്കി? വേണം ചോറ് വെക്കാന്‍. ഗ്യാസ് കിട്ടുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമാണ്. അതുപോലെതന്നെ കേരളം കണ്ട, ഇന്ത്യയിലെ ഏറ്റവും നല്ല വികസന പ്രവര്‍ത്തനമാണ് കഴിഞ്ഞ 10 വര്‍ഷക്കാലമായി ഈ കേരളത്തിലും തളിപ്പറമ്പ് മണ്ഡലത്തിലും നടത്തിയത്. ഈ വികസന കാര്യങ്ങള്‍ പറയാന്‍ തന്നെ സമയമില്ല. പിന്നെ വേറെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലല്ലോ. മറ്റു വിവാദങ്ങള്‍ ഒന്നും ഇവിടെ ചര്‍ച്ചയാകുന്നില്ല. കഴിഞ്ഞ വര്‍ഷത്തേക്കാളും ഭൂരിപക്ഷം നേടും' -ശ്യാമള പറഞ്ഞു.

Tags:    

Similar News