'മുസ്ലീം ലീഗില്‍ പ്രാപ്തരായ ആണുങ്ങള്‍ ഉണ്ടല്ലോ; അവരെ നിര്‍ത്തിയാല്‍ മതി; സംവരണ സീറ്റില്‍ മത്സരിപ്പിക്കുന്നതിനാണ് അനുവാദം നല്‍കിയത്'; ജനറല്‍ സീറ്റില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതിനെതിരെ സമസ്ത

Update: 2026-03-28 07:15 GMT

മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കം വീണ്ടും ചര്‍ച്ചയാകുന്നു. ജനറല്‍ സീറ്റുകളില്‍ മുസ്ലിം ലീഗ് വനിതകളെ മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി സമസ്ത രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ തുടരുന്നത്. സംവരണ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കുന്നതിന് മാത്രമാണ് സമസ്തയുടെ അനുമതിയുള്ളതെന്നും ജനറല്‍ സീറ്റുകളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

പണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ ലീഗ് നേതൃത്വം സമസ്തയുമായി ആലോചിച്ചിരുന്നു. അന്ന് സംവരണ സീറ്റുകളില്‍ മാത്രം വനിതകളെ നിര്‍ത്താമെന്നും ജനറല്‍ സീറ്റുകളില്‍ പുരുഷന്മാര്‍ മതിയെന്നുമായിരുന്നു സമസ്ത നല്‍കിയ നിര്‍ദ്ദേശം. 'പ്രാപ്തരായ ആണുങ്ങള്‍ ധാരാളമുള്ളപ്പോള്‍' എന്തിന് സ്ത്രീകളെ ജനറല്‍ സീറ്റില്‍ നിര്‍ത്തണം എന്നതാണ് സമസ്ത ഉയര്‍ത്തുന്ന പ്രധാന ചോദ്യം. നിലവില്‍ ലീഗ് സ്വീകരിക്കുന്ന ചില നിലപാടുകള്‍ സമസ്തയുടെ ഫത്വയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലീഗിന് നല്‍കിയ രാഷ്ട്രീയമായ ഒരു താക്കീത് കൂടിയായി ഉമര്‍ ഫൈസി മുക്കത്തിന്റെ വാക്കുകളെ വിലയിരുത്താം. കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും സമസ്തയുടെ വിശ്വാസധാരയില്‍ ഉള്ളവരാണെന്നും അവരുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ഒരു മുസ്ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമസ്തയുടെ കൂടെ നില്‍ക്കുന്നതാണ് ലീഗിന് എപ്പോഴും നല്ലതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അതേസമയം, രാഷ്ട്രീയമായ ചില സൂചനകളും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നും ആ ഭരണത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതികളില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയത് ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ അടുത്ത കാലത്തുണ്ടായ വിള്ളലുകള്‍ കൂടുതല്‍ ശക്തമാകുന്നു എന്നതിന്റെ തെളിവായി ഈ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

Similar News