പ്രശോഭ് വിഷയം ഏശില്ല; പിഷാരടി പാലക്കാട് പിടിക്കും! സംരക്ഷണം ആര്‍ക്കുമില്ലെന്ന് ഷാഫി പറമ്പില്‍; സിപഎമ്മിന്റേത് 'ഡീല്‍' രാഷ്ട്രീയമെന്നും വിമര്‍ശനം
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍പ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന് പാര്‍ട്ടി ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും പോലീസ് നടപടികള്‍ക്ക് കോണ്‍ഗ്രസ് തടസ്സ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ വിജയത്തെ ഈ വിവാദം ബാധിക്കില്ലെന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഓരോരുത്തരുടെയും വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ചതിക്കുഴികള്‍ ഒഴിവാക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ പരാതി ഉയര്‍ന്ന ഉടന്‍ തന്നെ പാര്‍ട്ടി കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള എല്‍ഡിഎഫ് നീക്കം പാലക്കാട്ടെ വോട്ടര്‍മാര്‍ക്കിടയില്‍ വിലപ്പോവില്ല. രമേഷ് പിഷാരടി വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തുമെന്നും ഷാഫി പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎം ആരുമായും കൂട്ടുകൂടുമെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. 'ജനങ്ങളുമായി ഡീല്‍ ഇല്ലാത്തതുകൊണ്ടാണ് സിപിഎമ്മിന് ബിജെപിയുമായും എസ്ഡിപിഐയുമായും ഒക്കെ ഡീല്‍ ഉറപ്പിക്കേണ്ടി വരുന്നത്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇടതുമുന്നണി ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നത്.' - ഷാഫി വിമര്‍ശിച്ചു.
സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ ജനപ്രീതിയും മണ്ഡലത്തിലെ വികസന ചര്‍ച്ചകളും യുഡിഎഫിന് അനുകൂലമാണ്. പ്രശോഭിനെതിരായ കേസ് ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ത്ഥിയെ തളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും, പാലക്കാട്ടെ ജനതയ്ക്ക് വസ്തുതകള്‍ ബോധ്യമുണ്ടെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു.