സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗില്‍ പൊട്ടിത്തെറി; മുസ്ലിം ലീഗ് വനിതാ വിഭാഗം ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് രാജിവെച്ചു
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നൂര്‍ബിന തന്റെ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് ഇ-മെയില്‍ വഴി രാജി കൈമാറിയതായും എന്നാല്‍ ലീഗ് പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഹരിത വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ നൂര്‍ബിന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മൂല്യങ്ങളില്ലേ? പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ സംസാരിച്ചവരോട് എങ്ങനെ മനസ്സ് കൊണ്ട് യോജിക്കാന്‍ പറ്റും? പാണക്കാട് തങ്ങന്മാര്‍ ഞങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്തുവെക്കേണ്ടവരാണ്. അവര്‍ക്കെതിരെ സംസാരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ഞങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു,' നൂര്‍ബിന പറഞ്ഞു.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയെ ലക്ഷ്യം വെച്ചായിരുന്നു നൂര്‍ബിനയുടെ പ്രധാന വിമര്‍ശനം. സ്ഥാനാര്‍ഥിത്വം ചോദിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പരിചയസമ്പന്നരായ തങ്ങളെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 'പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ആദ്യം അഞ്ചുവര്‍ഷം കൗണ്‍സിലറായി ഭരിച്ചു കാണിക്കട്ടെ. തലമുറമാറ്റം വേണമെന്നുണ്ടെങ്കില്‍ പരിഗണിക്കാന്‍ അര്‍ഹരായ വേറെയും ഒരുപാട് പേരുണ്ടായിരുന്നു. ഞങ്ങളുടെ അയോഗ്യത എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം,' അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വനിതാ ലീഗിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തിയാണ് നൂര്‍ബിനയുടെ രാജിയോടെ പരസ്യമായത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന നേതാവായ നൂര്‍ബിന റഷീദിന്റെ രാജി മുസ്ലിം ലീഗിന് പ്രതിസന്ധിയാകുമെന്നാണ് സിപിഎം കരുതുന്നത്.