'മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി; വോട്ടര്‍മാര്‍ വിലയിരുത്തും; വിജയത്തില്‍ യാതൊരു ആശങ്കയുമില്ല'; മുഹമ്മദ് റിയാസിന് വോട്ട് തേടി ബേപ്പൂരില്‍ മുഖ്യമന്ത്രി; പിഷാരടിയെ തടഞ്ഞതില്‍ ബിജെപിക്കെതിരെ വിമര്‍ശനം

Update: 2026-04-02 08:13 GMT

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരു കൂട്ടരും മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ന്യൂനപക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇടത് സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോലും കേരളത്തെ സഹായിക്കാതെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്രത്തിന്റെ ഈ അവഗണനയ്‌ക്കെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ലെന്നും ബിജെപിയെ പിണക്കാന്‍ പേടിച്ചാണ് അവര്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവര്‍ നാടിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. 2021-ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇത്തവണ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസ് കാഴ്ചവെച്ച മികച്ച പ്രകടനം ബേപ്പൂരിലെ വോട്ടര്‍മാര്‍ വിലയിരുത്തുമെന്നും റിയാസിന്റെ വിജയത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിഷാരടിയെ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥി തെരുവില്‍ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Similar News