'കുട്ടനാട്ടിലെ ഒരു പാടവരമ്പും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്; ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്; ബിജെപിയുമായി നിരന്തരം കൂട്ടുകെട്ടുണ്ടാക്കുന്നത് സജി ചെറിയാനാണ്; പുറത്താക്കാന്‍ ധൈര്യമുണ്ടോ?' മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍

Update: 2026-04-02 11:14 GMT

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരന്‍. ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്നും തലങ്ങും വിലങ്ങും മറിഞ്ഞും തിരിഞ്ഞും വെട്ടി പരിചയമുള്ള തന്നെ വെല്ലുവിളിക്കാന്‍ പിണറായി വരേണ്ടെന്നും സുധാകരന്‍ പറഞ്ഞു. തന്നെ ചെളിക്കുണ്ടിലേക്ക് ചവിട്ടിത്താഴ്ത്താനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുട്ടനാട്ടിലെ ഒരു പാടവരമ്പ് പോലും കാണാത്ത പിണറായി തന്നെ വെല്ലുവിളിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപിയുമായി നിരന്തരം കൂട്ടുകെട്ടുണ്ടാക്കുന്നത് മന്ത്രി സജി ചെറിയാനാണെന്നും അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപി വോട്ടില്ലെങ്കില്‍ സജി ചെറിയാന്‍ തോറ്റുപോകുമെന്നും ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പോലും സജി ചെറിയാനാണെന്നും സുധാകരന്‍ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെയോ കര്‍ഷകവര്‍ഗ്ഗത്തിന്റെയോ പാര്‍ട്ടിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

'മുഖ്യമന്ത്രി എന്നെ വിട്ടിട്ട് നാടിനെ ശ്രദ്ധിക്കൂ. ഇത് പിണറായി വിജയന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണ്. പാവപ്പെട്ട എം.എ. ബേബിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി അവിടെ വാഴപ്പിണ്ടി കുഴിച്ചിട്ടത് നിങ്ങളാണ്. സകല ബിജെപിക്കാരും എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ നാട്ടുകാരോട് പറയുന്നത്,' സുധാകരന്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലെ പ്രചാരണ യോഗത്തില്‍ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ മണ്ണാണെന്നും വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ ആ മണ്ണ് തയ്യാറാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്നും അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒരു പോറലും ഏല്‍ക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെ എന്നും അമ്പലപ്പുഴയിലെ ജനങ്ങള്‍ അവസരവാദ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയത്. വോട്ടെടുപ്പ് അടുത്തിരിക്കെ ആലപ്പുഴയില്‍ പിണറായി-സുധാകരന്‍ പോര് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Similar News