'താമര വിരിയും' മുന്‍പേ തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; മത്സരിക്കുമെങ്കില്‍ കോയമ്പത്തൂരില്‍ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന് വാനതി ശ്രീനിവാസന്‍;നേതാക്കളുടെ തര്‍ക്കം ഏറ്റെടുത്ത് അണികളും; സാമൂഹ്യ മാധ്യമങ്ങളില്‍ വാക്‌പോര്

Update: 2026-04-02 12:55 GMT

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. പ്രമുഖ നേതാക്കള്‍ തമ്മിലുള്ള സീറ്റ് തര്‍ക്കം പരിഹരിക്കാനാകാത്ത വിധം വഷളായതോടെ കേന്ദ്ര നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും ദേശീയ മഹിളാ മോര്‍ച്ച അധ്യക്ഷ വാനതി ശ്രീനിവാസനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പരസ്യമായ പോരിലേക്ക് നീങ്ങുന്നത്.

മത്സരിക്കാനുണ്ടെങ്കില്‍ അത് കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മാത്രമായിരിക്കും എന്ന ഉറച്ച നിലപാടിലാണ് അണ്ണാമലൈ. എന്നാല്‍ നിലവില്‍ ഇവിടുത്തെ സിറ്റിംഗ് എംഎല്‍എയായ വാനതി ശ്രീനിവാസന്‍ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ല. എന്‍ഡിഎ മുന്നണിയില്‍ കോയമ്പത്തൂര്‍ മേഖലയില്‍ ബിജെപിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്ന് വാനതി വാദിക്കുന്നു.

നേരത്തെ ഗൗണ്ടംപാളയം, സിംഗനല്ലൂര്‍, അറവാക്കുറിച്ചി എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ അണ്ണാമലൈ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകളെല്ലാം സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് ലഭിച്ചതോടെ അണ്ണാമലൈ പ്രതിരോധത്തിലായി. തനിക്ക് താല്‍പ്പര്യമുള്ള സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേതാക്കള്‍ തമ്മിലുള്ള ഈ സീറ്റ് തര്‍ക്കം അണികളിലേക്കും പടര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അണ്ണാമലൈ അനുകൂലികളും വാനതി ശ്രീനിവാസന്‍ അനുകൂലികളും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. അണ്ണാമലൈ വരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വാനതിയെ മാറ്റരുതെന്ന് മറുവിഭാഗം ആവശ്യപ്പെടുന്നു.

ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരുടെ വീതമുള്ള പട്ടിക സംസ്ഥാന നേതൃത്വം കൈമാറിയെങ്കിലും അണ്ണാമലൈയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ഈ ആഭ്യന്തര തര്‍ക്കം വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് തര്‍ക്കം പരിഹരിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Tags:    

Similar News