പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയന്‍ മോദിയുടെ ബി ടീം; എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; ശബരിമലയിലെ 'കൊള്ള' അന്വേഷിക്കാത്തതിലും ചോദ്യശരങ്ങള്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്തു. നൂറ്റാണ്ടുകളായി പരസ്പര സ്‌നേഹത്തോടെ എല്ലാവരും കേരളത്തില്‍ ജീവിക്കുന്നു. കേരളത്തിന്റെ ആത്മചൈതന്യം എല്ലായിടത്തും പ്രതിഫലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്നും നട്ടെല്ലില്ലാത്ത ഭരണാധികാരിയെന്നും വിശേഷിപ്പിച്ച പ്രിയങ്ക, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ 'ബി ടീം' ആണെന്നും തുറന്നടിച്ചു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ അവിടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നില്‍ പ്രധാനമന്ത്രി തലകുനിക്കുകയാണ്. നമ്മുടെ ഊര്‍ജ്ജ സുരക്ഷ അമേരിക്കയ്ക്ക് തീറെഴുതിയ മോദിക്ക് ഇന്ത്യക്ക് വേണ്ടി നിവര്‍ന്നുനില്‍ക്കാനുള്ള ധൈര്യമില്ല. എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ളതുകൊണ്ടാണ് മോദി ഇത്രയേറെ ഭയപ്പെടുന്നതെന്നും അവര്‍ പരിഹസിച്ചു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണിതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ എല്ലാ പ്രതിപക്ഷ നേതാക്കളെയും വേട്ടയാടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം എങ്ങനെയാണ് പ്രത്യേക പരിഗണന ലഭിക്കുന്നത്? ശബരിമലയിലെ കൊള്ളയടക്കമുള്ള വിഷയങ്ങളില്‍ എന്തുകൊണ്ട് അന്വേഷണമില്ല? ഇടതു നേതാക്കളെ മാത്രം കേന്ദ്രം തൊടാത്തത് അവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. കേരളത്തില്‍ പുതിയൊരു സര്‍ക്കാര്‍ അത്യാവശ്യമാണെന്നും പണം ഉണ്ടാക്കി അധികാരത്തില്‍ തുടരുകയല്ല ഭരണാധികാരികളുടെ ലക്ഷ്യമെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞതായും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നഴ്സുമാര്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കും നാട്ടില്‍ ജോലിയില്ല, ഉണ്ടെങ്കില്‍ തന്നെ തുച്ഛമായ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതത്തിലാണ്. ഇന്ധനവില വര്‍ദ്ധനവ് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചു. വലിയ വ്യവസായികള്‍ തുറമുഖങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തീരദേശവാസികള്‍ വഴിയാധാരമാകുന്നു. വികസനം എത്തിക്കാന്‍ എംപിമാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിന് ഒട്ടും സഹകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ആശാവര്‍ക്കര്‍മാരുടെയും അംഗനവാടി ജീവനക്കാരുടെയും സമരങ്ങളെ അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മാത്രമാണ് അവരെ കണ്ടത്. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ല. ചിറയിന്‍കീഴ് മണ്ഡലം വികസനത്തില്‍ ഏറെ പിന്നിലാണെന്നും പെരുമാതുറയിലെയും അഞ്ചുതെങ്ങിലെയും ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു. വീടുകള്‍ക്ക് നമ്പറില്ലാത്തതും കടകള്‍ക്ക് ലൈസന്‍സ് ലഭിക്കാത്തതും കാരണം ജനങ്ങള്‍ക്ക് ലോണ്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
വര്‍ഗീയ രാഷ്ട്രീയത്തെയും ജനവിരുദ്ധ നയങ്ങളെയും മാറ്റാന്‍ കോണ്‍ഗ്രസിന് ഒരു അവസരം നല്‍കണമെന്ന് പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. ഇന്ദിര ഗ്യാരണ്ടി പദ്ധതി നാടിന്റെ മുഖച്ഛായ മാറ്റും. സഹാനുഭൂതിയുള്ള ഒരു സര്‍ക്കാരാണ് കേരളത്തിന് വേണ്ടത്. ഏവര്‍ക്കും ദുഃഖവെള്ളി, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന പ്രിയങ്ക ഗാന്ധി, കേരളത്തിന്റെ ആത്മചൈതന്യം വീണ്ടെടുക്കാന്‍ വോട്ടര്‍മാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
