പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം: ഒരു കോടിയുടെ വെട്ടിപ്പ് നടന്നുവെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍; 'നേരത്തെ പരാതിപ്പെട്ടിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല'; നോട്ട് നിരോധനത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട; സിപിഎം കോട്ടയില്‍ പോര് മുറുകുന്നു
പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം: ഒരു കോടിയുടെ വെട്ടിപ്പ് നടന്നുവെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണ കേസില്‍, ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തിയെന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു. നേരത്തെ തന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനരാജ് ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ വക മാറ്റി. ഇതില്‍ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയിയെന്നും വി. കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ഇതു ഏരിയ കമ്മിറ്റിയുടെ കണക്കിലില്ല. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ മാറ്റിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. 40 ലക്ഷം രൂപയാണ് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലേക്ക് മാറ്റിയത്. ധനാപഹരണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വര്‍ഷം നവംബര്‍ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയില്‍ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റി. പയ്യന്നൂര്‍ സഹകരണ ബാങ്കിലും റെയില്‍വേ ഗേറ്റ് ബ്രാഞ്ചിലുമായി പണം നിക്ഷേപിച്ചത് ടി ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലാണ്. മൂന്ന് വര്‍ഷമാണ് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടത്. പാര്‍ട്ടിയില്‍ ഇത് ചര്‍ച്ചയായതോടെ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് തിരിച്ചു നല്‍കി. 15 ലക്ഷം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കും. പലിശ സ്വന്തമായി കൈ പറ്റുകയായിരുന്നു.
അതേസമയം നോട്ടുനിരോധനം മൂലമുണ്ടായ പണം ഇടപാട് പ്രതിസന്ധി മറികടക്കാനാണ് അക്കാലത്ത് പല അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം തെറ്റാണ്. നോട്ട് നിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്തല്ല പണമിടപാട് നടന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തന്റെ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം തെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമായി തുടരും. പ്രചാരണത്തില്‍ സി.പി.എം തടസങ്ങളുണ്ടാക്കുന്നതിനെ തരണം ചെയ്യുമെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
