തിരുവനന്തപുരം സെന്‍ട്രലില്‍ സുധീര്‍ കരമന; തലസ്ഥാനം പിടിക്കാന്‍ എല്‍ഡിഎഫിന്റെ 'സര്‍പ്രൈസ്' താരം; അധ്യാപകന്‍, നടന്‍, സാംസ്‌കാരിക നായകന്‍; ജനാര്‍ദ്ദനന്റെ മകന്‍ നേട്ടമുണ്ടാക്കുമോ?

Update: 2026-03-21 07:06 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പോരാട്ടത്തിന് വേദിയാകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ നടനെ ഇറക്കി എല്‍ഡിഎഫ്. പ്രശസ്ത നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമനയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. പ്രശസ്ത നടന്‍ പരേതനായ കരമന ജനാര്‍ദ്ദനന്റെ മകന്‍ എന്ന നിലയിലും, മികച്ച ഒരു അധ്യാപകന്‍ എന്ന നിലയിലും തലസ്ഥാനവാസികള്‍ക്ക് പ്രിയങ്കരനായ സുധീര്‍ കരമനയുടെ വരവ് അപ്രതീക്ഷിതമാണ്.

വെങ്ങാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന സുധീര്‍ കരമനയ്ക്ക് നഗരത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ മികച്ച സ്വാധീനമുണ്ട്. ഖത്തറിലെ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലും തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് യുവതലമുറയ്ക്കിടയിലും വലിയ സ്വീകാര്യതയുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെയും ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജിലെയും പഠനകാലം മുതല്‍ക്കേ തലസ്ഥാനത്തിന്റെ സ്പന്ദനങ്ങള്‍ സുധീറിന് സുപരിചിതമാണ്.

പ്രശസ്ത നടന്‍ കരമന ജനാര്‍ദ്ദനന്റെ മകന്‍ എന്ന സിനിമാ പാരമ്പര്യത്തിനപ്പുറം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ജോലിയും ദീര്‍ഘകാലത്തെ അധ്യാപന പരിചയവും സുധീറിന് മുതല്‍ക്കൂട്ടാകും. രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളുള്ള സുധീറിനെ 'സ്വതന്ത്രന്‍' എന്ന ലേബലില്‍ ഇറക്കിയതിലൂടെ മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം സെന്‍ട്രല്‍ പോലുള്ള ഒരു നിര്‍ണ്ണായക മണ്ഡലത്തില്‍ സുധീര്‍ കരമനയെപ്പോലൊരു ജനകീയ മുഖം എത്തുന്നതോടെ മത്സരം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.

സിനിമയിലും അധ്യാപനത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സുധീര്‍ കരമന ഇനി നിയമസഭയിലേക്കുള്ള ചുവടുവെപ്പിന് തയ്യാറെടുക്കുമ്പോള്‍ തലസ്ഥാനത്ത് രാഷ്ട്രീയ ആവേശം കൊടുമുടിയിലാണ്. സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ എതിര്‍ മുന്നണികളും തങ്ങളുടെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി പ്രതിരോധം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

Similar News