നേതാക്കള്‍ക്കെതിരെ ഒളിയമ്പ്; 'പന്തിയില്‍ പക്ഷഭേദം'; പിന്തുണയുമായി പ്രവര്‍ത്തകര്‍; വികാരഭരിതനായി എല്‍ദോസ്! പക്ഷേ പാര്‍ട്ടിയെ ഒറ്റിക്കില്ല; എല്‍ദോസ് കുന്നപ്പിള്ളി വിമതനാകില്ല; സീറ്റ് നിഷേധത്തില്‍ വേദനയുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെ; നിര്‍ണ്ണായകമായത് 'സുധാകര ഇഫക്ട്'; കെഎസിനെ പോലെ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കാന്‍ പെരുമ്പാവൂരിലെ എംഎല്‍എയും
പെരുമ്പാവൂര്‍: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂരില്‍ ഉയര്‍ന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. കെ സുധാകരന്‍ വിമത നീക്കത്തിനില്ലെന്ന് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായാണ്. ഈ സാഹചര്യം എല്‍ദോസിനേയും സ്വാധീനിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് വഴങ്ങാന്‍ എല്‍ദോസും തീരുമാനിച്ചത്.
തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത നിരാശയും വേദനയുമുണ്ടെങ്കിലും താന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഒറ്റിക്കില്ലെന്നും വിമതനായി മത്സരിക്കാന്‍ താല്പര്യമില്ലെന്നും എല്‍ദോസ് വ്യക്തമാക്കി. വരുംദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് മണ്ഡലത്തിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എന്നാല്‍ പാര്‍ട്ടിക്ക് വിധേയനായി തന്നെ തുടരുമെന്നുമാണ് അദ്ദേഹം നല്‍കുന്ന സൂചന.
പ്രമുഖ നേതാക്കളാണെന്നും ലൈംഗികാതിക്രമ കേസിന്റെ പേരില്‍ ഇവര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എല്‍ദോസ് ആരോപിച്ചു. 'പന്തിയില്‍ പക്ഷഭേദം കാട്ടി' എന്ന ശൈലിയിലാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കും സി.പി.എമ്മില്‍ നിന്ന് വന്ന പി.കെ. ശശിയെപ്പോലുള്ളവര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചപ്പോള്‍ തന്നെ മാത്രം ലക്ഷ്യം വെച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തന്നെ ഒഴിവാക്കണമെന്നുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അവസാന നിമിഷം നടത്തിയ ഈ നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം തുറന്നടിച്ചു.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നും കോടതി തന്നെ ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട് ജാമ്യം അനുവദിച്ചതാണെന്നും എല്‍ദോസ് ഓര്‍മ്മിപ്പിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും തനിക്കൊപ്പമുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15,000 വീടുകള്‍ താന്‍ നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്‍ദോസിന് സീറ്റ് നിഷേധിച്ചതിനെതിരെ പെരുമ്പാവൂരില്‍ ഇന്ന് രണ്ട് തവണ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെങ്കിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി വിമതനായി രംഗത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും എല്‍ദോസിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും എങ്ങനെ അനുനയിപ്പിക്കും എന്നത് യു.ഡി.എഫ് നേതൃത്വത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. സുധാകരന്‍ വിഷയത്തില്‍ ഉണ്ടായതുപോലെ ഒരു അനുനയ നീക്കം പെരുമ്പാവൂരിലും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
