അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രാലയത്തിലെ സ്‌ഫോടനത്തില്‍ അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി; ഖലീല്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരന്‍; ചാവേര്‍ സ്‌ഫോടനത്തില്‍ പിന്നില്‍ ഐഎസ്?

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം

Update: 2024-12-11 13:03 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ മന്ത്രി അടക്കം നിരവധി പേര്‍ മരിച്ചു. കാബൂളില്‍ അഭയാര്‍ഥി കാര്യ മന്ത്രാലയത്തില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍, മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയാണ് കൊല്ലപ്പെട്ടത്. മന്ത്രിക്കൊപ്പം മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് വിവരം. മന്ത്രാലയത്തിലെത്തിയ ഒരു അഭയാര്‍ഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീല്‍ ഹഖാനി.


സ്‌ഫോടനം ചാവേറാക്രമണം ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ ഉപരോധ പട്ടികയിലുളള നേതാവാണ് ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനി. തീവ്രവാദ ഗ്രൂപ്പായ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍. താലിബാന്റെ രണ്ടുപതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടെ ഏറ്റവും നാശം വിതച്ച ആക്രമണങ്ങള്‍ നടത്തിയ തീവ്രവാദ ഗ്രൂപ്പാണ് ഹഖാനി. എല്ലായ്‌പ്പോഴും ഓട്ടോമാറ്റിക് തോക്കും കൈയ്യിലേന്തിയാണ് ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനി പ്രത്യക്ഷപ്പെടാറുള്ളത്.

അഫ്ഗാനിസ്ഥാനില്‍ മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശസേന പിന്‍വാങ്ങിയതിന് ശേഷമാണ് ഖലീല്‍ ഹഖാനി താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സേനയ്ക്ക് എതിരായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം.

നിലവിലെ ആഭ്യന്തര മന്ത്രിയായ സിറുജുദ്ദീന്‍ ഹഖാനിയുടെ അമ്മാവനാണ് ഖലീല്‍. താലിബാന്‍ ഭരണകൂടത്തില്‍, സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി പോരാടുകയാണ് ഹഖാനികളെന്നും വാര്‍ത്തകളുണ്ട്. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നിരവധ താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ പ്രവിശ്യാ ഗവര്‍ണര്‍മാര്‍, കമാന്‍ഡര്‍മാര്‍, മതപുരോഹിതര്‍ എന്നിവരുള്‍പ്പെടുന്നു. മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.

Tags:    

Similar News