'പുതിയൊരു സംഘർഷത്തിന് തുടക്കമിട്ടാൽ, പാക്കിസ്താന്റെ പ്രതികരണം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും'; യുദ്ധോപകരണങ്ങളുടെ പ്രഹരപരിധിയും സംഹാരശേഷിയും കടുത്തതായിരിക്കും; ഇന്ത്യയുടെ മിഥ്യാധാരണ തകർത്തെറിയും; വീണ്ടും വീമ്പിളക്കി അസീം മുനീർ

Update: 2025-10-18 16:22 GMT

ഇസ്ലാമാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആണവ ഭീഷണി മുഴക്കി പാക്കിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ. പുതിയൊരു പ്രകോപനമുണ്ടായാൽ പാക്കിസ്താന്റെ പ്രതികരണം ഇന്ത്യയുടെ പ്രതീക്ഷകൾക്കുമപ്പുറത്തായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭൂമിശാസ്ത്രപരമായ വിശാലത നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഇന്ത്യയുടെ മിഥ്യാധാരണ തകർത്തെറിയുമെന്നും മുനീർ അവകാശപ്പെട്ടു.

കാകുലിലെ പാക്ക് മിലിറ്ററി അക്കാദമിയിൽ (പിഎംഎ) നടന്ന ഒരു സൈനിക പരിപാടിയിൽ സംസാരിക്കവെയാണ് ജനറൽ മുനീർ ഈ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. 'പുതിയൊരു സംഘർഷത്തിന് തുടക്കമിട്ടാൽ, പാക്കിസ്താനുണ്ടാകുന്ന പ്രതികരണം അത് തുടങ്ങിവെച്ചവരുടെ പ്രതീക്ഷകൾക്കുമപ്പുറത്തായിരിക്കും. ഏറ്റുമുട്ടലും ആശയവിനിമയ മേഖലയും തമ്മിലുള്ള വേർതിരിവ് കുറയുന്നതോടെ, പാക്ക് യുദ്ധോപകരണങ്ങളുടെ പ്രഹരപരിധിയും സംഹാരശേഷിയും കടുത്തതായിരിക്കും. ഭൂമിശാസ്ത്രപരമായ വിശാലതയുടെ പേരിൽ ഇന്ത്യയ്ക്കുള്ള സുരക്ഷിതബോധത്തെ അവ തകർത്തെറിയും,' അദ്ദേഹം പറഞ്ഞു.

ആണവവത്കൃതമായ ലോകത്ത് യുദ്ധത്തിന് ഇടമില്ലെന്ന് വ്യക്തമാക്കിയ മുനീർ, ചെറിയൊരു പ്രകോപനം പോലും നിർണായകവും അതിശക്തവുമായ പ്രതികരണത്തിന് വഴിവെക്കുമെന്ന് കൂട്ടിച്ചേർത്തു. അരാജകത്വത്തിനും അസ്ഥിരതയ്ക്കും കാരണക്കാരായവരുടെ കണക്കുകൂട്ടലുകൾക്കുമപ്പുറമായിരിക്കും നടപടികളിലൂടെയുണ്ടാകുന്ന ആഘാതം. സൈനികവും സാമ്പത്തികവുമായ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകുമെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താൻ അതിർത്തിയിൽ താലിബാനിൽ നിന്നുള്ള കനത്ത പ്രഹരങ്ങൾ ഏറ്റുകൊണ്ടിരിക്കെയാണ് പാക് കരസേനാ മേധാവി ഇന്ത്യയ്ക്കെതിരേ ഇത്തരമൊരു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ, 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ ഡ്യൂറൻഡ് ലൈനോട് ചേർന്നുള്ള പക്തിക പ്രവിശ്യയിൽ പാക്കിസ്താൻ നടത്തിയ വ്യോമാക്രമണം വീണ്ടും പ്രകോപനങ്ങൾക്കിടയാക്കി. ഇതിനു പിന്നാലെ അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചതായി പാക്കിസ്താൻ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. പാക്കിസ്താൻ്റെ ഓരോ ഇഞ്ച് പ്രദേശവും നിലവിൽ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് പ്രതിരോധ മന്ത്രി ഈ പരാമർശം നടത്തിയത്.

ഈ സാഹചര്യത്തിൽ, പാകിസ്താൻ കരസേനാ മേധാവിയുടെ പ്രകോപനപരമായ പരാമർശങ്ങൾ ഇന്ത്യാ-പാക് ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷാത്മക അന്തരീക്ഷം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തിയിലെ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ, ഇരു രാജ്യങ്ങളും പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കുകയാണ്. 

Tags:    

Similar News