ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്‍ അടുക്കുന്നതില്‍ ഉറക്കം നഷ്ടപ്പെട്ട പാക്കിസ്ഥാനെ വെള്ളംകുടിപ്പിച്ച് അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണം; ഏഴിടത്തെ മിന്നല്‍ ആക്രമണങ്ങളില്‍ നടുങ്ങി അസിം മുനീര്‍; 'എവിടെ നമ്മുടെ ഇന്റലിജന്‍സ് 'എന്ന് സൈനിക ജനറല്‍മാരുടെ യോഗത്തില്‍ പൊട്ടിത്തെറിച്ചു; സ്വയം കുഴിച്ച കുഴിയില്‍ പാക്കിസ്ഥാന്‍ വീഴുന്നത് ഇങ്ങനെ

സ്വയം കുഴിച്ച കുഴിയില്‍ പാക്കിസ്ഥാന്‍ വീഴുന്നത് ഇങ്ങനെ

Update: 2025-10-14 11:16 GMT

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ അക്ഷരാര്‍ഥത്തില്‍ പാക്കിസ്ഥാന്‍ വെള്ളം കുടിക്കുകയാണ്. താലിബാന്‍ ആക്രമണത്തില്‍ പൊറുതിമുട്ടിയ പാക് സൈനിക മേധാവി അസിം മുനീര്‍ ഉന്നതതലയോഗത്തില്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡുറാന്റ് രേഖയിലുടനീളം പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരേ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു താലിബാന്‍. ഇതോടെ, റാവല്‍പിണ്ടിയില സൈനിക ആസ്ഥാനത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച് അസിം മുനീര്‍ വിശദീകരണം ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഗുരുതര ഇന്റലിജന്‍സ് പരാജയവും തന്ത്രപരമായ വീഴ്ചയും സംഭവിച്ചതായി അദ്ദേഹം സൈനിക കമാന്‍ഡര്‍മാരുടെ ഉന്നതതല യോഗത്തില്‍ ശക്തമായി വിമര്‍ശിച്ചു. ഓരോരുത്തരില്‍ നിന്നും വിശദമായ ഉത്തരങ്ങള്‍ തേടി. ഇത്രയും വലിയൊരു ആക്രമണം മുന്‍കൂട്ടി കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും, പ്രത്യാക്രമണത്തിന് ആവശ്യമായ സൈനിക വ്യൂഹത്തിന്റെ കുറവ് എങ്ങനെ സംഭവിച്ചുവെന്നും അസിം മുനീര്‍ ആരാഞ്ഞു. ഈ വിഷയങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

'എവിടെയായിരുന്നു ഇന്റലിജന്‍സ് സംവിധാനം? എന്താണ് ഇന്റലിജന്‍സ് പരാജയത്തിന്റെ കാരണം?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവിച്ച വീഴ്ചകളും അതിന്റെ കാരണങ്ങളും പരിഹരിക്കാനുള്ള നടപടികളും വിശദീകരിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സൈനിക മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം. കൂടാതെ, എല്ലാ മേഖലകളിലും ജാഗ്രത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാക്കിസ്ഥാന്‍ നിലവില്‍ യുദ്ധത്തിലാണെന്ന് മുനീര്‍ ജനറല്‍മാരെ ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാന്‍ ആഭ്യന്തരമായും ബാഹ്യമായും യുദ്ധത്തിലാണെന്നും അദ്ദേഹം യോഗത്തില്‍ സൂചിപ്പിച്ചു. തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയമായെന്നും എണ്ണമറ്റ യുവ സൈനികരുടെയും സാധാരണക്കാരുടെയും ജീവന്‍ ബലി കഴിക്കാനാവില്ലെന്നും മുനീര്‍ പറഞ്ഞു.

ഇന്റലിജന്‍സ് വീഴ്ചയാണ് പാക്കിസ്ഥാന് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതിന് പ്രധാന കാരണം. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ നേരിടുന്നതില്‍ പാക് സൈനിക നേതൃത്വം പരാജയപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമായും തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (TTP) പോലുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പാക്കിസ്ഥാന് വലിയ തലവേദന സൃഷ്ടിക്കുന്നു. ഈ സംഘടനകള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണില്‍നിന്നാണ് പ്രധാനമായും ആക്രമണങ്ങള്‍ നടത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം, പാക്കിസ്ഥാനെതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. അംഗൂര്‍ അഡ്ഡ, ബജോര്‍, കുറം, ദിര്‍, ഛിത്രാല്‍, വസിരിസ്ഥാന്‍,, ബഹ്‌റം ഛാ, ബലുചിസ്ഥാനിലെ ചമന്‍ എന്നിങ്ങനെ ഏഴിടത്താണ് അഫ്ഗാന്‍ താലിബാന്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. പ്രകോപനം ഒന്നുമില്ലാതെ, മികച്ച ഏകോപനത്തോടെയുള്ള ആക്രമണം പാക്കിസ്ഥാന്റെ ഗുരുതര ഇന്റലിജന്‍സ് വീഴ്ചയായാണ് കണക്കാക്കുന്നത്. ഇത്തരം പരാജയങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് അസിം മുനീര്‍ യോഗം അവസാനിപ്പിച്ചത്. ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്‍ കൂടുതല്‍ അടുക്കുന്നതും, അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനവും പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്.


Tags:    

Similar News