'സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേര്‍ത്താണ് അയ്യായിരം; പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്; എതിര്‍ സ്ഥാനാര്‍ഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞു പരത്തുന്നു'; പ്രണയക്കണക്കില്‍ വിശദീകരണവുമായി കെ ബി ഗണേഷ് കുമാര്‍
'സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേര്‍ത്താണ് അയ്യായിരം
പത്തനാപുരം: തനിക്ക് 5000 കാമുകിമാര്‍ ഉണ്ടാകുമെന്ന് പറഞ്ഞ കെ ബി ഗണേഷ്‌കുമാര്‍ ഇതില്‍ വിശദീകരണവുമായി രംഗത്തുവന്നു. കുറഞ്ഞത് അയ്യായിരം പേരോടെങ്കിലും പ്രണയമുണ്ടെന്ന തന്റെ വാക്കുകള്‍ തെറ്റിദ്ധാരണക്ക് കാരണമായതോടെയാണ് ഗണേഷ് കുമാര്‍ രംഗത്തുവന്നത്. ചെടികളും വാഹനങ്ങളും ആനകളും ഒപ്പം സ്ത്രീകളും അടങ്ങുന്നതാണ് തന്റെ പ്രണയങ്ങളെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണെന്നുമുള്ള ഗണേഷിന്റെ പരാമര്‍ശം വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രണയമുണ്ടെന്ന് പറഞ്ഞത് സ്ത്രീകളോട് മാത്രമല്ല, എനിക്ക് ചെടികളോടും വാഹനങ്ങളോടും ആനകളോടും എല്ലാം പ്രണയമുണ്ട്. അതെല്ലാം ചേര്‍ത്താണ് അയ്യായിരം -ഗണേഷ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞുപരത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയെ അതിന്റെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചയാളാണ് താന്‍. താനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ 2016ലും 2021ലും തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രണയം എന്നു പറയുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമല്ല. എനിക്ക് ചെടികളോട് സ്‌നേഹമുണ്ട്, ആനകളോട് സ്‌നേഹമുണ്ട്, പ്രകൃതിയോട് സ്‌നേഹമുണ്ട്, എനിക്ക് വാഹനങ്ങളോട് പ്രണയമുണ്ട്...ഇതെല്ലാം ചേര്‍ത്താണ് അയ്യായിരം. ശ്രീകൃഷ്ണന് 16,008 പ്രണയമുണ്ടെന്ന് പറഞ്ഞാല്‍ എല്ലാവരെയും വിവാഹം കഴിച്ചു എന്നല്ല അര്‍ഥം. ഇതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്' -ഗണേഷ് കുമാര്‍ വ്യക്തമാക്കി.
തന്നെ കൊണ്ട് ആര്‍ക്കും ബുദ്ധമുട്ടില്ലെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകള്‍ തടഞ്ഞുവെന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. അടിയന്തര സഹായ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നും ആരോപിച്ചിരുന്നു.
വിവാദമായപ്പോള്‍ തന്നെ കുടുംബ പ്രശ്‌നമാണെന്ന നിലപാടാണ് ഗണേഷ് കുമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാര്‍ ഒപ്പം നിര്‍ത്തിയത്. കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയും രംഗത്തുവന്നിരുന്നു.
പൊതുപ്രവര്‍ത്തകന് സ്വഭാവശുദ്ധി നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് ജ്യോതികുമാര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയരാകുന്നവരാണ് പൊതുപ്രവര്‍ത്തകര്‍. അങ്ങനെയിരിക്കെ തനിക്ക് എന്തുമാകാമെന്നും 5000 കാമുകിമാര്‍ ഉണ്ട് എന്നുമൊക്കെ പരസ്യമായി ഒരു ജനപ്രതിനിധി പറയുന്നത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാര്‍ ഉള്‍പ്പെട്ട സമീപകാല വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് 5000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോകുന്നു. എന്നെ ഭാര്യ തല്ലിയിട്ടില്ല. എന്നെ നാട്ടുകാരും തല്ലിയിട്ടില്ല. ഞാന്‍ തിരിച്ചും തല്ലിയിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ട അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ ആരും പറയേണ്ടതില്ല, ജനങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫലം വരുമ്പോള്‍ ആളുകള്‍ എന്നെ ചേര്‍ത്തു നിര്‍ത്തുമെന്ന് എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ജയിച്ചാലും ഈ മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സജീവമായി മണ്ഡലത്തില്‍ നിന്നയാളാണ്. അവരുടെ സുഖദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാന്‍ അവിടെ പോയിട്ടുണ്ട്. മരണവീടുകളില്‍ ബന്ധുക്കളെ ആശ്വസിപ്പിച്ച് അനുശോചനം രേഖപ്പെടുത്തുക എന്നത് പൊതുപ്രവര്‍ത്തകന്‍ അടിസ്ഥാനമായി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. പക്ഷേ അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കച്ചവടക്കാരന്റെ മനസ്സുള്ള ആളെന്നും ശവംതീനി എന്നും എന്തെല്ലാം തരത്തിലാണ് നമ്മുടെ എംഎല്‍എ ആക്ഷേപിച്ചിട്ടുള്ളത്. ഞാന്‍ ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. അതിനൊക്കെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. മരണവീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ഞാന്‍ ഇനിയും ആവര്‍ത്തിക്കും.
ഞങ്ങളുടെ മുദ്രാവാക്യം തന്നെ അരികിലുണ്ട് ചാമക്കാല എന്നാണ്. അരികിലോ കയ്യാലപ്പുറത്തോ ഒന്നുമല്ല, ജനങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഇന്നലെ എതിര്‍സ്ഥാനാര്‍ഥി പൊതുയോഗത്തില്‍ പറയുന്നത് കേട്ടു. ജനങ്ങളുടെ ഇടയില്‍ ഇല്ല, വേറെ സ്ഥലങ്ങളിലുണ്ട്. എന്നെകൊണ്ട് അത് പറയിക്കാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പായതുകൊണ്ട് ഞാന്‍ മറ്റൊന്നും പറയുന്നില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ, ജനങ്ങളാണ് യജമാനന്മാര്‍. ഞാന്‍ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്നിട്ടുണ്ട്. ഈ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. അവര്‍ എന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കും, യുഡിഎഫിനോടൊപ്പം ചേര്‍ന്നു നില്‍ക്കും -അദ്ദേഹം പറഞ്ഞു.
