സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്; ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും; രാഷ്ട്രീയ നിലപാട് വിശദീകരിച്ച് ജി സുധാകരന്‍; അമ്പലപ്പുഴയില്‍ അങ്കം മുറുകം
ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ 'മൂന്നാം ഊഴം' എന്ന സ്വപ്നം വെറും വിഫലമാകുമെന്ന് തുറന്നടിച്ച സുധാകരന്‍, ഇത്തവണ കോണ്‍ഗ്രസ് രാഷ്ട്രീയമായി വന്‍ വിജയം നേടുമെന്നും പ്രവചിച്ചു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടിയെയും ഭരണകൂടത്തെയും ഞെട്ടിച്ചുകൊണ്ട് മനസ്സ് തുറന്നത്. ആറു പതിറ്റാണ്ടുകാലം ചുവപ്പന്‍ കൊടിയേന്തിയ കൈകള്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് കൃത്യമായ സൂചന നല്‍കുന്നതാണ് സുധാകരന്റെ വാക്കുകള്‍.
സിപിഎം നേതൃത്വം രാഷ്ട്രീയമായി പാടെ പരാജയപ്പെട്ടുവെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അത്ഭുതകരമായി രാഷ്ട്രീയ വിജയം നേടുകയാണെന്നും സുധാകരന്‍ നിരീക്ഷിക്കുന്നു. 'നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എനിക്ക് സാധിക്കുന്നില്ല' എന്ന സുധാകരന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യം എത്രത്തോളം തകര്‍ന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഷങ്ങളായി താന്‍ നേരിട്ട അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കനലുകള്‍ ആ വാക്കുകളില്‍ ഉടനീളം പുകയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അണിയായും അമരക്കാരനായും പ്രവര്‍ത്തിച്ച തനിക്ക് ഇപ്പോള്‍ സ്വന്തം മണ്ണില്‍ ശ്വാസം മുട്ടുകയാണെന്ന് അദ്ദേഹം പരിതപിക്കുന്നു.
അമ്പലപ്പുഴയിലെ പോരാട്ടത്തില്‍ തനിക്ക് വേണ്ടി ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്നെ ചതിച്ച സ്വന്തം പ്രസ്ഥാനത്തേക്കാള്‍ അന്യമുന്നണിയിലെ പ്രവര്‍ത്തകര്‍ തന്നെ സ്‌നേഹിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സുധാകരന്‍ നന്ദിയോടെ സ്മരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള കടപ്പാട് പരസ്യമായി പ്രഖ്യാപിച്ചതിലൂടെ അമ്പലപ്പുഴയില്‍ പുതിയൊരു രാഷ്ട്രീയ കൂട്ടുകെട്ടിന്റെ വിളംബരമാണ് സുധാകരന്‍ നടത്തിയിരിക്കുന്നത്.
പത്രിക സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ജി. സുധാകരന്റെ ഈ നീക്കം എല്‍ഡിഎഫ് ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കി. പിണറായി വിജയന്റെ തുടര്‍ഭരണ മോഹങ്ങള്‍ക്ക് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ തിരിച്ചടി കിട്ടുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. കെ. സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനാകാന്‍ ഒരുങ്ങുന്നതിനിടെ ആലപ്പുഴയില്‍ ജി. സുധാകരനും പടവാള്‍ ഉയര്‍ത്തുന്നത് കേരളത്തിലെ ഇടത്-വലത് മുന്നണികളെ ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
ജി സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്.
അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്.
അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോള്‍ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
എന്നെ നേരിടുന്ന എല്‍ഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇക്കൂട്ടത്തില്‍ ഇന്നത്തെ യുഡിഎഫില്‍ പെട്ട നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവര്‍ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.
ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ശക്തമായും ആത്മാര്‍ത്ഥമായും എനിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇടതുപക്ഷത്തില്‍ പൊതുവേയും സിപിഎമ്മില്‍ പ്രത്യേകിച്ചും നിരവധി പാര്‍ട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടര്‍മാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നില്‍പ്പുണ്ട്.
ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.
നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എല്‍ഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോള്‍ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂര്‍വ്വമായ നിലപാട് ചരിത്രത്തില്‍ ഒരു രജതരേഖയായി സ്ഥാനം പിടിക്കും.
സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്.
