ബൈഡന്‍ പിന്‍മാറിയപ്പോള്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു; കമലയെ പിന്തുണച്ച നാന്‍സി പെലോസിയെ ഫോണില്‍ വിളിച്ച് തെറിവിളിച്ച് ഒബാമ; ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്ന് നാന്‍സിയുടെ മറുപടിയും; വീണ്ടും മത്സരിക്കുമെന്ന് കമല പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവുന്നത് ഒബാമയുടെ വിയോജിപ്പുകഥ

ബൈഡന്‍ പിന്‍മാറിയപ്പോള്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു

Update: 2025-10-28 07:31 GMT

വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന്റെ പിറ്റേന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണച്ചതില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എ.ബി.സി ന്യൂസിലെ ജോനാഥന്‍ കാള്‍ തന്റെ പുതിയ പുസ്തകത്തിലാണ് ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ നേരത്തേയും പുറത്തു വന്നിരുന്നു എങ്കിലും ഈ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച ിരീകരണം നല്‍കിയിരിക്കുന്നത്.

കമലാ ഹാരീസ് പ്രസിഡന്റാകുന്നത് ഒബാമക്ക് തീരെ താല്‍പ്പര്യമുള്ള കാര്യമായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. കമലാഹാരീസിന് മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഒബാമ പെലോസിയെ ഫോണില്‍ വിളിക്കുകയായിരുന്നു.

പെലോസിയുടെ ഈ തീരുമാനത്തില്‍ സന്തുഷ്ടന്‍ അല്ലാതിരുന്ന ഒബാമ അത്ര സഭ്യമല്ലാത്ത വാക്കുകളാണ് പ്രയോഗിച്ചത്. നിങ്ങള്‍ എന്താണ് ചെയ്തത് എന്നാണ് കലിതുള്ളി ഒബാമ പെലോസിയോട് ചോദിച്ചത്. ഇത് കേട്ട പെലോസി ഒബാമയോട് ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്നാണ് മറുപടി നല്‍കിയത്.

ഒബാമയും പെലോസിയും തമ്മില്‍ പതിവായി ആശയവിനിമയം നടത്തിയിരുന്ന സമയമായിരുന്നു അപ്പോള്‍. കമലാ ഹാരിസിനെ പ്രസിഡന്റ്

സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇഷ്ടമില്ലാതിരുന്ന ഒബാമക്ക് നാന്‍സി പെലോസി ഇത്തരത്തില്‍ പിന്തുണ പ്രഖ്യാപിച്ചത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികളായ ഒബാമയും പെലോസിയും സ്വകാര്യമായി ഇക്കാര്യം അംഗീകരിക്കേണ്ടതില്ല എന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

എന്നാല്‍ പെട്ടെന്ന് നാന്‍സി പെലോസി കമലയെ പിന്തുണച്ചത് ഒബാമയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27-ന് ട്രംപുമായി നടത്തിയ സംവാദത്തില്‍ ജോബൈഡന്‍ കാഴ്ച വെച്ചത് ദയനീയമായ പ്രകടനം ആയിരുന്നു. നാറ്റോ ഉച്ചകോടിയില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ 'പ്രസിഡന്റ് പുടിന്‍' എന്ന് വിളിക്കുകയും ഹാരിസിനെ 'വൈസ് പ്രസിഡന്റ് ട്രംപ്' എന്ന് പരാമര്‍ശിക്കുകയും ചെയ്തു. പിന്നീട് ബൈഡന് കോവിഡ് രോഗബാധയും ഉണ്ടായി. തുടര്‍ന്നാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് കമലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം എടുത്തതും നാന്‍സി പെലോസി ഇതിനെ പിന്തുണച്ചതും. അതേ സമയം കമലക്ക് വിജയിക്കാന്‍ കഴിയില്ല എന്ന കാര്യം ഒബാമക്ക് കൃത്യമായി അറിയാമായിരുന്നു എന്നാണ് അക്കാലത്ത് വൈറ്റ്ഹൗസില്‍ ജോലി ചെയ്തിരുന്ന പലരും വ്യക്തമാക്കിയത്.

Tags:    

Similar News