നൈജറില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കൊടും ക്രൂരത; മാമോദീസ ചടങ്ങിനിടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികര്‍ 22 ഗ്രാമീണരെ വെടിവച്ചു കൊന്നു; സൈനിക സാന്നിധ്യം ഉണ്ടായിട്ടും നൈജറില്‍ ജിഹാദി ഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നു

നൈജറില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കൊടും ക്രൂരത

Update: 2025-09-18 03:46 GMT

നയാമെ: പടിഞ്ഞാറന്‍ നൈജറില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ ആയുധധാരികള്‍ 22 ഗ്രാമീണരെ വെടിവച്ചു കൊന്നു. ഇവരില്‍ ഭൂരിഭാഗവും ഒരു മാമോദീസ ചടങ്ങില്‍ പങ്കെടുത്തവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ സജീവമായ ബുര്‍ക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടന്നത്.

തകൗബട്ട് ഗ്രാമത്തില്‍ നടന്ന മാമോദീസ ചടങ്ങില്‍ ആദ്യം 15 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പിന്നീട് അക്രമികള്‍ തക്കൂബത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പോയി അവിടെ ഏഴ് പേരെയും വധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കൊല്ലപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി ആര്‍ക്കും അറിയില്ല. നൈജീരിയന്‍ മനുഷ്യാവകാശ പ്രചാരകന്‍ മൈകോള്‍ സോഡി സമൂഹ മാധ്യമങ്ങളിലൂടെ ഈ ദാരുണ സംഭവത്തെ അപലപിച്ചു. രണ്ട് വര്‍ഷം മുമ്പ് ഒരു അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നൈജറിന്റെ സൈനിക ഭരണാധികാരികള്‍ക്ക്

വലിയ സൈനിക സാന്നിധ്യം നിലനിര്‍ത്തിയിട്ടും ജിഹാദി ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞയാഴ്ച ഈ മേഖലയില്‍ ഇരുപതോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാരകമായ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നൈജര്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അഞ്ച് ആക്രമണങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തില്ലബെറിയില്‍ 127-ലധികം ഗ്രാമീണരെയാണ് വധിച്ചത്.

അതേസമയം 2024 ഒക്ടോബര്‍ മുതല്‍ നൈജറില്‍ നടന്ന ആക്രമണങ്ങളില്‍ ഏകദേശം 1,800 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവിധ അന്താരാഷ്ട്ര സംഘടനകള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ മുക്കാല്‍ ഭാഗവും നടന്നത് തില്ലബെറിയിലാണ്. നൈജറും അയല്‍ക്കാരായ ബുര്‍ക്കിന ഫാസോയും മാലിയും ജിഹാദിസത്തിനെതിരെ തങ്ങളോടൊപ്പം പോരാടിയ ഫ്രഞ്ച്, അമേരിക്കന്‍ സൈന്യങ്ങളെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും ഭീകര സംഘടനകള്‍ തുടരുന്നത്.

Tags:    

Similar News