പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടെന്ന് വിമര്‍ശനം; ചൈനീസ് പ്രസ്താവനക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും; അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നു
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് പിന്തുണ നല്‍കിയ ചൈനീസ് നിലപാടില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഇക്കാര്യം ഇന്ത്യ ഇന്ന് ഔദ്യോഗികമായി ചൈനയെ അറിയിച്ചേക്കും. ചൈനീസ് നിലപാട് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉടന്‍ നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ ചൈന പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, സംഘര്‍ഷം ലഘൂകരിക്കാന്‍ സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്നും ചൈന വ്യക്തമാക്കി. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്നും ചൈന പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടന്നാല്‍ ചൈന അവര്‍ക്ക് പിന്തുണയുമായി എത്തുമെന്നാണ് ചൈന സൂചിപ്പിക്കുന്നത്. ഭീകരതയെ ചെറുക്കല്‍ എല്ലാ രാജ്യങ്ങളുടെയും പൊതു ഉത്തരവാദിത്തമാണെന്നും ചൈന വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണെന്ന് പാക്കിസ്ഥാന്‍ ചൈനയുമായുള്ള സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാന്‍ റഷ്യയുടെയും ചൈനയുടെയും പിന്തുണയാണ് തേടിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളോടും ഉന്നയിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ത്യയുടെ നീക്കങ്ങള്‍ തടയാന്‍ ഇടപടണമെന്നാണ് പാക്കിസ്താന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെയും ചൈന പിന്തുണച്ചു.
പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് പഹല്‍ഗാമില്‍ ചൊവ്വാഴ്ച നടന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ കൂട്ടാളിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മതം ചോദിച്ച് പുരുഷന്‍മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറാകാതിരുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, നിരപരാധികളെ കൊന്നൊടുക്കിയ കൊടും ക്രൂരതയില്‍ ഇന്ത്യ തെളിവുകള്‍ നിരത്തി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ പാക് പങ്ക് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്വതന്ത്ര അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. അതേസമയം പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ കശ്മീരിലെ സ്വാതന്ത്ര്യ സമര സേനാനികളാകാമെന്നാണ് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ പറഞ്ഞത്. ആണവായുധം ഉപയോഗിക്കുമെന്നും എല്ലാ ആണവായുധങ്ങളും ഇന്ത്യക്കെതിരെ പ്രയോഗിക്കാനാണ് ഉണ്ടാക്കിയതെന്നുമാണ് പാക് മന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചത്.
നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ നടപടി കര്‍ശനമാക്കിയ ഇന്ത്യ സിന്ധ നദീജല കരാറില്‍ നിന്ന് പിന്‍മാറിയത് മുതല്‍ അണക്കെട്ട് തുറന്ന് വിട്ട് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കിയത് വരെ പാകിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നല്‍കുന്നത്. അതിനിടെയാണ് റഷ്യയും ചൈനയും സ്വതന്ത്ര അന്വേഷണം നടത്താന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടതും ചൈന അതിനെ പിന്തുണച്ചതും.
അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകവേ ചൈന പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇന്നലെ വൈകിട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാ മേധാവി (സിഡിഎസ്) അനില്‍ ചൗഹാനുമായി ചര്‍ച്ച നടത്തി. സിഡിഎസും പ്രതിരോധമന്ത്രിയും ചര്‍ച്ച നടത്തിയ അതേ സമയത്ത് ബിഎസ്എഫ് മേധാവി ദല്‍ജീത്ത് സിങ് ചൗധരി ആഭ്യന്തരമന്ത്രാലയത്തിലെത്തി സെക്രട്ടറി ഗോവിന്ദ് മോഹനെയും കണ്ടിരുന്നു.
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിവയ്പിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. ടുട്മാറി ഗലി, റാംപുര്‍ സെക്ടര്‍ എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നതായി ഇന്ത്യന്‍ കരസേന അറിയിച്ചു. അറബിക്കടലില്‍ നാവികസേന ഇന്നലെ ശക്തിപ്രകടനവും നടത്തി. പടക്കപ്പലുകളില്‍ നിന്ന് ഒന്നിലേറെ ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണു പരീക്ഷിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു. ഭീകരാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചു. ആക്രമണത്തിന് തദ്ദേശീയരായ 15 പേര്‍ സഹായിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.
ഭീകരബന്ധമുള്ള 3 പേരുടെ വീടുകള്‍ കൂടി ഇന്നലെ ജമ്മു കശ്മീരില്‍ ഇടിച്ചുനിരത്തി. അദ്‌നന്‍ ഷാഫി (ഷോപിയാന്‍), അമീര്‍ നസീര്‍ (പുല്‍വാമ), ജമീല്‍ അഹമ്മദ് (ബന്ദിപ്പോര) എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. തിരച്ചിലും പരിശോധനയും തുടരുന്നതിനിടെ കശ്മീരില്‍ കഴിഞ്ഞ ദിവസവും ഭീകരരുടെ ആക്രമണം ഉണ്ടായി. കുപ്‌വാര ജില്ലയിലെ കാന്‍ഡി ഖാസില്‍ ശനിയാഴ്ച അര്‍ധരാത്രി വീട്ടില്‍ കയറി സാമൂഹിക പ്രവര്‍ത്തകനായ ഗുലാം റസൂല്‍ മാഗ്‌റേയെ (45) ഭീകരര്‍ വെടിവച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം.