കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്‍
കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍
ബാക്കു: കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങളെ നേരിടാന്‍ ദുര്‍ബല രാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടിന് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി. കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രതിസന്ധികള്‍ തടയുന്നതിനും നേരിടാന്‍ തയ്യാറെടുക്കുന്നതിനും വികസ്വര രാജ്യങ്ങള്‍ക്ക് 300 ബില്യണ്‍ ഡോളര്‍ (30000കോടി ഡോളര്‍) നല്‍കുമെന്ന് സമ്പന്ന രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തു.
അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 'കോപ് 29'ലെ അന്തിമവട്ട ചര്‍ച്ചകള്‍ പ്രശ്‌നകലുഷിതമായതിനെ തുടര്‍ന്ന് 33 മണിക്കൂര്‍ വൈകിയാണ് കരാറില്‍ തീരുമാനമായത്. അതേസമയം തുക വളരെ ചെറുതാണെന്ന് പറഞ്ഞ് വികസ്വര രാജ്യങ്ങള്‍ പ്രതിഷേധമുയര്‍ത്തി. 'ഇതൊരു ദുഷ്‌കരമായ യാത്രയായിരുന്നു. പക്ഷേ, ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കി'യെന്നായിരുന്നു യു.എന്‍ കാലാവസ്ഥാ സംഘടനയുടെ തലവന്‍ സൈമണ്‍ സ്റ്റീലിന്റെ വാക്കുകള്‍. അതേസമയം, ഫോസില്‍ ഇന്ധന ഉപയോഗത്തില്‍നിന്ന് വ്യതിചലിക്കുന്നതിന് രാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം പാസാക്കിയ ഉടമ്പടിക്കുമേലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. 2025ലെ അടുത്ത കാലാവസ്ഥാ സമ്മേളന ചര്‍ച്ച വരെ ആ തീരുമാനം മാറ്റിവെച്ചു.
ഏറെ നാടകീയമായി സംഭവങ്ങളാണ് ശനിയാഴ്ച സമ്മേളനത്തില്‍ നടന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായ വികസ്വര രാജ്യങ്ങള്‍, പ്രത്യേകിച്ച് ദുര്‍ബല രാജ്യങ്ങള്‍ ഉച്ചതിരിഞ്ഞ് ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി. 'നമ്മുടെ ദ്വീപുകള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വെറുതെ പറയുന്നതല്ല! ഇവിടെ നിന്നുള്ള മോശമായ ഇടപാടുമായി ഞങ്ങളുടെ രാജ്യങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും അടുത്തേക്ക് ഞങ്ങള്‍ തിരിച്ചുപോകുമെന്ന് നിങ്ങള്‍ കരുതുന്നണ്ടോ' -അലയന്‍സ് ഓഫ് സ്‌മോള്‍ ഐലന്‍ഡ് സ്റ്റേറ്റ്‌സിന്റെ അധ്യക്ഷന്‍ സെഡ്രിക് ഷസ്റ്റര്‍ പറഞ്ഞു.
ഒടുവില്‍ ചെറിയ മാറ്റത്തിരുത്തലുകളോടെ കരാര്‍ പാസായി. എല്ലാവരും ആഹ്‌ളാദത്തോടെയും കരഘോഷത്തോടെയും എതിരേറ്റെങ്കിലും ഇന്ത്യന്‍ പ്രതിനിധിയുടെ രോഷം നിറഞ്ഞ പ്രസംഗം കരാറിലെ കടുത്ത നിരാശയെ പ്രതിഫലിപ്പിച്ചു. തുക വളരെ ചെറുതാണെന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ പ്രതിനിധി ലീലാ നന്ദന്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ നിര്‍ദിഷ്ട ലക്ഷ്യത്തിലൂടെ ഞങ്ങള്‍ക്ക് ഒന്നും പരിഹരിക്കാനാവില്ലെന്നും പറഞ്ഞു.
ചരിത്രപരമായി കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നല്‍കിയിട്ടുള്ളവരാണ് ദരിദ്ര രാജ്യങ്ങള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന് നിലവില്‍ ലഭ്യമായ ഫണ്ടിന്റെ 40ശതമാനം മാത്രമേ അവര്‍ക്കായി ചെലവഴിച്ചിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്ത സഹായ ഫണ്ടും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം തടയാന്‍ സഹായിക്കുന്നതിന് 2035 ഓടെ 1.3 ട്രില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് രാജ്യങ്ങള്‍ സമ്മതിച്ചു.
പുതുതായി വാഗ്ദാനം ചെയ്ത പണം സര്‍ക്കാര്‍ ഗ്രാന്റുകളില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നും ബാങ്കുകളില്‍ നിന്നും ബിസിനസുകളില്‍ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഫോസില്‍ ഇന്ധന ശേഷിയിനിന്ന് മാറി പുനഃരുപയോഗ ഊര്‍ജം ഉപയോഗിക്കുന്നതിന് രാജ്യങ്ങളെ സഹായിക്കുകയും വേണം. ഈ വര്‍ഷം രേഖപ്പെടുത്തിയതില്‍വെച്ച് ഏറ്റവും ചൂടേറിയതായിരുന്നു. തീവ്രമായ ഉഷ്ണതരംഗങ്ങളും മാരകമായ കൊടുങ്കാറ്റുകളും ഉണ്ടായി.
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പിലൂന്നിയാണ് ഇത്തവണത്തെ കാലാവസ്ഥാ ചര്‍ച്ചകളുടെ തുടക്കം കുറിച്ചത്. കാലാവസ്ഥാ വ്യതിയാനം കെട്ടുകഥയാണെന്ന് തള്ളിയ ട്രംപ്, ഇതിനെ നേരിടാന്‍ 2015ല്‍ യു.എന്‍ തയ്യാറാക്കിയ റോഡ് മാപ്പായ പാരീസ് ഉടമ്പടിയില്‍നിന്ന് യു.എസിനെ പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. 'ട്രംപ് ഒരു ചില്ലിക്കാശും നല്‍കില്ലെന്നും ആ കുറവ് നികത്തേണ്ടിവരുമെന്നും മറ്റ് വികസിത രാജ്യ ദാതാക്കള്‍ക്ക് നന്നായി അറിയാം'-കേംബ്രിഡ്ജ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര കാലാവസ്ഥാ ചര്‍ച്ചകളില്‍ വിദഗ്ദനായ പ്രഫ. ജോവാന ഡിപ്ലെഡ്ജ് പ്രതികരിച്ചു.
ഈ കരാറിലെത്തിയത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ ഒരു പങ്കും വഹിക്കാന്‍ സാധ്യതയില്ല. ഇഛജ29 ലെ നീണ്ടുനിന്ന 'അവസാന കളി' കഠിനമായ ഭൗമരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നു. ദാതാക്കളുടെ രാജ്യങ്ങളും ലോകത്തിലെ ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളും തമ്മിലുള്ള വികലമായ ഒത്തുതീര്‍പ്പാണ് ഫലം -ഏഷ്യാ സൊസൈറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ലി ഷുവോ പറഞ്ഞു.
കൂടുതല്‍ കാലാവസ്ഥാ ധനസഹായം കൊണ്ടുവരാനുള്ള പുതിയ കരാറില്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമല്ലെന്നും എന്നാല്‍ ഇത് മറ്റ് വിപണികളില്‍ നിക്ഷേപിക്കാനുള്ള ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് 'വലിയ അവസരമാണെന്നും' യു.കെ എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് ഊന്നിപ്പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ഉപയോഗം കുറക്കുന്നതിനോടുള്ള പ്രതികരണങ്ങള്‍ വളരെ ദുര്‍ബലമാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്, മാലിദ്വീപ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന ഉച്ചകോടിയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ശക്തമാകുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എണ്ണ, വാതക കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഇതിന്റെ ചര്‍ച്ചാപുരോഗതി തടയാന്‍ ചര്‍ച്ചകളില്‍ ശക്തമായ പോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ട് വന്നു.
സ്വന്തം രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതികളുമായി നിരവധി രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ലോക വേദിയില്‍ കാലാവസ്ഥാ നേതൃത്വത്തിനായി ഒരു തിരക്കഥ തയ്യാറാക്കുകയും 2035 ഓടെ രാജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം 81ശതമാനം ആയി കുറക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. കാലാവസ്ഥാ ചര്‍ച്ചകളുടെ ഒരു വിവാദ വേദിയായി മാറിയ ആതിഥേയ രാഷ്ട്രമായ അസര്‍ബൈജാന്‍ അടുത്ത ദശകത്തില്‍ പ്രകൃതി വാതക ഉല്‍പാദനം മൂന്നിലൊന്നായി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു.