'നിങ്ങള്‍ പരാമര്‍ശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്; നിങ്ങള്‍ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല; നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും, പലതും സംഭവിക്കും; ഖമോഷിയെ കൊന്നത് സൗദിയല്ല; എബിസി റിപ്പോര്‍ട്ടറെ ശകാരിച്ച് ട്രംപ്; എല്ലാം കേട്ട് സൗദി കിരീടാവകാശി; ചര്‍ച്ചയാകുന്നത് മേരി ബ്രൂസിന്റെ ധീരത

Update: 2025-11-19 00:51 GMT

വാഷിങ്ടണ്‍: 'വാഷിങ്ടണ്‍ പോസ്റ്റ്' കോളമിസ്റ്റ് ജമാല്‍ ഖഷോഗി കൊലപാതകത്തില്‍ സൗദിയ്ക്ക് പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കൊലയില്‍ ആരോപണവിധേയനായ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധിച്ചും ട്രംപ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം ഓവല്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.

2018ല്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന്റെപേരില്‍ ഇരുരാജ്യവും തമ്മില്‍ പിരിമുറുക്കമുണ്ടായശേഷം ഇപ്പോഴാണ് സൗദി രാജകുമാരന്‍ യുഎസിലെത്തുന്നത്. കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കാമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെ തള്ളിക്കൊണ്ടാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജമാല്‍ ഖഷോഗി വിവാദ പുരുഷനാണെന്നും ട്രംപ് പറഞ്ഞു. തന്റെ സന്ദര്‍ശകനെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഷയം ഉന്നയിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. 'നിങ്ങള്‍ പരാമര്‍ശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. നിങ്ങള്‍ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും, പലതും സംഭവിക്കും' ട്രംപ് പറഞ്ഞു.

സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു, 'അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് അത് അവിടെ നിര്‍ത്താം.' ചോദ്യമുയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകയെ ട്രംപ് ശകാരിക്കുകയും ചെയ്തു. എബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ മേരി ബ്രൂസിനെ രൂക്ഷമായി വിമര്‍ശിക്കുകയും നെറ്റ് വര്‍ക്കിന്റെ പ്രക്ഷേപണ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ നാടകയീ രംഗങ്ങള്‍. ട്രംപിന്റെ ശകാരവും പരിഹാസവുമൊന്നും വകയവക്കാതെ ചോദ്യങ്ങളുമായി മേരി ബ്രൂസ് മുമ്പോട്ട് പോയി. ധീരമായാണ് അവര്‍ ചോദ്യങ്ങളുയര്‍ത്തിയത്. ഇത് ട്രംപിനെ ചൊടിപ്പിച്ചുവെന്നതാണ് വസ്തുത. ഇതോടെ ബ്രൂസ് താരമായി മാറുകയാണ്.

തന്റെ കുടുംബത്തിന്റെ സൗദി അറേബ്യയിലെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തെക്കുറിച്ചും മേരി ബ്രൂസ് മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ട്രംപിന്റെ ഈ നടപടി. ഈ സംഭവം മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എബിസി ന്യൂസിന്റെ ചീഫ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ മേരി ബ്രൂസ്, പ്രസിഡന്റ് ട്രംപിനോട് താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ കുടുംബം സൗദി അറേബ്യയില്‍ ബിസിനസ് നടത്തുന്നത് ഉചിതമാണോ എന്ന് നേരിട്ട് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതിന് മുമ്പായി, അവര്‍ സൗദി കിരീടാവകാശിയോട് തിരിഞ്ഞ്, 'യുവരാജാവേ, ഒരു മാധ്യമപ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകം താങ്കള്‍ ആസൂത്രണം ചെയ്തുവെന്ന് യു.എസ്. ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. താങ്കള്‍ ഇവിടെ ഓവല്‍ ഓഫീസിലെത്തുന്നതില്‍ 9/11 ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ അതീവ രോഷാകുലരാണ്. എന്തുകൊണ്ട് അമേരിക്കക്കാര്‍ താങ്കളെ വിശ്വസിക്കണം?' എന്ന് ചോദിച്ചു. തുടര്‍ന്ന്, 'അതേ ചോദ്യം താങ്കളോടും, മിസ്റ്റര്‍ പ്രസിഡന്റ്,' എന്ന് ട്രംപിനോടുമുള്ള ചോദ്യം അവര്‍ ആവര്‍ത്തിച്ചു.

ഈ ചോദ്യങ്ങളില്‍ പ്രകോപിതനായ ട്രംപ്, മേരി ബ്രൂസ് ഏത് സ്ഥാപനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരാഞ്ഞു. പിന്നാലെ, എബിസി ന്യൂസിനെ 'വ്യാജ വാര്‍ത്ത' എന്ന് വിശേഷിപ്പിക്കുകയും മേരി ബ്രൂസിനെ ഒരു 'മോശം റിപ്പോര്‍ട്ടര്‍' എന്ന് വിളിക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ സൗദി അറേബ്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ ട്രംപ് ശക്തമായി ന്യായീകരിക്കുകയും ചെയ്തു.ഒരു പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുകയും ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ മാധ്യമങ്ങളോടുള്ള സമീപനത്തെയും ജനാധിപത്യത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും വിലയിരുത്തലുണ്ട്..

സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. ഇസ്രായേലിന് നല്‍കിയതിന് 'ഏതാണ്ട് സമാനമായ' വിമാനങ്ങളായിരിക്കും ഇവയെന്നും അദ്ദേഹം പറഞ്ഞു. 48 എഫ്-35 ജെറ്റുകളാണ് സൗദി യുഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചാം തലമുറയില്‍പ്പെട്ട ഈ വിമാനങ്ങള്‍ സൗദിക്ക് ലഭിക്കുമ്പോള്‍ ഇസ്രായേലിന്റെ സൈനിക മുന്‍തൂക്കം എങ്ങനെ നിലനിര്‍ത്തുമെന്ന് ട്രംപിനോട് ചോദ്യമുയര്‍ന്നു. ഇരു രാജ്യങ്ങളും അമേരിക്കയുടെ അടുത്ത പങ്കാളികളായി തുടരുമെന്ന് ട്രംപ് മറുപടി നല്‍കി. ഇക്കാര്യത്തില്‍ ഇസ്രയേലിന് എതിര്‍പ്പില്ലെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.

സൗദിയുമായും യുഎഇയുമായും ചൈനയ്ക്ക് അടുത്തബന്ധമുള്ളതിനാല്‍ എഫ്-35 സാങ്കേതികവിദ്യ അവരില്‍നിന്ന് ചൈന ചോര്‍ത്തിയെടുക്കുമോയെന്ന ആശങ്ക നേരത്തെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍തന്നെ ഉന്നയിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Similar News