ഇനി ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം! മനസമാധാനം എന്തെന്ന് അറിഞ്ഞിട്ട് ആഴ്ചകളായി; മിന്നൽ വേഗതയിൽ കുതിച്ചെത്തി അടിക്കുന്ന മിസൈലുകൾക്ക് മുൻപിൽ പതറി ജനങ്ങൾ; ഡൗൺ ടൗൺ സിറ്റികളിൽ അടക്കം നടക്കുന്നത് ഇതുവരെയും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ; എല്ലാം മടുത്ത് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി സൗദി; രണ്ടുംകല്പിച്ച് സൈന്യം തിരിച്ചടിക്കുമോ?

Update: 2026-03-19 07:33 GMT

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തി. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന പ്രകോപനങ്ങൾ തുടർന്നാൽ മാരകമായ സൈനിക തിരിച്ചടി നൽകാൻ സൗദി മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.

റിയാദിൽ ചേർന്ന അറബ്-ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൗദിയുടെ നിലപാട് അദ്ദേഹം കടുപ്പിച്ചത്. "സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ട്, അത് അനന്തമല്ല. അത് ഒരു ദിവസമോ ഒരാഴ്ചയോ നീണ്ടുനിന്നേക്കാം, എന്നാൽ ആക്രമണങ്ങൾ തുടർന്നാൽ സൈനിക നടപടി ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും ഞങ്ങളുടെ മുന്നിലുണ്ട്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെ കെട്ടിപ്പടുത്ത നേരിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും, ആക്രമണങ്ങൾ തുടരുന്നത് നയതന്ത്ര ചർച്ചകളുടെ വാതിലുകൾ എന്നെന്നേക്കുമായി അടയ്ക്കാൻ കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28 മുതൽ സൗദി അറേബ്യയെ കൂടാതെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടും ഇറാൻ തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തകർത്തു. ഇവയുടെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുഭാഗത്തുള്ള റിഫൈനറിക്ക് സമീപമാണ് വീണത്.

ആക്രമണത്തെത്തുടർന്ന് റിയാദിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ 457 ഡ്രോണുകളും 40 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും തകർത്ത് സൗദി പ്രതിരോധ സേന തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്.

ലബനോനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർത്ഥികളാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ഹിസ്ബുള്ളയ്ക്ക് ഇറാൻ നൽകുന്ന പിന്തുണയാണ് മേഖലയിലെ പ്രതിസന്ധി ഇത്രത്തോളം വഷളാക്കുന്നതെന്ന് സൗദി നിരീക്ഷിക്കുന്നു. സമാധാനപരമായ സഹവർത്തിത്വമാണ് തങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും സൈനികമായി നേരിടാൻ സൗദിക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇറാന്റെ തിരിച്ചടി ശക്തമാകുന്നു. ഗള്‍ഫിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വ്യോമാക്രമണം. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ, പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് പോകുമെന്ന സൂചനകളാണ് ഈ ആക്രമണങ്ങള്‍ നല്‍കുന്നത്.

മേഖലയില്‍ സമ്പൂര്‍ണ സാമ്പത്തിക യുദ്ധത്തിന് തയ്യാറാണെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില അഞ്ച് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 109 ഡോളറിന് മുകളിലെത്തി. ആക്രമണം നേരിട്ട ഊര്‍ജ കേന്ദ്രങ്ങളില്‍ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

ഖത്തറിലെ റാസ് ലഫാനില്‍ ആളപായമില്ലെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. നേരത്തെ, ഇറാന്റെ ദക്ഷിണ പാഴ്‌സ് വാതക പാടത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടത്. ഇസ്രായേലിന്റെ ഈ നടപടിയെ ഖത്തര്‍ നിശിതമായി അപലപിച്ചിരുന്നു.

Tags:    

Similar News