റിഫോം യുകെ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ നിയമപരമായി യുകെയില്‍ എത്തി സെറ്റില്‍ ചെയ്തവരും കുടുങ്ങും; പിആര്‍ നിര്‍ത്തുകയും ഉള്ളത് റദ്ദ് ചെയ്യുകയും ചെയ്യുന്നതിന് പുറമെ എന്‍എച്ച്എസ് സര്‍ചാര്‍ജ് മൂന്നിരട്ടിയാക്കും; യൂറോപ്യന്‍ പൗരന്മാര്‍ക്കും ബെനിഫിറ്റ് ലഭിക്കില്ല
റിഫോം യുകെ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ നിയമപരമായി യുകെയില്‍ എത്തി സെറ്റില്‍ ചെയ്തവരും കുടുങ്ങും
ലണ്ടന്‍: റിഫോം യു കെ അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് നിര്‍ത്തലാക്കും. ബ്രെക്സിറ്റ് വാണിജ്യ കരാറിന്റെ ഭാഗമായുള്ള ഈ കരാര്‍ ലംഘിക്കുന്നത് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കിയേക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.എന്നാല്‍, ഇത് ഉള്‍പ്പടെയുള്ള തങ്ങളുടെ വിവിധ നടപടികള്‍ ഖജനാവിലേക്ക് പ്രതിവര്‍ഷം 25 ബില്യന്‍ പൗണ്ട് വരെ ലാഭമുണ്ടാക്കും എന്നാണ് നെയ്ജല്‍ ഫരാജ് അവകാശപ്പെടുന്നത്. അടുത്ത ആഴ്ചത്തെ ബജറ്റില്‍ റെയ്ച്ചല്‍ റീവ്‌സ് അഭിമുഖീകരിക്കുന്ന ധനക്കമ്മി നികത്താന്‍ ഇത് ധാരാളമാകും.
ഖജനാവിലെ പണം കാത്തു സൂക്ഷിക്കുന്നതിനുള്ള മറ്റു നടപടികളില്‍ പ്രധാനപ്പെട്ടത് വിദേശ രാജ്യങ്ങള്‍ക്കായുള്ള ധനസഹായം വെട്ടിച്ചുരുക്കുക എന്നതാണ്. വിദേശ ധനസഹായം പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ട് ആയി വെട്ടിച്ചുരുക്കും. നിലവില്‍ ദേശീയ വരുമാനത്തിന്റെ 0.3 ശതമാനമാണ് ഇതിനായി ചെലവഴിക്കുന്നത്. റിഫോം അവകാശപ്പെടുന്ന തലത്തിലേക്ക് വെട്ടിക്കുറച്ചാല്‍, ബ്രിട്ടന്‍ നല്‍കുന്ന വിദേശ സഹായത്തില്‍ 90 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. അതുപോലെ യു കെയില്‍ താമസിക്കാത്തവര്‍ നല്‍കേണ്ട എന്‍ എച്ച് എസ് സര്‍ച്ചാര്‍ജ്ജ് മൂന്നിരട്ടിയോളമാക്കി വര്‍ദ്ധിപ്പിക്കും
ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്തവരേക്കാള്‍ കൂടുതല്‍ പ്രാധാന്യവും പരിഗണനയും ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നല്‍കുന്ന പദ്ധതികാളാണ് ഫരാജിന്റെ മനസ്സിലുള്ളത്. എന്നാല്‍, ബ്രെക്സിറ്റാനന്തര കരാറിലെ ചില വ്യവസ്ഥകള്‍ നീക്കുന്നതിനെതിരെ യൂറോപ്യന്‍ യൂണിയനും സമാനമായ രീതിയില്‍ പ്രതികരിച്ചാല്‍ അത് ബ്രിട്ടീഷ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക കാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, അധികാരത്തിലേറിയാല്‍ മൂന്ന് മാസത്തെ നോട്ടീസ് നല്‍കി യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ അടക്കം എല്ലാ വിദേശ പൗരന്മാര്‍ക്കും യൂണിവേഴ്സല്‍ ക്രെഡിറ്റ് നിഷേധിക്കും എന്ന് തന്നെയാണ് റിഫോം യു കെ ഉറപ്പിച്ച് പറയുന്നത്.
ഇതുവഴി പ്രതിവര്‍ഷം 6 ബില്യന്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ബ്രെക്സിറ്റ് കരാറിന്റെ ഭാഗമായി, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും, യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ നിന്നുള്ളവര്‍ക്കും, സ്വിസ്സ് പൗരന്മാര്‍ക്കും ബ്രിട്ടനില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം. ഇത്തരത്തില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് പൊതു സേവനങ്ങളും ചില ആനുകൂല്യങ്ങളും ലഭ്യമാകും.എന്നാല്‍, ഇത് ഏകപക്ഷീയമായ ഒരു കരാറാണെന്നാണ് റിഫോം യു കെ ആരോപിക്കുന്നത്. എന്നാല്‍, യൂണിയനുമായി മതിയായ ചര്‍ച്ചകളില്ലാതെ ഇവ എടുത്തുകളഞ്ഞാല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നേരെയും സമാനമായ നടപടികള്‍ ഉണ്ടായേക്കാം. ഒരുപക്ഷെ ചില വ്യാപാര കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും ഉണ്ടായേക്കാം
അതുപോലെ എല്ലാ വിദേശ ക്രിമിനലുകളെയും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുക വഴി പ്രതിവര്‍ഷം 580 മില്യന്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നും റിഫോം യു കെ അവകാശപ്പെടുന്നു. ലേബര്‍ പാര്‍ട്ടിക്ക് മുന്നില്‍ രണ്ട് വഴികളാണ് ഉള്ളതെന്ന് ഈ പദ്ധതികള്‍ പുറത്തു വിട്ടുകൊണ്ട് റിഫോം യു കെയുടെ നയരൂപീകരണ സമിതി തലവന്‍ സിയ യൂസഫ് പറയുന്നു. ഒന്നുകില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മേല്‍ നികുതിഭാരം വര്‍ദ്ധിപ്പിച്ച് ഖജനാവിലേക്ക് മുതല്‍ക്കൂട്ടാം. അല്ലെങ്കില്‍, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കി, നിലവിലുള്ള ധനക്കമ്മി വഹിക്കാന്‍ വിദേശ പൗരന്മാരെ നിര്‍ബന്ധിതരാക്കാം. ഇതില്‍ ഏതാണ് ലേബര്‍ തിരഞ്ഞെടുക്കുന്നതെന്ന് ഉടനെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
