'ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്, മുന്‍കൂട്ടി നിശ്ചയിച്ച് ശിക്ഷിച്ചു; നിയമപരമായ നീതിന്യായ പ്രക്രിയയല്ല നടന്നത്; വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുന്നു; ഷെയ്ഖ് ഹസീനയുടെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് മകന്‍ സജീബ് വസീദ്

'ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്

Update: 2025-11-19 07:42 GMT

ലണ്ടന്‍: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വധശിക്ഷക്കെതിരെ മകന്‍. വിധി രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കലും വേട്ടയാടലുമാണ്. നിയമപരമായ നീതിന്യായ പ്രക്രിയയല്ല ഇവിടെ നടന്നതെന്നും മകന്‍ സജീബ് വസീദ് കുറ്റപ്പെടുത്തി. 2024 ലെ ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൂട്ടക്കൊലകള്‍ തടയുന്നതില്‍ പരാജയപ്പെട്ടു, പ്രകോപനം, മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടു എന്നീ കുറ്റങ്ങള്‍ക്കാണ് ഹസീനയെ ശിക്ഷിച്ച ട്രിബ്യൂണല്‍ ശിക്ഷിച്ചത്. മനുഷ്യത്വത്തിനെതിരായ വിധി എന്നാണ് ഇതിനെ സജീബ് വസീദ് വിശേഷിപ്പിച്ചത്. വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുകയായിരുന്നുവെന്നും എന്നും വാസീദ് പറഞ്ഞു.

വിചാരണയില്‍ വലിയ പിഴവുകളാണ് ഉണ്ടായതെന്നത് വ്യക്താണ്. വധശിക്ഷ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. വിചാരണകള്‍ തിടുക്കത്തില്‍ വെറും 100140 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെടാത്ത, ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സര്‍ക്കാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. പാര്‍ലമെന്റില്ലാതെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു. മാതാവിന് സ്വന്തം അഭിഭാഷകരെ തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഈ വിധി അവരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നീതിയെ പൂര്‍ണമായും പരിഹസിക്കുകയായിരുന്നു ഈ വിധിയിലൂടെ എന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ കുറ്റത്തിനാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനക്ക് തിങ്കളാഴ്ചയാണ് ട്രൈബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചത്. വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതിലൂടെ ഹസീന മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. ഹസീനക്കൊപ്പം മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം, മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചുവര്‍ഷം തടവാണ് ലഭിച്ചത്. കുറ്റം സമ്മതിച്ചതിനും അന്വേഷണ സംഘവുമായി സഹകരിച്ചതിനുമാണ് ഈ ശിക്ഷായിളവ്.

കലാപത്തിന് പ്രേരിപ്പിച്ചു, പ്രക്ഷോഭകാരികളെ കൊല്ലാന്‍ ഉത്തരവിട്ടു, കൂട്ടക്കൊല തടയാന്‍ ശ്രമിച്ചില്ല എന്നീ മൂന്നുകുറ്റങ്ങളാണ് ഹസീനക്കെതിരെ പ്രധാനമായും ചുമത്തിയത്. ഹസീനക്ക് ആദ്യം ജീവപര്യന്തം തടവു ശിക്ഷ നല്‍കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ മറ്റുകുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജീവപര്യന്തം തടവ് വധശിക്ഷയാക്കുകയായിരുന്നു.

എന്നാല്‍ വധശിക്ഷ വിധിച്ചിട്ടും തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശൈഖ് ഹസീന നിഷേധിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും കെട്ടിച്ചമച്ചതുമായ കംഗാരുകോടതിയുടെ വിധിയാണിതെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ആവശ്യം തള്ളുകയും ചെയ്തു.

Tags:    

Similar News