ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്; ആരും നിയമത്തിനു മുകളിലല്ലെന്ന കുറിപ്പും! ട്രംപിന്റെ 2016ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമെന്ന ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ എ.ഐ വീഡിയോ

ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്

Update: 2025-07-21 05:48 GMT

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എ.ഫ്.ബി.ഐ വിലങ്ങു വെച്ചു കൊണ്ടുപോകുന്ന എ.ഐ വിഡിയോ പങ്കുവെച്ച് ഡൊണള്‍ഡ് ട്രംപ്. ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തോന്നിയതു പോലെ കാര്യങ്ങള്‍ പറയുന്ന ട്രംപിന്റെ എഐ വീഡിയോ സോഷ്യല്‍ മീഡിയക്കും കൗതുകമായി.

പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന് ഒബാമ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ച കമന്റിനു മറുപടിയായാണ് ട്രംപ് എ.ഐ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ട്രംപുമായി സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥര്‍ എത്തി ഒബാമയെ ഇരുകൈകളിലും പിടിച്ച് ബലമായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയിലിലെ സെല്ലില്‍ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ട്രംപിന്റെ 2016 തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായിരുന്നുവെന്ന വ്യാജ ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കുള്ളിലാണ് എ.ഐ വിഡിയോ പുറത്തു വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യയുടെ സ്വാധീനം സ്ഥാപിക്കുന്നതിനായി ഒബാമയുടെ സുരക്ഷാ കാബിനറ്റ് തയാറാക്കിയ 114 പേജുള്ള തിരുത്തലുകള്‍ വരുത്തിയ ഇ മെയിലുകള്‍ കണ്ടെത്തിയതായാണ് ഗബാര്‍ഡ് അവകാശപ്പെട്ടത്.

ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അട്ടമറി നടത്തുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ഗബാര്‍ഡ് എക്‌സില്‍ കുറിച്ചു. എത് അധികാരത്തിലുള്ള ആളാണെങ്കിലും ഈ ഗൂഡാലോചനയിലുള്‍പ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗബാര്‍ഡ് കുറിച്ചു. അന്വേഷണത്തിനായി എല്ലാ രേഖകളും ഡി.ഒ.ജിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. ഗബാര്‍ഡിന്റെ നീക്കത്തെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.


Full View

നിലവില്‍ ട്രംപ് പങ്കുവെച്ച ഒബാമയെ അറസ്റ്റുചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. വരും ദിവസങ്ങളില്‍ ഒബാമയെ അറസ്റ്റു ചെയ്യുമെന്നതിന്റെ മുന്നറിയിപ്പാണോ ഇതെന്ന് സംശയമുയരുന്നുണ്ട്. പലരും ഇത് എ.ഐ ആണെന്ന് തിരിച്ചറിയാതെ പ്രതികരിച്ചു. അതേസമയം ഉറ്റചങ്ങാതി ഇലോണ്‍ മസ്‌ക്ക് ഉടക്കിയതിന്റെ ക്ഷീണത്തിലാണ് ട്രംപ്. എപ്‌സറ്റീന്‍ ഫയലുകള്‍ ചര്‍ച്ചയാകുന്നതാണ് ട്രംപിന് ക്ഷീണം ചെയ്യുന്നത്.

ബാലപീഡകന് അശ്ലീല ഉള്ളടക്കമുള്ള കത്തെഴുതിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച വോള്‍സ്ട്രീറ്റ് ജേണലിനും റുപര്‍ട് മര്‍ഡോക്ക് അടക്കമുള്ള ഉടമകള്‍ക്കുമെതിരെ 1000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ബാലപീഡന കേസുകളില്‍ വിചാരണ നേരിടുന്നതിനിടെ ജയിലില്‍ ജീവനൊടുക്കിയ ജെഫ്രി എപ്‌സ്‌റ്റൈനുമായി ബന്ധപ്പെടുത്തി വന്ന റിപ്പോര്‍ട്ടിനെതിരെയാണ് ട്രംപ് കോടതിയെ സമീപിച്ചത്.

യുഎസ് ശതകോടീശ്വരരായ ജെഫ്രി എപ്‌സ്‌റ്റൈന്‍ 2019 ലാണ് ജീവനൊടുക്കിയത്. എപ്‌സ്‌റ്റൈന് 2003 ല്‍ 50ാം ജന്മദിനത്തിന് കിട്ടിയ കത്തുകളില്‍ ട്രംപിന്റെ പേരിലുള്ള കുറിപ്പും ഉണ്ടായിരുന്നുവെന്നും അതില്‍ അശ്ലീലചിത്രം വരിച്ചിരുന്നുവെന്നുമാണ് വോള്‍സ്ട്രീറ്റ് ജേണലില്‍ വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ട്. പ്രസാധകര്‍ക്കും 2 റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെയാണ് കേസ്.

'വ്യാജവാര്‍ത്ത അച്ചടിക്കുന്ന വൃത്തികെട്ട സാധനത്തിനെതിരെ' ശക്തമായ കേസുകൊടുത്തതായി സമൂഹമാധ്യമത്തിലൂടെ ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. 'മര്‍ഡോക്ക് സാക്ഷിയായി ഹാജരാകുന്ന സന്ദര്‍ഭത്തിന് കാത്തിരിക്കുകയാണ്, അതു രസകരമായ അനുഭവമായിരിക്കും' എന്നും ട്രംപ് കുറിച്ചു. അതേസമയം, റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി സ്ഥാപനം വ്യക്തമാക്കി.

Tags:    

Similar News