അതുകൊണ്ടരിശം തീരാത്തവനാ...! യുഎസിന്റെ തീരുവ യുദ്ധത്തിന് മോദി പുല്ലുവില കല്‍പ്പിച്ചും ചൈനീസ് റഷ്യന്‍ ബന്ധം ഊഷ്മളമാക്കിയതോടെ കലിയിളകി ട്രംപ്; മരുന്നുകള്‍ക്കും ട്രംപിന്റെ തീരുവ ഭീഷണി; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനം തീരുവയെന്ന ഭീഷണിയില്‍ ആശങ്കയിലായത് അമേരിക്കക്കാര്‍
അതുകൊണ്ടരിശം തീരാത്തവനാ...!
വാഷിങ്ടന്‍: ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിട്ടുണ്ട്. തങ്ങളുടെ വരുതിയില്‍ ഇന്ത്യ വരുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ട്രംപ് വളരെ കലിപ്പിലാണ്. ഇതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യ ചൈനയുമായി റഷ്യയുമായി ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയതും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധം ദുരന്തമായിരുന്നു എന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയെ സാരമായി ബാധിക്കുന്ന മറ്റൊരു തീരുമാനം എടുക്കുമെന്ന ഭീഷണി മുഴക്കിയിരിക്കയാണ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് കനത്ത തീരുവ ഏര്‍പ്പെടുത്താനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. വ്യാപാരയുദ്ധത്തില്‍ ഇതുവരെ ഒഴിവാക്കിയിരുന്ന മരുന്നുകളെയാണ് ട്രംപ് നോട്ടമിടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200% വരെ തീരുവ ചുമത്തുമെന്നാണ് ഭീഷണി. പുറംരാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് യുഎസില്‍ നികുതി ഒഴിവാക്കി നില്‍കിയിരുന്നു. എന്നാല്‍, അടുത്തിടെ യൂറോപ്പില്‍ നിന്നുള്ള ചില മരുന്നുകള്‍ക്ക് 15% തീരുവ ചുമത്തിയിട്ടുണ്ട്. ട്രംപിന്‍രെ ഈ തീരുമാനം തിരിച്ചടിയാകുക അമേരിക്കാര്‍ക്ക് തന്നെയാണ്. മരുന്നുകളുടെ വില റോക്കറ്റ് പോലെ ഉയരാന്‍ സാധ്യത ഒരുക്കുന്നതാണ് ഈ നീക്കം.
ട്രംപിന്റെ പുതിയ നീക്കം വിലക്കയറ്റവും മരുന്ന് ക്ഷാമവും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 25% തീരുവ ചുമത്തിയാല്‍ പോലും യുഎസില്‍ മരുന്ന് വില 1014% വരെ ഉയര്‍ന്നേക്കും. 97% ആന്റിബയോട്ടിക്കുകളും 92% ആന്റിവൈറല്‍ മരുന്നുകളും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. മുഴുവന്‍ നിര്‍മാണ ശൃംഖലയും യുഎസില്‍ സ്ഥാപിക്കുന്നത് ചെലവേറിയതായതിനാലാണ് കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത്.
വന്‍കിട കമ്പനികള്‍ പിടിച്ചുനില്‍ക്കുമെങ്കിലും ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ യുഎസ് വിടാന്‍ ഇതു കാരണമാകും. ഇത് മരുന്നു ക്ഷാമത്തിന് ഇടവരുത്തും. സമൂഹത്തിലെ ദരിദ്രരും പ്രായമേറിയവരും ഇതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. മരുന്നുവില കുറയ്ക്കുമെന്നായിരുന്നു യുഎസ് ജനതയ്ക്ക് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍, പുതിയ നീക്കം തിരിച്ചടിയാകുമെന്നാണ് സൂചന. വര്‍ധിപ്പിച്ച തീരുവ ഒന്നര വര്‍ഷത്തിനു ശേഷം മാത്രമേ പ്രാബല്യത്തില്‍ വരാനിടയുള്ളൂ. കമ്പനികള്‍ക്ക് മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിനു വേണ്ടിയാണിത്.
അതിനിടെ യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏറെ വൈകുന്നുവെന്നും ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമാണ്. ഇന്ത്യ- റഷ്യ- ചൈന ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന. സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
അതേ സമയം, ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്.
വ്‌ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്‌ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിന്‍പിങിന്റെ അടുത്തെത്തി ഹ്രസ്വ ചര്‍ച്ച നടത്തി.
ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കല്‍ കൂടി നേതാക്കള്‍ കണ്ടു. യുക്രെയ്ന്‍ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയില്‍ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും എന്ന സന്ദേശമാണ് പുടിന് മോദി നല്കിയത്.