ബ്രിട്ടനില്‍ ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധ റാലിയുമായി തദ്ദേശീയര്‍; നാട്ടുകാരുടെ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് അടക്കമുള്ള സംഘടനകള്‍; അഭയാര്‍ത്ഥികളെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് പണി വാങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
അഭയാര്‍ത്ഥികളെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് പണി വാങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
എപ്പിംഗ്: എപ്പിംഗില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ച പഞ്ച നക്ഷത്ര ഹോട്ടലിന് മുന്‍പിലായി വീണ്ടും തദ്ദേശവാസികള്‍ പ്രതിഷേധവുമായി തടിച്ചു കൂടി. വിവാദ കേന്ദ്രമായ ബെല്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടിയ പ്രദേശവാസികള്‍, കൈകളില്‍ പ്ലക്കാര്‍ഡുകളുമായി ലോക്കല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തി. അഭയാര്‍ത്ഥികള്‍ക്ക് വസതിയൊരുക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയായിരുന്നു അവിടെ. പ്രതിഷേധം കനത്തതോടെ ബെല്‍ ഹോട്ടലും ഫീനിക്സ് ഹോട്ടലും അടക്കണമെന്ന് എപ്പിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിനോട് ഏകകണ്‌ഠേന പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടയില്‍ മുഖം മൂടരുതെന്ന് നിയമം ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി എസ്സെക്സ് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഇതേ ഹോട്ടലിന് മുന്‍പില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പതിനാറു പേര്‍ അറസ്റ്റിലായിരുന്നു. ബെല്‍ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ഒരു അഭയാര്‍ത്ഥി, രണ്ട് കൗമാരക്കാരികല്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് എതിരെ പ്രതിഷേധം കടുത്തത്.
ഈ വാര്‍ത്ത അതിവേഗം പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എപ്പിംഗ് സാക്ഷിയായി. അവയില്‍ പലതും അക്രമാസക്തമാവുകയും ചെയ്തു. പോലീസ് വാനുകള്‍ക്ക് നേരെയും ഹോട്ടലിന് നേരെയും കല്ലേറും ഉണ്ടായി. അതുകൊണ്ടു തന്നെ ഇന്നലെ നടന്ന പ്രകടനത്തിന് മുന്നോടിയായി വലിയ സംഘം പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
അതേസമയം പുരുഷ അഭയാര്‍ത്ഥികളെ മാത്രം താമസിപ്പിക്കുന്നതിനുള്ള ഇടമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ച നോര്‍ഫോക്കിലെ ഡിസ്സിലുള്ള പാര്‍ക്ക് ഹോട്ടലിനു നേരെയും പ്രതിഷേധം നടന്നിരുന്നു. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുമെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി. നൂറ്റമ്പതോളം പരിസരവാസികള്‍ സമാധാനപൂര്‍ണ്ണമായിരുന്നു തിങ്കളാഴ്ച പ്രതിഷേധം പ്രകടിപ്പിച്ചത്. എന്നാല്‍, തീവ്ര വലതുപക്ഷവാദിയായ് ടോമി റോബിന്‍സണിന്റെ അനുയായികള്‍ കുടിയേറ്റാനുകൂലികളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
നിലവില്‍, അഭയാര്‍ത്ഥി കുടുംബങ്ങളെയാണ് ഈ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്നത്. ഈ നില മാറ്റാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വിയോജിപ്പ് അധികൃതരെ അറിയിച്ചതായി ഹോട്ടല്‍ ഉടമകള്‍ ഡിസ്സ് നിവാസികളോട് പറഞ്ഞു.. മാത്രമല്ല, പ്രതിഷേധം കണക്കിലെടുക്കാതെ, പുരുഷന്മാര്‍ക്ക് മാത്രമായുള്ള താമസ സ്ഥലമാക്കി മാറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് രേഖാമൂലം അറിയിച്ചതായും അവര്‍ പറഞ്ഞു.