ഒടുവില്‍ യുകെ - ഫ്രാന്‍സ് ഇമ്മിഗ്രെഷന്‍ കരാറില്‍ ആദ്യ ആളെ നാട് കടത്തി; എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കയറ്റി വിട്ടത് ഇന്ത്യക്കാരനെ; രണ്ടാമതൊരാള്‍ക്ക് കൂടി കോടതി വിലക്ക്: കള്ള ബോട്ടില്‍ എത്തുന്നവരെ ഫ്രാന്‍സിലേക്ക് നാട് കടത്താനുള്ള നീക്കം കുഴഞ്ഞ് മറിയുന്നു
ഒടുവില്‍ യുകെ - ഫ്രാന്‍സ് ഇമ്മിഗ്രെഷന്‍ കരാറില്‍ ആദ്യ ആളെ നാട് കടത്തി
ലണ്ടന്‍: ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാറിന്റെ ഭാഗമായി ആദ്യ അനധികൃത കുടിയേറ്റക്കാരനെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് നടുകടത്തി. ഇത് വലിയൊരു ശ്രമത്തിന്റെ ആദ്യ പടിയാണെന്നും, ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവര്‍ക്ക് വലിയൊരു സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു. നാടുകടത്തല്‍ റദ്ദാക്കാന്‍ അവസാന നിമിഷം, അഭയാര്‍ത്ഥികള്‍ കോടതികളില്‍ നടത്തുന്ന നിയമനടപടികളെ ശക്തമായി ചെറുക്കുമെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം നാട്ടില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്‍ എക്കാലവും ശ്രമിക്കുമെന്നും എന്നാല്‍, ഇത് സുരക്ഷിതവും നിയമപരവും, അംഗീകൃത വഴികളിലൂടെയും ആയിരിക്കണമെന്നും അവര്‍ പറഞ്ഞു.
ആഗസ്റ്റ് 6 ന് ഫ്രാന്‍സുമായി നിലവില്‍ വന്ന കരാര്‍ അനുസരിച്ച് ആദ്യമായി നാടുകടത്തിയത് ഒരു ഇന്ത്യാക്കാരനെയാണ് എന്നതും ശ്രദ്ധേയമാണ്. ലണ്ടനില്‍ നിന്നും പാരീസിലേക്കുള്ള വിമാനത്തിലാണ് ഇയാളെ നാടുകടത്തിയത്. ഈ കരാര്‍ അനുസരിച്ച് ചെറുയാനങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്നവരെ തിരികെ ഫ്രാന്‍സിലേക്ക് അയയ്ക്കാന്‍ ബ്രിട്ടന് കഴിയും. അതിനു പകരമായി, അംഗീകൃത വഴികളിലൂടെ എത്തുന്ന തുല്യ എണ്ണം അഭയാര്‍ത്ഥികളെ ബ്രിട്ടന്‍ സ്വീകരിക്കണം. ഇപ്പോള്‍ നാടുകടത്തലിനെതിരെ അപ്പീലിന് പോയവര്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍ നല്‍കിയ സമയപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച, ഒരു എരിത്രിയന്‍ പൗരന്റെ നാടുകടത്തല്‍ അപ്പീല്‍ കോടതി തടഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ ആറേകാലിന്റെ വിമാനത്തിലായിരുന്നു ഇയാളെ നാടുകടത്താന്‍ ഇരുന്നത്. 17 വയസ്സ് മാത്രമുള്ള ഒരാളെ നാടുകടത്തുന്നതും കോടതി തടഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായി എന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെടുന്നത്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ അനൂസരിച്ച്, 18 വയസ്സ് തികയാത്തവരെ, അവര്‍ ഒറ്റയ്ക്കാണ് എത്തിയതെങ്കില്‍ നാട് കടത്താന്‍ കഴിയില്ല. പ്രായപൂര്‍ത്തിയാകാത്ത, വണ്‍ ഇന്‍ വണ്‍ ഔട്ട് കരാര്‍ പ്രകാരം നാട് കടത്തുന്നതിനായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റ് ചിലരുടെ കാര്യത്തിലും ഹ്യുമന്‍സ് ഫോര്‍ റൈറ്റ്‌സ് നെറ്റ്വര്‍ക്ക് എന്ന സംഘടന ഇടപെട്ടിട്ടുണ്ട്. ഇവരില്‍ ചിലരെ ഇപ്പോള്‍ തടവില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്.
ഇന്നലെ നാടുകടത്തപ്പെട്ട ഇന്ത്യാക്കാരനും നിയമനടപടികള്‍ക്ക് ഒരുങ്ങിയതായി ദി ടെലെഗ്രാഫ് പറയുന്നു. എന്നാല്‍, അതുകൊണ്ട് നാടുകടത്തല്‍ തടയാനായില്ല. എരിത്രിയ, സുഡാന്‍, സിറീയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുറവ് ആളുകള്‍ മാത്രമാണ് ബ്രിട്ടനില്‍ അഭയം തേടി അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നത്. അഭയം ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണവും തീരെ കുറവാണ്. ഇപ്പോള്‍ നാടുകടത്തപ്പെട്ട ഇന്ത്യാക്കാരനെ കഴിഞ്ഞ മാസമായിരുന്നു ബോര്‍ഡര്‍ ഫോഴ്സ് പിടികൂടിയത്.
ഫ്രാന്‍സിലെത്തിയ ഇയാള്‍ക്ക് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഇയാളുടെ വിമാന ടിക്കറ്റ് ഫ്രഞ്ച് സര്‍ക്കാര്‍ വഹിക്കും. മാത്രമല്ല, 2,500 യൂറോയുടെ സാമ്പത്തിക സഹായവും നല്‍കും. തിരികെ പോകാന്‍ ഇയാള്‍ തയ്യാറായില്ലെങ്കില്‍ പിന്നെ ബലം പ്രയോഗിച്ച് ഫ്രാന്‍സില്‍ നിന്നും നാടുകടത്തുമെന്നും ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 9,909 പേരാണ് അനധികൃതമായി ബ്രിട്ടനിലെത്തിയത് എന്ന് ചൂണ്ടിക്കാണിച്ച ഷാഡോ ഹോം സെക്രട്ടറി, ഇതുവരെ ഒരാളെ മാത്രമാണ് തിരികെ അയയ്ക്കാനായത് എന്നും പറഞ്ഞു. ലേബര്‍ സര്‍ക്കാരിന്റേത് വെറും വാചകമടി മാത്രമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.