അനധികൃതമായി താമസിക്കുന്ന എല്ലാവര്ക്കും സെറ്റില്‍മെന്റ് സ്റ്റാറ്റസ് നല്‍കും; നിയമവിരുദ്ധമായി എത്തിയാല്‍ ഉടന്‍ വര്‍ക്ക് പെര്‍മിറ്റ്; സൗജന്യ ചികിത്സ; ജോലി ചെയ്തില്ലെങ്കിലും ശമ്പളം: ബ്രിട്ടനില്‍ അധികാരം പിടിച്ചാല്‍ ഗ്രീന്‍ പാര്‍ട്ടി മുന്‍പോട്ട് വയ്ക്കുന്ന കുടിയേറ്റ നയങ്ങള്‍ ഇവ
ലണ്ടന്‍: ചെറുയാനങ്ങളില്‍, ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത അഭയാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാര്‍പ്പിടം നല്‍കുകയും, ജോലിയില്ലെങ്കില്‍ കൂടി വേതനം ഉറപ്പാക്കുകയും ചെയ്യുമെന്ന് ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയത്തില്‍ പറയുന്നു. മാത്രമല്ല, അതിരുകളില്ലാത്ത ലോകം സ്വപ്നം കാണുന്ന ഗ്രീന്‍സ് അവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ ജോലി ചെയ്യുന്നതിനുള്ള അവകാശം നല്‍കുകയും ചെയ്യും. ഇതുകൊണ്ടും തീരുന്നില്ല ഗ്രീന്‍സ് സ്വപ്നം കാണുന്ന കിനാശ്ശേരിയിലെ വിശേഷങ്ങള്‍. അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ കാലുകുത്തുന്ന നിമിഷം മുതല്‍ അവര്‍ക്ക് എന്‍ എച്ച് എസ് സേവനങ്ങള്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.
ഇന്ന് നടക്കാനിരിക്കുന്ന ഗോര്‍ട്ടോണ്‍ ആന്‍ഡ് ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്ത് ഗ്രീന്‍സ് പാര്‍ട്ടി എത്തിയ സാഹചര്യത്തിലാണ് ഡെയിലി മെയില്‍ അവരുടെ നയരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനുകള്‍ നിര്‍ത്തലാക്കാനും, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ് നല്‍കി അവരെ ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കാനും ഗ്രീന്‍സ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, അഭയാപേക്ഷ നിരാകരിക്കപ്പെട്ടാല്‍ പോലും അനധികൃത അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ കഴിയും.
ഡെയിലി മെയില്‍ കൈവശപ്പെടുത്തിയ പാര്‍ട്ടിയുടെ ആഭ്യന്തര രേഖകളില്‍ പറയുന്നത് ഏതൊരു സാഹചര്യത്തിലും കുടിയേറ്റം (അത് അനധികൃതമാണെങ്കില്‍ പോലും) ഒരു കുറ്റകൃത്യമല്ല എന്നാണ്. അതിനു പുറമെ കഞ്ചാവ്, ഹെറോയിന്‍ എന്നിവ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍, വിനോദാവാശ്യങ്ങള്‍ക്കായി നിയമപരമാക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ടെന്ന് രേഖകള്‍ പറയുന്നു. ഗ്രീന്‍സ് പാര്‍ട്ടിയുടെ നയം അനുസരിച്ച് ബ്രിട്ടനിലെത്തുന്ന എല്ലാ കുടിയേറ്റക്കാരെയും ഭാവിയിലെ ബ്രിട്ടീഷ് പൗരന്മാരായിട്ടാകും കണക്കാക്കുന്നത്.
അതിരുകളില്ലാത്ത ലോകം എന്നത് സമ്പദ് വ്യവസ്ഥയെ നാശത്തിലെക്ക് നയിക്കുന്ന ആശയം മാത്രമല്ല, അത്യന്തം അപകടകാരിയായ ഒന്നുകൂടിയാണെന്നാണ് റിഫോം യു കെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, തികഞ്ഞ അഭിമാനത്തോടെയാണ് തങ്ങളുടെ നയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത് എന്നാണ് പോളന്‍സ്‌കിയുടെ പാര്‍ട്ടി പറയുന്നത്. മാത്രമല്ല, ഈ നയങ്ങളെ ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
അനധികൃതമായിട്ടാണെങ്കില് പോലും ബ്രിട്ടനിലെത്തുന്ന ഓരോ അഭയാര്‍ത്ഥി കുടുംബത്തിനും, അവര്‍ക്ക് മാത്രമായുള്ള ഉപയോഗത്തിന് വീടോ ഫ്‌ലാറ്റോ നല്‍കും. ഇവര്‍ ജോലി ചെയ്തില്ലെങ്കിലും, തൊഴിലിനായി ശ്രമിച്ചില്ലെങ്കിലും ഒരു നിശ്ചിത വേതനം ഉറപ്പാക്കും. ഒറ്റയ്ക്ക് വരുന്നവര്‍ക്ക് സ്വന്തമായ ഉപയോഗത്തിന് ഒരു മുറി വീതം നല്‍കും. എന്നാല്‍, ഇത്തരത്തിലെത്തുന്നവര്‍ എല്‍ ജി ബി ടി ക്യു ഐ എ പ്ലസ് ആണെന്ന് തെളിയിച്ചാല്‍, താമസ സൗകര്യം നല്‍കുന്ന കെട്ടിടം അവര്‍ക്ക് സ്വന്തമാകും.
അത്യന്തം അപകടകരമായ നയമാണിതെന്നായിരുന്നു റിഫോം ഔദ്യോഗിക വക്താവ് സിയ യൂസഫ് പ്രതികരിച്ചത്. ക്രിമിനലുകള്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്ന ഏര്‍പ്പാടാണിതെന്ന് ആരോപിച്ച യൂസഫ്, എന്തുകൊണ്ട് പോളന്‍സ്‌കി അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗജന്യമായി കഞ്ചാവും ഹെറോയിനും നല്‍കുന്നില്ല എന്നും പരിഹസിച്ചു. മനുഷ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, മനുഷ്യരിലെ സര്‍ഗവാസനയെ ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കഞ്ചാവും ഹെറോയിനും വിനോദാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുമെന്ന് ഗ്രീന്‍സിന്റെ നയരേഖയില്‍ പറഞ്ഞിട്ടുണ്ട്.
വോക്കിസത്തിന്റെ പാരമ്യത വെളിപ്പെടുത്തുന്ന നയരേഖയില്‍ വേശ്യാവൃത്തി നിയമവിധേയമാക്കുമെന്നും, കുട്ടികളുടേതൊഴിച്ചുള്ള ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ക്കും മറ്റ് ഉള്ളടക്കങ്ങള്‍ക്കും മേലുള്ള നിയന്ത്രണം എടുത്തുകളയുമെന്നും ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, അനധികൃത അഭയാര്‍ത്ഥികളെ ചോദ്യം ചെയ്യുമ്പോള്‍ ബോര്‍ഡര്‍ ഫോഴ്‌സ് നിഷ്പക്ഷ സമീപനം പാലിക്കണം. അഭയാര്‍ത്ഥികള്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ലെങ്കില്‍ അവര്‍ പറയുന്നത് വിശ്വസിക്കണമെന്നും നയരേഖയില്‍ പറയുന്നുണ്ടത്രെ. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ തുടരുന്ന അനധികൃത അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ നല്കുന്നതിനു പുറമെ, സന്ദര്‍ശക വിസയൊഴിച്ച്, സ്റ്റുഡന്റ് വിസയില്‍ ഉള്‍പ്പടെ ബ്രിട്ടനിലെത്തിയ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കുമെന്നും അവര്‍ പറയുന്നു.
