'ഇന്ത്യയുടെ സൗഹൃദം രക്തം കൊണ്ട് എഴുതപ്പെട്ടത്'; ഇസ്രായേല്‍ പാര്‍ലമെന്റില്‍ വികാരാധീനനായി നരേന്ദ്ര മോദി; മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ഇന്ത്യയുടെ മധ്യസ്ഥത? മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍; ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ അധ്യായം

Update: 2026-02-26 04:42 GMT

ഗാസയിലെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇസ്രേയല്‍ സന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഇന്ത്യയുടെ നിലപാട് മോദി ശക്തമായി ഉന്നയിച്ചു എന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഫലസ്തീന്‍ നേതാക്കളുമായി മോദി ചര്‍ച്ച നടത്തുന്നില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഈ സന്ദര്‍ശനം. ഒരു ദശാബ്ദത്തിലേറെ മുമ്പ് മോദി അധികാരത്തില്‍ വന്നതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ തോതില്‍ പുരോഗമിച്ചിരുന്നു. 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഈ യാത്ര ബന്ധത്തിലെ ഒരു വഴിത്തിരിവായി വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നു. ഭീകരവാദത്തിനെതിരെയും പ്രതിരോധത്തിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ഇസ്രായേലിന്റെ ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മോദിയുടെ സന്ദര്‍ശനത്തെ 'ചരിത്രപരമായ' ഒന്ന് എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ മാരകമായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ഗാസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ ഈ സന്ദര്‍ശനം പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സമയത്താണ്. ഇറാനെതിരായ സൈനിക നടപടിയുടെ ഭീഷണിയും കൂടുതല്‍ സംഘര്‍ഷം ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമെന്ന ആശങ്കയുമാണ് ഇപ്പോള്‍ ഉള്ളത്. ആണവ പദ്ധതി തടയാന്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി, പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ യുഎസ് സൈനിക വിന്യാസങ്ങളിലൊന്നായി യുഎസ് സമീപ ആഴ്ചകളില്‍ മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇറാനുമായും മിഡില്‍ ഈസ്റ്റിലെ മറ്റ് നിരവധി രാജ്യങ്ങളുമായും ഇന്ത്യ ഗാഢമായ ബന്ധം പുലര്‍ത്തുന്നത് ഇക്കാര്യത്തില്‍ മോദിയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. 1988-ല്‍ ഇന്ത്യ ഫലസ്തീനെ അംഗീകരിച്ചു. ഇസ്രായേലില്‍ എത്തിയ മോദിയെ ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തില്‍ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അതേ സമയം ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി വികാരനിര്‍ഭരമായ ഒരു പ്രസംഗമാണ് നടത്തിയത്. ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇസ്രയേലിന് ഒപ്പം നില്‍ക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തേയും 175 ഓളം പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തേയും താരതമ്യം ചെയ്താണ് അദ്ദേഹം പ്രസംഗിച്ചത്. ഞങ്ങള്‍ നിങ്ങളുടെ വേദന അനുഭവിക്കുന്നു നിങ്ങളുടെ ദുഖത്തില്‍ ഞങ്ങള്‍ പങ്ക് ചേരുന്നു എന്നും മോദി പറഞ്ഞു. ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം രക്തവും ബലിയര്‍പ്പണവും കൊണ്ട് എഴുതപ്പെട്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് സഹോദരതുല്യനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഇന്ത്യയുമായി വര്‍ഷങ്ങള്‍ നീളുന്ന സൗഹൃദമാണ് ഉള്ളത്. ജൂതന്‍മാരെ സ്വാഗതം ചെയ്ത ജനതയാണ് ഇന്ത്യയിലുള്ളത്. ലോകവേദിയിലെ മഹാനായ ഒരു നേതാവാണ് മോദി എന്നും അദ്ദേഹത്തെ ജറുസലേമിലേക്ക് സ്വാഗതം ചെയ്യുന്നു. വാക്കുള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല മോദിയുടെ സൗഹൃദമെന്നും നെതന്യാഹു പറഞ്ഞു.

Similar News