മനുഷ്യ കശാപ്പ് ശാലയില്‍ നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്ക്; പുരുഷ തടവുകാര്‍ ഇപ്പോഴും ഭൂമിക്കടിയിലെ ജയിലുകളില്‍; അസ്സാദിന്റെ ഭീകര തടവറകള്‍ തുറന്ന് വിമത മുന്നേറ്റം; ആ വിമാനാപകടം അസ്സാദ് കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാന്‍ റഷ്യ ഒരുക്കിയത്; അകലം പാലിക്കുമെന്ന് ട്രംപ് പറഞ്ഞതിന്റെ തൊട്ടു പിന്നാലെ സിറിയയില്‍ ബോംബ് വര്‍ഷിച്ച് അമേരിക്ക
മനുഷ്യ കശാപ്പ് ശാലയില്‍ നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്ക്
ഡമാസ്‌ക്കസ്: ഇസ്രയേലിന് താത്ക്കാലിക സമാധാനം നല്‍കിക്കൊണ്ട് പശ്ചിമേഷ്യയിലെ അശാന്തി സിറിയയിലേക്ക് കടന്നപ്പോള്‍ കാണുന്നത് അതിഭയാനകമായ കാഴ്ചകള്‍. 'ചുവപ്പ് തടവറകള്‍' എന്ന് വിളിക്കുന്ന സിറിയയിലെ ജയിലുകളില്‍ നിന്നും വിമതര്‍ മോചിപ്പിച്ചത് മരണം കാത്തുകിടക്കുന്ന അനേകം സ്ത്രീകളെയും കുട്ടികളേയും. വിമത പ്രവര്‍ത്തനം ആരോപിച്ച് ജയിലിലാക്കിയ പൂരുഷന്മാരെ ഇതുവരെയും കണ്ടെത്താന്‍ ആയിട്ടില്ല എന്നത് അതീവ ആശങ്കയുയര്‍ത്തുന്നു. മാനവികതയ്ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന ചുവന്ന കെട്ടിടത്തിലെ ക്രൂരതകള്‍ ഇനിയും ഏറെ പുറത്തു വരാനുണ്ടെന്ന് സാരം.
ഡമാസ്‌കസിലെ, 'മനുഷ്യ അറവുശാല' എന്നു കൂടി അറിയപ്പെടുന്ന സെഡ്‌നയ മിലിറ്ററി ജയിലില്‍ അതീവ സുരക്ഷയൊരുക്കിയ നിര്‍വധി ഭൂഗര്‍ഭ സെല്ലുകള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അവിടെയെല്ലാം എത്തിപ്പറ്റാന്‍ തന്നെ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇപ്പോള്‍, വിമതര്‍ ജയിലിന്റെ ചുമരുകള്‍ ഇടിച്ചു പൊളിച്ച് അതിനകത്തെ നൂറുകണക്കി8ന് അന്തേവാസികളെ ഓരോരുത്തരെയായി പുറത്തേക്ക് കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ അക്കൂട്ടത്തിലുണ്ട്.
എന്നാല്‍, ഭൂഗര്‍ഭത്തില്‍ മൂന്ന് നിലകളുള്ള ഈ ചുവന്ന ജയിലില്‍ പുരുഷ തടവുകാരും ഉണ്ടെന്ന് പറയപ്പെടുന്നു. അവര്‍ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിന്റെ, വ്യാവസായിക പീഢനകേന്ദ്രം എന്നു കൂടി അറിയപ്പെടുനന്‍ ഈ സൈനിക ജയിലില്‍ 2011 മുതല്‍ 5000 മുതല്‍ 13,000 വരെ അന്തേവാസികളെ തൂക്കി കൊന്നിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അള്ളാഹു അക്ബര്‍ വിളികള്‍ക്കിടയില്‍, ജയിലില്‍ നിന്നും പുറത്തേക്ക് പിച്ചവെച്ച് നടന്നുവരുന്ന ഒരു കുരുന്നിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
അല്‍ അസ്സദിന്റെ വിമാനം അപകടത്തിലെ പെട്ടു എന്നൊരു വ്യാജ വാര്‍ത്ത സൃഷ്ടിക്കാനുള്ള റഷ്യന്‍ ശ്രമം പുറത്തു വന്നതിനിടയിലാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. അല്‍ അസ്സാദിന്റെ വിമാനം അപകടത്തില്‍ പെട്ടു എന്ന് വരുത്തി തീര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കാനുള്ള റഷ്യയുടേ ശ്രമം സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫ് യുക്രെയിന്‍ ആണ് പുറത്ത് കൊണ്ടു വന്നത്.
ഓടിനടന്ന് പൂട്ടുകള്‍ തകര്‍ത്തായിരുന്നു വിമതര്‍ ജയിലുകളില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ച സ്ത്രീകള്‍ പുറത്തിറങ്ങി ആഹ്‌ളാദാരവങ്ങള്‍ മുഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പുറത്ത് കാത്തു കിടന്നിരുന്ന ബസ്സുകളില്‍ അവരെ അവരവരുടെ വീടുകളിലേക്ക് കൊണ്ടു പോയി. അതില ചിലര്‍ ഒന്നര പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്നവരാണ്. ഭൂമിക്കടിയില്‍ ജയിലിന് മൂന്ന് നിലകളുണ്ടെന്നും അത് ഇതുവരെ തുറന്നിട്ടില്ല എന്നും വിമതര്‍ പറയുന്നു.
അത് തുറക്കുന്നതിന് ചില സാങ്കേതിക വിദ്യ ആവശ്യമാണ്. അത് ഉപയോഗിച്ചിരുന്ന ഉദ്യോഗസ്ഥരും സൈനികരും ഇതിനോടകം തന്നെ അവിടം വിട്ട് പോയിക്കഴിഞ്ഞു. അതാണ് ആ സെല്ലുകള്‍ തുറക്കുന്നതില്‍ കാലതാമസം നേരിടുന്നത്. സയ്ദ്‌നയാ ജയിലിലെ അനീതികള്‍ ഇതോടെ അവസാനിപ്പിക്കുമെന്നും വിമതര്‍ അറിയിച്ചു. ഡമാസ്‌കസില്‍ നിന്നും മുപ്പത് കിലോമീറ്ററോളം ദൂരെ മാറിയുള്ള ജയിലില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നിരുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആരോപിക്കുന്നു. ബാഷര്‍ അല്‍ അസ്സദിന്റെ ഏകാധിപത്യത്തിന്‍ കീഴില്‍ ഏകദേശം 10,000 ഓളം രാഷ്ട്രീയ തടവുകാരെയാണ് കാണാതായത് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
ആയിരക്കണക്കിന് തടവുകാരെ കൊല്ലുകയും, തെളിവ് നശിപ്പിക്കാന്‍ ഭൗതികാവശിഷ്ടങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു എന്ന ആരോപണം നേരത്തെ അസ്സദ് നിഷേധിച്ചിരുന്നു. ഒരു സൈനിക തടവറയില്‍ പ്രതിദിനം അമ്പത് പേരെ അസ്സദിന്റെ ഉത്തരവനുസരിച്ച് തൂക്കിക്കൊന്നിരുന്നു എന്ന് നേരത്തെ അമേരിക്കന്‍സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ആരോപിച്ചിരുന്നു. വിശപ്പകറ്റാന്‍ റൊട്ടി കടത്തിയതിന് തടവിലായ തന്റെ അമ്മാവനെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് ജേര്‍ണലിസ്റ്റ് ആയ സമീര്‍ ഡാബോള്‍ പറയുന്നത്. അതിനിടയില്‍ മറ്റൊരു പ്രധാന നഗരമായ ഹോംസും വിമതരുടെ നിയന്ത്രണത്തിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭരണകൂടത്തിനോട് വിശ്വാസ്യത പുലര്‍ത്തുന്ന സൈനിക വിഭാഗം ഇവിടം വിട്ടൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. അതിനിടയില്‍ സിറിയയിലെ നിരവധി ഐസിസ് കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായി ബൈഡന്‍ അറിയിച്ചു. അസ്സദിന്റെ ഭരണം അവസാനിച്ചതോടെ ഉയര്‍ന്ന് വരാന്‍ പോകുന്നത് കടുത്ത വെല്ലുവിളികളും അനിശ്ചിതത്വവുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹോംസ് വീഴുകയും, തലസ്ഥാനത്തിന്റെ നിലനില്‍പ്പ് ആശങ്കയിലാകുകയും ചെയ്തതോടെ അഞ്ച് പതിറ്റാണ്ടോളം നീണ്ട അസ്സദ് കുടുംബത്തിന്റെ ഏകാധിപത്യം കടപുഴകുന്ന കാഴ്ചയാണ് കാണുന്നത്.
അതിനിടയില്‍, അമേരിക്കയും സിറിയയിലെ വിവിധ ഇടങ്ങളില്‍ കനത്ത ആക്രമണങ്ങള്‍ നടത്തി. മദ്ധ്യ സിറിയയിലെ ഐസിസ് ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അവകാശപ്പെടുന്നു. നിലവില്‍ സിറിയയില്‍ നടക്കുന്ന ആശയക്കുഴപ്പത്തില്‍ ഐസിസ് മുതലെടുക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ആക്രമണം നടത്തിയത്. 2019 ല്‍ താറുമാറായ ശേഷം ഒരു ഉണര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമങ്ങള്‍ ഐസിസ് നടത്താന്‍ ആരംഭിച്ചിരുന്നതായും അമേരിക്ക വ്യക്തമാക്കി.
യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 75 ഓളം ഇടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും അമേരിക്ക അറിയിച്ചു. സിറിയയിലെ സാഹചര്യം ഒരുകാരണവശാലും മുതലെടുക്കാന്‍ ഐസിസിനെ അനുവദിക്കുകയില്ലെന്നാണ് അമേരിക്ക ഉറപ്പിച്ച് പറയുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്ക ഇടപെടരുതെന്ന് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബൈഡന്‍ ഭരണകൂടം ഈ ആക്രമണങ്ങള്‍ നടത്തിയതെന്നും ശ്രദ്ധേയമാണ്.