നോബല്‍ സമ്മാനം കിട്ടാന്‍ 'കിളി പറന്ന' വര്‍ത്തമാനവും! 9/11 ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ കുറിച്ച് തന്റെ പുസ്തകത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവകാശപ്പെട്ട് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് വെറും വ്യാജകഥയെന്ന് സമര്‍ത്ഥിച്ച് അമേരിക്കന്‍ മാധ്യമങ്ങളും

നോബല്‍ സമ്മാനം കിട്ടാന്‍ 'കിളി പറന്ന' വര്‍ത്തമാനവും!

Update: 2025-10-07 05:31 GMT

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എതിരാളികള്‍. ട്രംപിന് ബോധം നഷ്ടപ്പെട്ടതായിട്ടാണ് അവര്‍ കളിയാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍ നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് ട്രംപ് ഇക്കാര്യം പരാമര്‍ശിച്ചത്.

ബിന്‍ ലാദന്റെ കോമ്പൗണ്ടില്‍ ഇരച്ചു കയറി അയാളുടെ തലയില്‍ വെടിയുണ്ട ഏല്‍പ്പിച്ച ഉസൈനികരെ താന്‍ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈ വേളയിലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് അല്‍-ഖ്വയ്ദ മേധാവിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് എന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ ഒസാമ ബിന്‍ ലാദനെ കാണണം എന്നും ട്രംപ് പറഞ്ഞിരുന്നതായിട്ടാണ് അദ്ദേഹം അവകാശപ്പെടുന്നത്.

2000 ജനുവരിയില്‍ പ്രസിദ്ധീകരിച്ച തന്റെ 'ദി അമേരിക്ക വി ഡിസേര്‍വ്' എന്ന പുസ്തകത്തെ പരാമര്‍ശിക്കുകയായിരുന്നു

ട്രംപ്. അതില്‍ ബിന്‍ ലാദനെക്കുറിച്ച് ഒരു മുന്നറിയിപ്പും നല്‍കിയതായി കാണുന്നില്ല. പൊതുവായി മാത്രമേ അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുള്ളൂ. യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ബിന്‍ ലാദനെക്കുറിച്ച് സംസാരിച്ചതായും ട്രംപ് പറഞ്ഞു. സംഭാഷണം എപ്പോള്‍ നടന്നിരിക്കാമെന്ന് വ്യക്തമല്ലെങ്കിലും, പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് ഹെഗ്സെത്ത് കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു.

എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ അല്പം അംഗീകാരം ലഭിക്കണം എന്നും മറ്റാരും അത് നല്‍കാന്‍ പോകുന്നില്ല എന്നും ട്രംപ് വീമ്പടിച്ചിരുന്നു. എന്നാല്‍ ഒസാമ ബിന്‍ലാദനെ കുറിച്ച് ട്രംപ് ഈ പറയുന്ന സംഭവത്തിനും എത്രയോ വര്‍ഷം മുമ്പ് തന്നെ അമേരിക്കന്‍ സര്‍ക്കാരിന് നന്നായി അറിയാമായിരുന്നു എന്നതാണ് വാസ്തവം. 1998 മുതല്‍ തന്നെ വിവിധ അമേരിക്കന്‍ എംബസികളില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക ലാദനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു.

ബിന്‍ ലാദനെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന അവകാശവാദങ്ങള്‍ക്കെതിരെ പ്രസിഡന്റിന്റെ പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ വൈറലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ട്രംപിന് ഭ്രാന്താണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ബിന്‍ലാദനെ കുറിച്ച് പീറ്റ് ഹെഗ്സേത്തിനോട് പറഞ്ഞു എന്നാണ് ട്രംപ് പറയുന്നത് എന്നാല്‍ അക്കാലത്ത് ഹെഗ്സേത്ത് ഒരു തകോളജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു എന്ന കാര്യം ട്രംപിന് അറിയില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. ബോധം നഷ്ടപ്പെട്ട ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്നും എതിരാളികള്‍ ആവശ്യപ്പെടുന്നു.

ട്രംപിന്റെ അവകാശവാദം വെറും കെട്ടുകഥ മാത്രമാണെന്നാണ് പ്രമുഖരായ പലരും ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ പുസ്തകത്തില്‍ ബിന്‍ ലാദനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു പരാമര്‍ശവും ഇല്ലെന്നും അവര്‍ പറയുന്നു. ട്രംപ് പത്ത് വര്‍ഷമായി ഒരേ വ്യാജ കഥ പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും വിമര്‍ശകര്‍ കളിയാക്കുന്നു. ട്രംപിന് ഇത് ഏത് വര്‍ഷമാണെന്ന് അറിയാമോ എന്നായിരുന്നു ട്രംപിന്റെ ബിന്‍ ലാദന്‍ അവകാശവാദം പെട്ടെന്ന് വൈറലായതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ചോദിച്ചത്.

Tags:    

Similar News