ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്; വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന്‍ 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്
ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്
വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പാക്കിസ്ഥാന് ഐഎംഎഫ് വായ്പ്പ അനുവദിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണം നല്‍കുന്നതിനു തുല്ല്യമാണെന്നാണ് ഈ വിഷയത്തില്‍ ഇന്ത്യ വിമര്‍ശനം ഉന്നയിച്ചത്. ആഗോള സമൂഹത്തിനു അപകടകരമായ സന്ദേശം നല്‍കുന്നതാണ് സഹായമെന്നും ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചു. ഇന്ത്യയുടെ വിമര്‍ശനമുള്ള സാഹചര്യത്തില്‍ ഐഎംഎഫ് കരുതലെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാന് വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം എന്ന നിര്‍ദേശമാണ് ഐഎംഎഫ് മുന്നോട്ടുവെച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം സാമ്പത്തിക മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ അതിര്‍ത്തിയില്‍ തുടര്‍ പ്രകോപനങ്ങളിലേക്ക് പാക്കിസ്ഥാന്‍ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാന്റെ പുതിയ 17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന ബജറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടണം എന്നുള്‍പ്പെടെയാണ് ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. ഇതിന് പുറമെ വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്നും ഐഎംഎഫ് അടിവരയിട്ടു വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് നടപ്പാക്കണം. ഭരണപരമായ നയരൂപീകരണത്തിന് 'ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍' തയ്യാറാക്കണം. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ (2028 മുതല്‍ നടപ്പാക്കുന്ന) തയ്യാറാക്കണം. ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു.
2,414 ബില്യണ്‍ രൂപയാണ് പാകിസ്ഥാന്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് ഇതിലുള്ളത്. ഇതിന് അപ്പുറത്ത് ഈ മാസം ആദ്യം പാക് സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തിയിരുന്നു. 2,500 ബില്യണ്‍ രൂപ ഇതിനായി നീക്കിവയ്ക്കാനായിരുന്നു നീക്കം. ഏകദേശം 18 ശകമാനം വര്‍ധനയാണ് ഈ ഇനത്തില്‍ ഉണ്ടാവുക. ഐഎംഎഫ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം.
ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ രാജ്യത്തെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നവയാണ്. നിര്‍ദേശങ്ങള്‍ പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും എന്നും വിലയിരുത്തപ്പെടുന്നു. പാകിസ്ഥാന് പണം നല്‍കുന്നത് അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണം നല്‍കുന്നതിനു തുല്ല്യമാണെന്നു വ്യക്തമാക്കി വോട്ടെടുപ്പില്‍ നിന്നു ഇന്ത്യ വിട്ടു നിന്നിരുന്നു. ആഗോള സമൂഹത്തിനു അപകടകരമായ സന്ദേശം നല്‍കുന്നതാണ് സഹായമെന്നും ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് ധനസഹായം നല്‍കുന്നത് ഐഎംഎഫ് പരിശോധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വിമര്‍ശനം. ഇതിന്റെ റിവ്യൂ പരിഗണനയിലാണ്. ഐഎംഎഫിലെ സജീവ അംഗമെന്ന നിലയില്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നു ഇന്ത്യ വ്യക്തമാക്കി. ഭീകരവാദത്തിനു പണം ദുരുപയോഗം ചെയ്യുന്നതു തടയാനായി രാജ്യന്തരതലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കര്‍മ സമിതിയുടെ ഗ്രേ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തുന്നതായാണ് വിവരം.