മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സസ് ഗവര്‍ണര്‍; സംഘടനകള്‍ക്ക് യുഎസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും നിര്‍ദേശം; മുസ്ലിം ബ്രദര്‍ഹുഡ് ആഗോളതലത്തില്‍ ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമങ്ങളിലൂടെ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഗവര്‍ണര്‍
മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സസ് ഗവര്‍ണര്‍
ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ കേട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഇപ്പോഴിതാ മുസ്‌ലിം ബ്രദര്‍ഹുഡ്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) എന്നീ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സാസ് ഗവര്‍ണര്‍. വിദേശ ഭീകര, രാജ്യാന്തര ക്രിമിനല്‍ സംഘടനകളായി പ്രഖ്യാപിക്കുയാണ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് ചെയ്തത്.
ഈ സംഘടനകള്‍ക്ക് യു.എസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ആഗോളതലത്തില്‍ ഇരു ഗ്രൂപ്പുകളും ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമം, ഭീഷണി തുടങ്ങിയവയിലൂടെ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഗവര്‍ണറുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനകളില്‍നിന്ന് ടെക്‌സസിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഇരുഗ്രൂപ്പുകളെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കന്‍ മുസ്‌ലിം പൗരാവകാശം സംരക്ഷിക്കുന്നതിന് സ്ഥാപകമായ സി.എ.ഐ.ആര്‍ ഗസ്സ സംഘര്‍ഷത്തില്‍ യു.എസിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനു വസ്തുതാപരമായോ നിയമപരമായോ അടിസ്ഥാനമില്ലെന്നും സി.എ.ഐ.ആര്‍ പ്രതികരിച്ചു.
അതേസമയം 2028ലെ യുഎസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാക്കാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട്. വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ജനപ്രിയതയാണ് അദ്ദേഹത്തിന്റെ പിന്തുണ വര്‍ധിപ്പിക്കുന്നത്. മൂന്നു തവണ ടെക്‌സസ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത് ജനപിന്തുണ വര്‍ധിച്ചതിന് തെളിവായി നിരീക്ഷകര്‍ പറയുന്നു.
ട്രംപിന് നല്‍കിയ നിരുപാധിക പിന്തുണയും ടെക്‌സസും മെക്‌സിക്കോയും തമ്മിലുള്ള അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ സ്വീകരിച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടും അബോട്ടിന്റെ വളര്‍ച്ച നിരുപാധികം സഹായിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രത്യക്ഷവും പരോക്ഷവും ആയ സൂചനകള്‍ വ്യക്തമാക്കുന്നത്.
ഇങ്ങനെ പടുത്തുയര്‍ത്തിയ ദേശീയ പ്രതിച്ഛായ അധികം ഗവര്‍ണര്‍മാര്‍ക്ക് അവകാശപ്പെടാനാവില്ല. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പ്രസിഡന്റിന്റെ പ്രശംസയും പിന്തുണയും നിരുപാധികം അബോട്ടിനു ലഭിച്ചിരുന്നു. അബോട്ടിനു യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അല്ലെങ്കില്‍ നാലാം തവണയും ഗവര്‍ണര്‍ ആയി മത്സരിക്കുവാനോ ഉള്ള അവസരം ഒരുങ്ങുകയാണ്. രണ്ടു മാര്‍ഗങ്ങളില്‍ ഏതായാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് വലിയ കരുത്തും ശക്തിയും നല്‍കുന്ന വര്‍ഷങ്ങളാണ് മുന്നിലുള്ളത്.
അബോട്ടും ട്രംപും തമ്മില്‍ സാമ്യങ്ങള്‍ ഏറെയുണ്ട്. രണ്ടു പേരും ചെയ്യുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ പ്രസിദ്ധി വേണമെന്ന് നിര്‍ബന്ധമാണ്. ഇത് തന്നെയാണ് അബോട്ട് ഗവര്‍ണര്‍ സ്ഥാനത്തു തന്നെ ഒതുങ്ങി നില്‍ക്കില്ല എന്ന് ഊഹിക്കുവാന്‍ നിരീക്ഷകരെ തയാറാക്കിയത്. ട്രംപും അബോട്ടും യോജിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇവയില്‍ പ്രധാനം (നിയമവിരുദ്ധ) കുടിയേറ്റം, അതിര്‍ത്തി സുരക്ഷ, ഫെഡറല്‍ ഗവണ്മെന്റിന്റെ നിയന്ത്രണം, ഗവര്‍ണറുടെ പുതിയ നിലപാടായ സ്റ്റേറ്റ് ബോര്‍ഡര്‍ സെക്യൂരിറ്റിക്ക് വേണ്ടി ബൈഡന്‍ ഭരിക്കുമ്പോള്‍ സംസ്ഥാനം ചിലവഴിച്ച 11 ബില്യന്‍ ഡോളര്‍ തിരിച്ചു നല്‍കണം എന്ന ആവശ്യം എന്നിവയില്‍ ടെക്‌സസും പ്രസിഡന്റും യോജിച്ചു തീരുമാനം എടുക്കണം എന്നീ വിഷയങ്ങളില്‍ അബോട്ടിനോട് ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ള പണത്തിനു വേണ്ടി പല തവണ വാഷിങ്ടനിലേക്ക് അബോട്ട് യാത്ര ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ 8 വര്‍ഷത്തെ പരിമിതിയില്‍ ട്രംപ് വീണ്ടും മത്സരിക്കില്ല എന്ന് കരുതുമ്പോള്‍ മത്സര രംഗം പൂര്‍ണമായും തുറന്നിരിക്കുന്നതിനാല്‍ അബോട്ടിന് മത്സരിക്കുവാന്‍ വലിയ പ്രശ്‌നങ്ങള്‍ മുന്‍പില്‍ ഇല്ല. മത്സരിക്കുമോ ഇല്ലയോ എന്ന് തീര്‍ത്തു പറയാനാവില്ലെങ്കിലും മത്സരിക്കാനുള്ള വലിയ സാധ്യതകള്‍ തള്ളിക്കളയാനികില്ല.
