ഇമ്രാന്‍ ഖാന്‍ പാക് ജയിലിലെ ഇരുട്ടറയില്‍ ഏകാന്ത തടവില്‍; പുറംലോകവുമായി ബന്ധമില്ല; മക്കളെയോ കുടുംബത്തെയോ അഭിഭാഷകരെയോ അനുവദിക്കുന്നില്ല; ഇമ്രാനെ വിട്ടയയ്ക്കണം; ഇസ്ലാമബാദില്‍ എസ് സി ഒ ഉച്ചകോടി നടക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ

ഇമ്രാന്‍ ഖാന്‍ പാക് ജയിലിലെ ഇരുട്ടറയില്‍ ഏകാന്ത തടവില്‍

Update: 2024-10-16 09:44 GMT

ലണ്ടന്‍: പാകിസ്ഥാനിലെ ജയിലില്‍ ഇമ്രാന്‍ ഖാനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഒരുവിവരവും കിട്ടുന്നില്ലെന്നും ആരോപണം. മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്താണ് ഈ ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തെ വളരെ മോശം സാഹചര്യങ്ങളില്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'സെപ്റ്റംബര്‍ ആദ്യം മുതല്‍ കുടുംബത്തിനോ, അഭിഭാഷകര്‍ക്കോ സന്ദര്‍ശനം അനുവദിക്കുന്നില്ല. തന്റെ രണ്ടുആണ്‍മക്കളെ വിളിക്കാന്‍ ഇമ്രാനെ അനുവദിക്കുന്നില്ല. കോടതി വിചാരണ മാറ്റി വച്ചിരിക്കുകയാണ്. ജയിലറയിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. ഒരുസമയത്തും പുറത്തുവരാന്‍ അനുവദിക്കുന്നില്ല. ജയിലിലെ പാചകക്കാരനെ അവധിക്കും അയച്ചിരിക്കുകയാണ്.' ജെമീമ എക്‌സില്‍ കുറിച്ചു. ഇസ്‌ലാമാബാദില്‍ നടക്കുന്ന ദ്വിദിന എസ്.സി.ഒ ഉച്ചകോടിക്ക് പാകിസ്താന്‍ സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ജെമീമയുടെ ആരോപണം.




' അദ്ദേഹം പൂര്‍ണമായും ഏകാന്ത തടവിലാണ്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ പൂര്‍ണമായി ഇരുട്ടിലാണ്', 1995 മുതല്‍ 2004 വരെ ഇമ്രാന്റെ ഭാര്യയായിരുന്ന ജെമീമ ആരോപിച്ചു. 'കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്റെ ആണ്‍കുട്ടികളുടെ പിതാവ് ഇമ്രാന്‍ ഖാന് ജയിലില്‍ അതീവ ദുഷ്‌ക്കരമായ സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരുന്നത്., ജെമീമ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.

ഇമ്രാന്റെ രണ്ട് ആണ്‍മക്കള്‍ സുലൈമാനും കാസിനും ലണ്ടനില്‍ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. രാഷ്ട്രീയത്തിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇമ്രാന്‍ സജീവമാകാതിരിക്കാന്‍ അദ്ദേഹത്തെ തടലിലിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ വിദഗ്ധരുടെ പാനല്‍ ജൂലൈയില്‍ പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു.



72 കാരനായ ഇമ്രാന്‍ ഖാന്‍ 2018 മുതല്‍ 2022 വരെ പാക് പ്രധാനമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയ ശേഷം 200 കേസുകളാണ് അദ്ദേഹത്തിന് എതിരെ എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ഇമ്രാന്‍ ജയിലിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കിയിരിക്കുകയാണ്. ബ്രിട്ടനിലെ ഓക്‌സഫഡ് സര്‍വകലാശാലയുടെ അടുത്ത ചാന്‍സലറാകാന്‍ ഇമ്രാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇമ്രാന്‍ ഖാന്റെ കുടുംബത്തെയും പാക് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് ജെമീമ ആരോപിച്ചു. അദ്ദേഹത്തിന്റെ സഹോദരിമാരെയും അനന്തരവളെയും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇമ്രാന്‍ ഖാനുമായി രാഷ്ട്രീയ വിഷയങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ഇത് തന്റെ കുട്ടികളുടെ അച്ഛന്റെ വിഷയമാണെന്നും മനുഷ്യാവാകാശത്തിന്റെയും അന്താരാഷ്ട്ര നിയമലംഘനത്തിന്റെയും വിഷയമാണെന്നും ജെമീമ കുറിച്ചു. ബ്രീട്ടീഷ് പൗരയായ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ഇമ്രാന്‍ വിവാഹ മോചനം ചെയ്തിരുന്നു. 2023 ഓഗസ്റ്റ് അഞ്ചിന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഖാന്‍ ഇപ്പോള്‍ റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലാണ്.

Tags:    

Similar News