വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം; വെസ്റ്റ് ബാങ്കിനെ ജൂതവല്‍കരിക്കാനും മോഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് ഹമാസ്; ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ചു അറബ് രാഷ്ട്രങ്ങള്‍; ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം

Update: 2026-02-16 05:15 GMT

ടെല്‍ അവീവ്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം. ഫലസ്തീനികള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തപക്ഷം വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ സ്വന്തം സ്ഥലമായി രജിസ്റ്റര്‍ ചെയ്യാനുള്ള ഇസ്രായേലിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇസ്രായേല്‍ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ച്, യാരിവ് ലെവിന്‍, ഇസ്രായേല്‍ കാറ്റ്‌സ് എന്നിവര്‍ അവതരിപ്പിച്ച പ്രമേയമാണ് സഭ അംഗീകരിച്ചത്.

'നമ്മുടെ എല്ലാ ഭൂമിയും നിയന്ത്രിക്കാനുള്ള കുടിയേറ്റ വിപ്ലവത്തിന്റെ തുടര്‍ച്ചയാണിതെന്ന്' ധനകാര്യമന്ത്രി സ്‌മോട്രിച്ച് പറഞ്ഞു. എന്നാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമികളെ 'സ്റ്റേറ്റ് ലാന്‍ഡ്‌സ്' (സര്‍ക്കാര്‍ ഭൂമി) എന്ന് മുദ്രകുത്തി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വെസ്റ്റ് ബാങ്കിനെ ജൂതവല്‍കരിക്കാനും മോഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ഇത്തരം നീക്കത്തിലൂടെ അന്താരാഷ്ട്ര നിയമത്തെയും യു.എന്‍ പ്രമേയങ്ങളെയും ഇസ്രായേല്‍ ലംഘിക്കുകയാണെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.

1967 ന് അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് വെസ്റ്റ് ബാങ്കിനെ തങ്ങളുടെ ഭൂപ്രദേശത്തേക്ക് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. നിലവില്‍ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്ക് വ്യാപകമായി അംഗീകാരം നല്‍കുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ അവകാശവാദം. ഇസ്രായേലിന്റെ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് ഹമാസും ഫലസ്തീന്‍ അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനത്തെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നിയമവിരുദ്ധ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇസ്രായേല്‍ നിലപാടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി. 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പദ്ധതിയില്‍ രാജ്യം ഉറച്ചു നില്‍ക്കുന്നതായും ഖത്തര്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.

അതിനിടെ ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിറിയന്‍ പൗരനാണെന്ന് ലെബനണിന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്.

ലെബനനിലെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു. ലെബനനിലെ മജ്ദാല്‍ അന്‍ജാര്‍ പ്രദേശത്താണ് റെയ്ഡ് നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. അതേസമയം പിഐജെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പലസ്തീന്‍ അതിര്‍ത്തിയിലെ സായുധ സംഘമാണ് പിഐജെ. പലസ്തീന് വേണ്ടി ഹമാസിനൊപ്പം പിഐജെയുമുണ്ട്. ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ സഖ്യം കൂടിയാണ് പിഐജെ. ഇസ്രയേലും ഹിസ്ബുള്ളയും 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുന്നത് തുടര്‍ന്നിരുന്നു.

Tags:    

Similar News