ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടില്ല; രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് കാര്യമില്ല; ആയുധം താഴെ വയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല; നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; നിലപാട് വ്യക്തമാക്കി ജെ ഡി വാന്‍സ്
ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടില്ല
വാഷിങ്ടണ്‍: ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടില്ലെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് കാര്യമില്ലെന്നാണ് വാന്‍സിന്റെ നിലപാട്. സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ശ്രമിക്കുമെന്നും എന്നാല്‍ ഇരുപക്ഷത്തെയും 'ആയുധം താഴെ വയ്ക്കാന്‍' നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് അറിയിച്ചു.
'കുറച്ചുകൂടി സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയുടെ നിയന്ത്രണ ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്തതുമായ ഒരു യുദ്ധത്തിന്റെ മധ്യത്തില്‍ ഞങ്ങള്‍ ഇടപെടാന്‍ പോകുന്നില്ല,' വാന്‍സ് അഭിമുഖത്തിനിടെ പറഞ്ഞു. ഇരു പക്ഷത്തെയും ആയുധം താഴെവയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ യുഎസിന് കഴിയാത്തതിനാല്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും വാന്‍സ് വ്യക്തമാക്കി.
വിദേശ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് യുഎസ് പിന്മാറണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയവുമായി പൊരുത്തപ്പെടുന്ന പരാമര്‍ശങ്ങളാണ് വാന്‍സും നടത്തിയിരിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ വിഷയത്തിലും സമാനമായ നിലപാടാണ് യുഎസ് സ്വീകരിച്ചത്. ഇരുപക്ഷത്തെയും നേരിട്ട് ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവയ്ക്കാനുള്ള ശ്രമത്തില്‍ നിന്ന് യുഎസ് പിന്മാറാന്‍ തയ്യാറാണെന്ന് ട്രംപും വാന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎസ് ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്നാണ് ആശയവിനിമയത്തിനു ശേഷം ജയ്ശങ്കര്‍ പ്രതികരിച്ചത്. സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോടും മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഷഹ്ബാസ് ഷെരീഫുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ റൂബിയോ ആവര്‍ത്തിച്ചതായാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, പാകിസ്ഥാന്‍ ഇന്ത്യാ സംഘര്‍ഷം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനില്‍ പ്രത്യാക്രമണം നടത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ 12ല്‍ അധികം നഗരങ്ങളും കറാച്ചി തുറമുഖവും ഇന്ത്യയുടെ വ്യോമ-നാവിക സേനകള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യ നല്‍കിയത്. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലര്‍ച്ചെ ജമ്മുവില്‍ പാക്ക് പ്രകോപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സമ്പൂര്‍ണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകള്‍ തകര്‍ത്തു. ഉറിയില്‍ പാക്ക് വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദേശകാര്യ മന്ത്രാലയം രാവിലെ വാര്‍ത്താസമ്മേളനം നടത്തും. ഇതിനിടെ ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായിലേക്കു മാറ്റി. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റര്‍ അകലെ വന്‍ സ്‌ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.
അതിനിടെ, പാക്കിസ്ഥാനില്‍ സൈനിക മേധാവി അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറല്‍ ഷംഷാദ് മിര്‍സയെ ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനില്‍ വിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സര്‍ക്കാര്‍ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.