മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാനും; സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു; ഓഫീസുകള്‍ അടച്ചുപൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്; ഹസനുല്‍ ബന്നയുടെ തീവ്രരാഷ്ട്രീയത്തിന് തടയിട്ട് മറ്റൊരു രാജ്യവും
മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാനും
അമ്മാന്‍: ലോകത്തെ ഏറ്റവും അപകടകരമായ പ്രത്യയശാസ്ത്രമായി വളരുന്ന മുസ്ലിം ബ്രദര്‍ഹുഡിന് അറബ് ലോകത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യുഎഇയും സൗദി അറേബ്യയുമെല്ലാം ഈ പ്രത്യയശാസ്ത്രത്തിന് തടയിടുന്നുണ്ട്. ഇതിനിടെ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു കൊണ്ട് മറ്റൊരു രാജ്യം കൂടി രംഗത്തുവന്നു. മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചത് ജോര്‍ദാനാണ്. മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിക്കുകയാണെന്നും സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ജോര്‍ദാന്‍ ആഭ്യന്തരമന്ത്രി മാസിന്‍ അബ്ദുല്ല ഹിലാല്‍ അല്‍-ഫറായെ അറിയിച്ചു.
മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളും സംഘടനയുടെ സ്വഭാവവും നിയമ വിരുദ്ധമാണെന്ന് മനസിലാക്കുന്നുവെന്നും മാസിന്‍ അബ്ദുല്ല പറഞ്ഞു. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശം നല്‍കിയ ആഭ്യന്തരമന്ത്രി സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു.
ബ്രദര്‍ഹുഡുവുമായി ബന്ധം പുലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സംഘടനയ്ക്ക് രാജ്യത്ത് പൂര്‍ണമായ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മാസിന്‍ അബ്ദുല്ല വ്യക്തമാക്കി. ബ്രദര്‍ഹുഡുവമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുപുറമെ മുസ്ലിം ബ്രദര്‍ഹുഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്കും ജോര്‍ദാന്‍ വിലക്ക് ഏര്‍പ്പെടുത്തി. 1928ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ സ്ഥാപിതമായ സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഹസനുല്‍ ബന്ന എന്ന നേതാവാണ് ബ്രദര്‍ഹുഡ് സ്ഥാപിച്ചത്.
എന്നാല്‍ ഈജിപ്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജോര്‍ദാനിലെ താഴ്വാരങ്ങള്‍ കേന്ദ്രീകരിച്ചാണ് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നത്. 2025 ഏപ്രില്‍ 15ന് മുസ്ലിം ബ്രദര്‍ഹുഡിലെ 16 അംഗങ്ങളെ ജോര്‍ദാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോക്കറ്റുകളൂം ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
ജോര്‍ദാന്റെ പ്രാന്തപ്രദേശങ്ങളില്‍ മുസ്ലിം ബ്രദര്‍ഹുഡ് ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തരമായും പുറത്തും സംഘടന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും മാസിന്‍ അബ്ദുല്ല നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ജോര്‍ദാനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയവിഭാഗമായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ടിന് വലിയ തോതില്‍ വോട്ടുകള്‍ നേടിയിരുന്നു.
ബ്രദര്‍ഹുഡിന്റെ ഫലസ്തീന്‍ അനുകൂല നിലപാടായിരുന്നു ഇതിന് കാരണമായത്. എന്നാല്‍ ഏപ്രിലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് മൂന്ന് ഐ.എ.എഫ് അംഗങ്ങളെ ജോര്‍ദാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ 2020 ജൂലൈയില്‍ ജോര്‍ദാനിലെ കോടതി ഓഫ് കാസേഷന്‍ പുറപ്പെടുവിച്ച വിധയില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിരിച്ചുവിടണമെന്ന് ഉത്തരവിട്ടിരുന്നു.