പോലീസ് കോണ്‍ഫറന്‍സിനിടെ ബ്രിട്ടനിലെ പോലീസ് മന്ത്രിയുടെ പഴ്സ് മോഷ്ടിക്കപ്പെട്ടു; മോഷണം നടന്നത് മോഷണങ്ങളെ കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ മീറ്റിംഗില്‍; ബ്രിട്ടനില്‍ ഉറുമ്പരിച്ചത് തീക്കട്ടയില്‍

മന്ത്രി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് മോഷണം നടന്നത്. മോഷണം

Update: 2024-09-13 04:47 GMT

ലണ്ടന്‍: കാര്യം വികസിത രാജ്യമൊക്കെയാണ് പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം... ആഭ്യന്തരമന്ത്രിയെ വരെ പോക്കറ്റടിക്കുന്ന സാഹചര്യമാണ് ഇന്ന് ബ്രിട്ടനിലുള്ളത്. പോലീസ് മന്ത്രി ഡെയിം ഡയാന ജോണ്‍സന്റെ പഴ്സ് മോഷണം പോയതില്‍ ഞെട്ടിയിരിക്കുകയാണ് പോലീസ്. അതും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് മോഷണം നടന്നതെന്നത് പോലീസ് സേനക്ക് നാണക്കേടുമായി. തീക്കട്ടയിലും ഉറുമ്പരിക്കുന്നുവോ എന്നാണ് ഇപ്പോള്‍ പോലീസ് ചോദിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മന്ത്രി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് മോഷണം നടന്നത്. മോഷണം, മറ്റ് അക്രമ സംഭവങ്ങള്‍ എന്നിവ വര്‍ദ്ധിക്കാന്‍ കാരണമായത് കണ്‍സര്‍വേറ്റീവ് ഭരണമാണെന്ന് യോഗത്തില്‍ മന്ത്രി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കവെയാണ് മോഷണം നടന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കെനില്‍വര്‍ത്തിലെ ഹോട്ടലിലുള്ള കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന പോലീസ് സൂപ്രണ്ട്‌സ് അസ്സോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിനിടയിലാണ് സംഭവം ഉണ്ടായത്.

മന്ത്രിക്ക് പുറമെ ആഭ്യന്തര വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ ചില വ്‌സ്തുക്കളും മോഷ്ടിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കവന്‍ട്രിയില്‍ നിന്നുള്ള ഒരു 56 കാരനെ അറസ്റ്റ് ചെയ്തതായും പിന്നീട് ജാമ്യത്തില്‍ വിട്ടതായും വാര്‍വിക്ക്ഷയര്‍ പോലീസ് അറിയിച്ചു. അതേസമയം, സമ്മേളന സ്ഥലത്തോ, മന്ത്രിയുടെ വാസസ്ഥലത്തോ മറ്റുവിധത്തിലുള്ള സുരക്ഷാ ഭീഷണികള്‍ ഒന്നും ഇല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് തെരുവുകളില്‍ നിയമവാഴ്ച ഉറപ്പാക്കുമെന്ന് അവര്‍ യോഗത്തില്‍ പറഞ്ഞു. കാലങ്ങളായുള്ള കണ്‍സര്‍വേറ്റീവ് ഭരണത്തിന്‍ കീഴില്‍ നിയമ വാഴ്ച തകരുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. മോഷണവും പിടിച്ചു പറിയും ഉള്‍പ്പടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വര്‍ദ്ധിച്ചു. ഇത് ഇങ്ങനെ തുടരാന്‍ കഴിയില്ലെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു.

Tags:    

Similar News