അപ്രതീക്ഷിത തിരിച്ചടിയില്‍ ഞെട്ടി ഇസ്രയേല്‍; ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടം; ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം തുടര്‍ന്ന് ഹിസ്ബുള്ള; സൈനികര്‍ക്ക് അടക്കം പരിക്കേറ്റത് ഇസ്രയേലിന് നാണക്കേട്; അയണ്‍ ഡോമിന് പിഴച്ചുവോ?

റോക്കറ്റുകള്‍ വന്ന് പതിച്ചത് കാരണം പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

Update: 2024-10-10 07:18 GMT

ജെറുസലേം: ഇസ്രയേല്‍ ലബനനില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുള്ള നേതൃ നിരയിലെ പ്രമുഖരില്‍ പലരേയും വധിക്കാന്‍ കഴിഞ്ഞു എങ്കിലും അവര്‍ ഇപ്പോഴും ശക്തമായ തോതില്‍ ഇസ്രയേലിലേക്ക് ആക്രമണം തുടരുകയാണ്. ഇന്നലെ ഇസ്രയേലിലെ കിരിയത്ത് ഷമോണയില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അയണ്‍ ഡോമിന് പിഴക്കുന്നുവോ എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്.

നാല്‍പ്പതുകാരായ ദമ്പതികളാണ് മരിച്ചത്. ഇവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജനങ്ങളോട് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇരുപത്തി അയ്യായിരത്തോളം പേരാണ് നേരത്തേ ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഷ്ടിച്ച് മൂവായിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്.ഈ മാസം ഒന്നാം തീയതി ഇസ്രയേല്‍ സൈന്യം ഇസ്രയേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയതിന് ശേഷം പല പ്രാവശ്യം ഹിസ്ബുള്ള ഭീകരര്‍ ഈ മേഖലയിലേക്ക് പല തവണ റോക്കറ്റാക്രമണം നടത്തിയിരുന്നു എങ്കിലും ആദ്യമായിട്ടാണ് ആളുകള്‍ കൊല്ലപ്പടുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ശരിക്കും റോക്കറ്റ് വര്‍ഷമാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയിടെ ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേ സമയം തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ തോതില്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇസ്രയേല്‍ സൈന്യത്തിലെ ഒരു ഓഫീസര്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ വ്യോമസേന ആക്രമണം ശക്തമാക്കിയത്.

ഈ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതോളം റോക്കറ്റുകളാണ് ഇന്നലെ ഹിസ്ബുള്ള ഭീകരര്‍ അയച്ചതെന്നാണ് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ കിരിയത്ത് ഷമോണക്ക് സമീപം ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8 മുതല്‍ ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലിലേക്ക് നടത്തിയ വിവിധ ആക്രമണങ്ങളില്‍ സാധാരണക്കാരായ 28 പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ കിരിയത്ത് ഷമോണ കൂടാതെ ഗലീലിയിലെ പ്രധാന പട്ടണങ്ങളിലേയ്ക്കും ഹിസ്ബുള്ള 40 ഓളം റോക്കറ്റുകള്‍ അയച്ചിരുന്നു. റോക്കറ്റുകള്‍ വന്ന് പതിച്ചത് കാരണം പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

Tags:    

Similar News