ഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്‍കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്

Update: 2024-11-02 04:50 GMT

ജെറുസലേം: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പട്ടത് നയരൂപീകരണ സംഘത്തില്‍ ഉള്‍പ്പെട്ട പ്രമുഖ ഹമാസ് നേതാവ്. ഇസ് അല്‍ദിന്‍ കസബാണ് വധിക്കപ്പെട്ടത്. ഗാസയിലെ ഹമാസിന്റെ അവശേഷിക്കുന്ന നേതാക്കളില്‍ പ്രധാനിയാണ് ഇയാള്‍. ഖാന്‍യുനിസില്‍ നടത്തിയ ആക്രമണത്തിലാണ് കസബ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് ഇയാള്‍.

വിവിധ രാജ്യങ്ങളുമായുള്ള തീവ്രവാദ സംഘടനയുടെ ഏകോപനത്തിന്റെ ചുമതല വഹിച്ചിരുന്നത് ഇയാളാണ്. ഗാസയില്‍ തന്നെയുള്ള മറ്റ് തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിക്കാനും ഹമാസുമായി ഒന്നിച്ച് തീവ്രവാദി ആക്രമണങ്ങള്‍ നടത്താനും ചുമതലപ്പെട്ടയാളാണ് കസബ്. ഈ സംഘടനകളുമായി സൈനികപരമായ കാര്യങ്ങളുടേയും ചുമതല വഹിച്ചിരുന്നത് ഇയാള്‍ തന്നെയായിരുന്നു. ഇസ്രയേലിന് നേര്‍ക്ക് ഹമാസും കൂട്ടാളികളും നടത്തുന്ന മിസൈല്‍, റോക്കറ്റാക്രമണങ്ങള്‍ക്ക് അന്തിമമായി അനുമതി നല്‍കുന്നതും ഇയാളായിരുന്നു. കസബ് കൊല്ലപ്പട്ട വിവരം ഹമാസ് തീവ്രവാദി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാള്‍ക്കൊപ്പം സഹപ്രവര്‍ത്തകനായിരുന്ന അയ്മാന്‍ അയേഷും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഖാന്‍യുനീസില്‍ ഇവര്‍ ഒരു ട്രക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത വിട്ടിട്ടുണ്ട്. അതീവ രഹസ്യമായി തകര്‍ന്ന് കിടക്കുന്ന ഒരു റോഡിലൂടെയാണ് തീവ്രവാദികള്‍ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് കയറി കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും നടത്തിയ ഹമാസിന്റെ തലവന്‍ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കസബിനെ പോല ഭീകരസംഘടനയുടെ ഒരു പ്രധാനിയെ കൂടി ഇസ്രയേല്‍ സൈന്യം വധിക്കുന്നത്.

യാഹ്യാസിന്‍വര്‍ തന്റെ ഒളിയിടത്തില്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇത് പോലെ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് ഹിസ്ബുളള തലവനായിരുന്ന ഹസന്‍ നസറുള്ളയേയും ഇസ്രയേല്‍ വധിച്ചത്. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനമന്ദിരം ആക്രമിച്ചാണ് നസറുള്ളയെ ഇസ്രയേല്‍ വധിച്ചത്. ഇയാള്‍ക്കൊപ്പം ഭീകരസംഘടനയുടെ നിരവധി നേതാക്കളും അന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ പല കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.

ഇതോടെ ഹിസ്ബുളളയും ദുര്‍ബലമായി തീര്‍ന്നിരിക്കുകയാണ്. ഹമാസിന്റെ സൈനിക മേധാവിയായിരുന്ന മുഹമ്മദ് ദെയ്ഫിനെ വധിച്ചതായി ഇസ്രയേല്‍ നേരത്തേ അവകാശപ്പെട്ടിരുന്നു എങ്കിലും ഹമാസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ നടത്തിയ ഭീകരാക്രമണത്തില്‍ യാഹ്യാ സിന്‍വറിന് ഒപ്പം പ്രവര്‍ത്തിച്ച ഭീകരനായിരുന്നു ഇയാള്‍.

Tags:    

Similar News