ഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കം 'സര്‍വ്വ സൈനാധിപന്' വിനയായോ? ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും തകര്‍ക്കാനുള്ള യുദ്ധ നീക്കങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രിക്ക് മാറ്റം; നെതന്യാഹുവിന്റേത് അവിശ്വാസിയെ മാറ്റിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

Update: 2024-11-06 03:44 GMT

ടെല്‍അവീവ്: ഇസ്രയേലില്‍ സര്‍വ്വസേനാധിപനെ മാറ്റി നെതന്യാഹു. ഇസ്രയേലില്‍ നിലവിലെ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രതിരോധമന്ത്രിയാകും. പ്രതിരോധ മന്ത്രിയായിരുന്ന യെവ് ഗാലന്റിനെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ കാറ്റ്സ് പ്രതിരോധ മന്ത്രിയാകുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നത്. സൈനിക നടപടികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടെന്നും, അതിനാല്‍ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗലാന്റിനെ നെതന്യാഹു പുറത്താക്കിയത്.

യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ് എന്നും ആദ്യ മാസങ്ങളില്‍ ഗാലന്റില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു എന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ഗാലന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിയെച്ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗാലന്റിന്റെ മാറ്റം. നെതന്യാഹുവിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.

യുദ്ധത്തിലും ഭരണത്തിലും സമ്പൂര്‍ണ്ണ നിയന്ത്രണം ലക്ഷ്യമിട്ടാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. ഗാസ യുദ്ധവുമായി ബന്ധപ്പെട്ടും ഇരുവരും മന്ത്രിസഭാ യോഗങ്ങളില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടിരുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും താന്‍ മുന്‍ഗണന നല്‍കിയതെന്നും, അത് തുടരുമെന്നും പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് എക്സില്‍ കുറിച്ചു. ഗിഡോവന്‍ സാര്‍ ഇസ്രയേലിന്റെ പുതിയ വിദേശകാര്യ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു എങ്കിലും ഏപ്രില്‍ മാസത്തില്‍ തന്നെ തിരികെയടുക്കുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ടെല്‍ അവീവില്‍ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. അതേ സമയം യവ് ഗാലന്റുമായിട്ടുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞ് തീര്‍ക്കാന്‍ താന്‍ പല തവണ ശ്രമിച്ചിരുന്നു എങ്കിലും ഗാലന്റിന്റെ നടപടികള്‍ അതിന് വിഘാതം സൃ്ഷ്ടിക്കുകയായിരുന്നു എന്നാണ് നെതന്യാഹു പറയുന്നത്. രാജ്യത്തിന്റെ ശത്രുക്കള്‍ ഈ അഭിപ്രായഭിന്നതകള്‍ ശരിക്കും മുതലെടുക്കുക ആയിരുന്നു എന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.

അതിനിടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ എത്രയും വേഗം തിരികെ കൊണ്ട് വരണമെന്ന് യവ്ഗാലന്റ് ആവശ്യപ്പെട്ടു. ഇതിനായി അനാവശ്യമായ വ്യവസ്ഥകള്‍ക്ക് വഴങ്ങിക്കൊടുക്കരുതെന്നും ഗാലന്റ് നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷത്തിലധികമായി നീണ്ടു പോകുന്ന യുദ്ധം ഇസ്രയേല്‍ സൈനികര്‍ക്ക് ശാരീരികമായും ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പല പ്രാവശ്യം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് യവ് ഗാലന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇസ്രയേലില്‍ നിര്‍ബന്ധിത സേവനം ഏര്‍്പ്പെടുത്തിയത്. ഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കമാണ് ഗാലന്റിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്. മൂവായിരത്തോളം പേര്‍ക്ക ഇതിനകം തന്നെ നിയമമന ഉത്തരവുകളും അയച്ചിട്ടുണ്ട്. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ ഗാലന്‍ര് കാട്ടിയ അമിത താല്‍പ്പര്യത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേ സമയം പ്രതിരോധമന്ത്രി എന്ന നിലയില്‍ ഗാലന്റ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പ്രതിരോധമന്ത്രിമായും മികച്ച സഹകരണം തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News