വോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമല

Update: 2024-11-07 00:50 GMT

വാഷിങ്ടണ്‍: 'പരാജയം ഞാന്‍ സമ്മതിക്കുന്നു എന്നാല്‍, ഈ പ്രചാരണത്തില്‍ ഇന്ധനമായ പോരാട്ടം ഞാന്‍ അവസാനിപ്പിക്കില്ല' തെരഞ്ഞെടുപ്പ് പരാജയമറിഞ്ഞ് തിങ്ങിക്കൂടിയ അണികളോട് സംസാരിക്കുമ്പോള്‍ കമലാ ഹാരിസിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അത്രയും വ്യക്തമായ ജയമാണ് ഡൊണാള്‍ഡ് ട്രംപ് നേടിയെടുത്തത്. എലക്റ്ററല്‍ വോട്ടുകള്‍300 കടന്നു. ആര്‍ക്കെന്ന് പറയാനാകാതെ ആടിനിന്ന ഏഴ് സംസ്ഥാനങ്ങളില്‍ അഞ്ചിലും വ്യക്തമായ ജയം ഉറപ്പിച്ചു. നിറകണ്ണുകളോടെ കമല അണികളോട് സംസാരിക്കുമ്പോള്‍ തൊട്ടടുത്ത് ദുഖിതനായി ഭര്‍ത്താവ് ഡഗ് എംഹോഫും ഉണ്ടായിരുന്നു.

'നമ്മള്‍ ആഗ്രഹിച്ചതല്ല, പോരാടിയതല്ല, എന്തിന്വേണ്ടിയാണോ പോരാടിയത് അതുമല്ല സംഭവിച്ചത്. എന്നാല്‍, നമ്മള്‍ തളരാത്തിടത്തോളം കാലം, പോരാട്ടം അവസാനിപ്പിക്കാത്തിടത്തോളം കാലം അമേരിക്ക നല്‍കുന്ന വാഗ്ദാനങ്ങളുടെ വെളിച്ചം കെട്ടുപോവുകയില്ല' അവര്‍ തുടര്‍ന്നു. തന്നെ പിന്തുണച്ചവര്‍ക്കും, തന്നോടൊപ്പം നിന്ന ജീവനക്കാര്‍ക്കും ഒപ്പം പ്രസിഡണ്ട് ജോ ബൈഡനും അവര്‍ നന്ദി പറഞ്ഞു. അതിനോടൊപ്പം തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതില്‍ അവര്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു.

സമ്മിശ്ര വികാരങ്ങളാണ് മനസ്സില്‍ അലയടിക്കുന്നതെന്ന് പറഞ്ഞ കമല ഹാരിസ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുന്നു എന്നും പറഞ്ഞു. നേരത്തെ, തെരഞ്ഞെടുപ്പില്‍ വിജയിയായ ഡൊണാള്‍ഡ് ട്രംപിനെ അനുമോദിച്ചു എന്ന് പറഞ്ഞ കമല ഹാരിസ്, സമാധാനപൂര്‍ണ്ണമായ ഒരു അധികാര കൈമാറ്റം സാധ്യമാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും പറഞ്ഞു. പരാജയം അംഗീകരിക്കുന്നു എന്നതാണ് ജനാധിപത്യത്തെയും ഏകാധിപത്യത്തെയും തമ്മില്‍ വ്യത്യാസപ്പെടുത്തുന്നത് എന്നും അവര്‍ പറഞ്ഞു.

പരാജയപ്പെട്ടു എന്ന് ഇനിയും അംഗീകരിക്കാന്‍ മടിക്കുന്ന ആരാധകര്‍ കണ്ണീരൊഴുക്കിയായിരുന്നു കമല ഹാരിസിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തത്. ഇടക്കിടെ അവര്‍ 'കമല' എന്ന് അലറി വിളിക്കുന്നുമുന്റായിരുന്നു. പ്രത്യാശയുടെ നാമ്പുകള്‍ നല്‍കുമ്പോഴും യുവതലമുറയ്ക്ക് വരാനിരിക്കുന്ന ഇരുണ്ട നാളുകളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനും അവര്‍ മടിച്ചില്ല. 'നമ്മള്‍ പോരാടുമ്പോള്‍, നമ്മള്‍ക്ക് വിജയം സുനിശ്ചിതമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാണ് സംഭവിച്ചത്. ചിലപ്പോഴൊക്കെ വിജയത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും' അവര്‍ പറഞ്ഞു.

ഒരു പഴയ ചൊല്ല് ഓര്‍ത്തെടുത്ത് അവര്‍ പറഞ്ഞു, ' ഇരുളിന് കനം കൂടുമ്പോള്‍ മാത്രമെ നക്ഷത്രങ്ങളെ വ്യക്തമായി കാണാനാകൂ,ഇപ്പോള്‍ നമ്മള്‍ ഇരുളിലേക്ക് നടന്നടുക്കുകയാണ് എന്ന് പലരും ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ടാകും' അവര്‍ പറഞ്ഞു. പ്രചാരണത്തിന് ചുക്കാന്‍ പി്യുടിച്ച ജെന്‍ ഒ മെല്ലി, ഡേവിഡ് പ്ലോഫ്, ബ്രിയാന്‍ ഫാലോന്‍ എന്നിവരെല്ലാം കമലാ ഹാരിസ് സംസാരിക്കുമ്പോള്‍ തൊട്ടടുത്ത് നില്‍പ്പുണ്ടായിരുന്നു. ഏതാണ്ട് 15 മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു കമല ഹാരിസിന്റെ പ്രസംഗം.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് (78) അധികാരം ഉറപ്പിച്ചുകഴിഞ്ഞു. അമേരിക്കയുടെ 47ാം പ്രസിഡന്റായി ആധികാരിക വിജയം. ഇലക്ടറല്‍ കോളേജിന് പുറമേ കൂടുതല്‍ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമഗ്രാധിപത്യം. 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതല്‍ 1889 വരേയും 1893 മുതല്‍ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്ലാന്‍ഡായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡിന് ഉടമ.

2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡന്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍, 70 വയസ്സുള്ളപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരില്‍ ഒരാളാണ് അദ്ദേഹം. ദേശീയവാദം കൈമുതലാക്കിയ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൊണ്ടും കൂട്ട നാടുകടത്തലുകളാലും ശ്രദ്ധനേടി. ഇപ്പോള്‍ കമലാ ഹാരീസിനേയും.

Tags:    

Similar News