ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ ട്രംപിനെതിരെ പ്രതിഷേധം; ഹാരി രാജകുമാരനെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനോട് ക്ഷമ പറയുമോ?

Update: 2024-11-07 04:11 GMT

ലണ്ടന്‍: അങ്ങാടിയില്‍ തോറ്റതിന് എംബസിയുടെ നെഞ്ചത്ത് എന്നാണ് ബ്രിട്ടനിലെ നവലിബറലുകളുടെ സമീപനം. അമേരിക്കന്‍ ജനത ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കോപാകുലരായ അവര്‍ ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധത്തിനായി ആഹ്വാനം നല്‍കി. 130 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ തുടര്‍ച്ചയായിട്ടല്ലാതെ ഒരാള്‍ രണ്ടാം തവണ പ്രസിഡണ്ടാകുന്നത്. മാത്രമല്ല,. ആ പദവിക്ക് അര്‍ഹരായവര്‍ രണ്ടു പേര്‍ മാത്രവും. അമേരിക്കക്കാര്‍ക്ക് ട്രംപ് പ്രസിഡണ്ടായതില്‍ സന്തോഷമുണ്ടെങ്കിലും ബ്രിട്ടനിലെ ലിബറലുകള്‍ക്ക് അങ്ങനെയല്ല.

ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നല്‍കിയത് സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോര്‍ഷന്‍ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാര്‍ കൊയലിഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും 'നൊ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി. ട്രംപിന്റെ വംശീയ ചിന്തകള്‍ക്കും, ആശയഭ്രാന്തിനും വെറുപ്പ് വിതറുന്ന സമീപനത്തിനും എതിരെ പ്രതിഷേധം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ആഹ്വാനങ്ങളില്‍ പറഞ്ഞിരുന്നത്.പിന്നീട് അവര്‍ എംബസിക്ക് മുന്‍പില്‍ തടിച്ചു കൂടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.

ശോചനീയമാണ് പ്രതിഷേധക്കാരുടെ അവസ്ഥ എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വന്ന ചില കമന്റുകള്‍. അമേരിക്കയില്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധിക്കുന്നവരെ കുറിച്ച് സഹതാപം രേഖപ്പെടുത്തുന്ന കമന്റുകളും പ്രതിഷേധാഹ്വാനത്തിന് താഴെ വന്നിട്ടുണ്ട്. നിങ്ങളുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭിവകതയുണ്ട്, അത് മറ്റുള്ളവര്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

ജനാധിപത്യം പോലും ഇഷ്ടപ്പെടാത്ത ഇടതുപക്ഷക്കാരാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു. റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജ് പറഞ്ഞത്. അതിനിടയില്‍, ട്രംപിനെ നിയോ നാസി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അവഹേളിച്ച ഫോറിന്‍ സെക്രട്ടറിയും മറ്റ് മുതിര്‍ന്ന ലേബര്‍ നേതാക്കളും മാപ്പ് പറയണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ ഇടതുപക്ഷത്തോടൊപ്പം ട്രംപിന്റെ വിജയം വിറളിപിടിപ്പിക്കുന്ന മറ്റൊരു വ്യക്തിയുണ്ട്, ഹാരി രാജകുമാരന്‍. നേരത്തെ തന്നെ, അമേരിക്കയില്‍ ഹാരിക്ക് ഒരു പ്രത്യേക പരിഗണനയും ലഭിക്കില്ല എന്ന് ട്രംപ് പറഞ്ഞിരുന്നു. 2020 ല്‍ രാജകുടുംബം വിട്ടിറങ്ങിയ അന്ന് മുതല്‍ തന്നെ ഹാരിയുടെ വിമര്‍ശകനായിരുന്നു ട്രംപ്. തന്റെ മുത്തശ്ശിയോട് മറക്കാനും പൊറുക്കാനും പറ്റാത്ത ചതിയാണ് ഹാരി ചെയ്തതെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ചെറുപ്പകാലത്ത് മയക്ക് മരുന്ന് ഉപയോഗിച്ചതിനെ കുറിച്ച് ഹാരി പരാമര്‍ശിച്ചിരുന്നു. വിസ അപേക്ഷയില്‍ മയക്കു മരുന്ന് ഉപയോഗം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഹാരിയെ നാടുകടത്തിയേക്കുമെന്ന് മാര്‍ച്ച് മാസത്തില്‍ തന്നെ ട്രംപ് പറഞ്ഞിരുന്നു. ഹാരിയുടെ വിസ അപേക്ഷ ശേഖരിച്ച് അത് പ്രസിദ്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ട്രംപ് ഇത് പറഞ്ഞത്.

Tags:    

Similar News