ഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്‍കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്

Update: 2024-11-27 03:46 GMT

സ്രയേലുമായി വെടിനിര്‍ത്തലിന് ഒടുവില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ സമ്മതിച്ചതിന് കാരണങ്ങള്‍ നിരവധിയാണ്. പ്രധാനമായും ലബനീസ് ജനതയുടെ എതിര്‍പ്പ് തന്നെയാണ് ഹിസ്ബുള്ളയെ തത്ക്കാലത്തേക്ക് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന മനോഹരമായ ഈ രാജ്യത്തെ ശ്മശാന തുല്യമാക്കിയതിന് പിന്നില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ തന്നെയായിരുന്നു. ഹമാസ് ഭീകരര്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളാക്കി മാറ്റിയത് പോലെ ഹിസ്ബുള്ള വീടുകളാണ് ആയുധം സൂക്ഷിക്കാനായി ഉപയോഗിച്ചത്.

വീടുകളിലെ തട്ടിന്‍പുറങ്ങളില്‍ മിസൈലുകളും സ്വീകരണ മുറിയില്‍ റോക്കറ്റുകളും ഇവര്‍ സ്ഥാപിച്ചതിന്റെ ദൃശ്യങ്ങള്‍ ഇസിരയേല്‍ പുറത്ത് വിട്ടിരുന്നു. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന്റെ അടുത്ത ദിവസം മുതല്‍ തന്നെ ഹിസ്ബുള്ള ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇസ്രയേലിലേക്ക് നിരന്തമായി ആക്രമണം നടത്തുകയായിരുന്നു. ഏതായാലും ഇസിരയേലിനെം സംബന്ധിച്ച് വെടിനിര്‍ത്തല്‍ കരാറിലൂടെ ഒരു തലവേദന ഒഴിവായി എന്ന് തന്നെ പറയാം. ഇനി ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാനായിരിക്കും എന്നത് ഉറപ്പാണ്.

ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും എല്ലാം ആയുധവും പണവും പരിശീലനവും എല്ലാം നല്‍കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കുക എന്നത് ഇസ്രയേലിന്റെ പ്രധാന ടാര്‍ജറ്റായിരിക്കും. എന്നാല്‍ ഹിസ്ബുള്ള ഇനി പ്രകോപനം സൃഷ്ടിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധം തീര്‍ക്കാം എന്നത് ഇക്കാര്യത്തില്‍ ഏറെ സഹായകമാകും. അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ പിന്തുണ അറിയിച്ചപ്പോള്‍ ഹിസ്ബുള്ള നേതൃത്വം ഇനിയും ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. വടക്കന്‍ അതിര്‍ത്തിയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ കരാര്‍ ഏറെ സഹായകമാകും എന്നാണ് ജോബൈഡന്‍ പ്രതികരിച്ചത്.

എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് കരാറിലൂടെ ഇനി തങ്ങള്‍ക്ക് ഇറാനെ നേരിടുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നാണ്. കഴിഞ്ഞ ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈലാക്രമണം നടത്തിയിരുന്നു. കൂടാതെ ഹമാസിനെ നേരിടുന്ന

കാര്യത്തിലും ഇസ്രയേലിന് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ കഴിയുമെന്നും നെതന്യാഹു വിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് മന്ത്രിസഭ അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് അറിയിച്ചത്.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ക്കരാര്‍ ഹിസ്ബുള്ള ലംഘിച്ചാല്‍ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്തിമ അംഗീകാരത്തിനായി കരാര്‍ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്. യുദ്ധലക്ഷ്യങ്ങളില്‍ പലതും കൈവരിച്ചു. അവരുമായുള്ള സംഘര്‍ഷത്തിനിടെ വടക്കന്‍ ഇസ്രയേലില്‍നിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേല്‍ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും.

ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാര്‍ ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ക്കരാര്‍ ഉടനെ നടപ്പാക്കണമെന്ന് ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും അറിയിച്ചു. യു.എസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ കൊണ്ടുവരുന്ന വെടിനിര്‍ത്തല്‍ക്കരാറിനാണ് അനുമതി നല്‍കിയത്. കരാറിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടെന്ന് ലെബനീസ് അധികൃതര്‍ പറഞ്ഞു. രണ്ടുമാസത്തെ വെടിനിര്‍ത്തല്‍, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കന്‍ ലെബനനിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കല്‍, ലെബനനില്‍നിന്നുള്ള ഇസ്രയേല്‍സേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് വിവരം.

ഹിസ്ബുള്ള വാക്കുതെറ്റിച്ചാല്‍ സ്വയംപ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം കരാറില്‍ ചേര്‍ക്കാന്‍ ലെബനന്‍ സമ്മതിച്ചിട്ടില്ല. കരാര്‍ നടപ്പാക്കുന്നതില്‍ യൂണിഫിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News