നികുതിഭാരവും ദുര്‍ഭരണവും മടുത്ത ബ്രിട്ടീഷ് ജനതയെ വഞ്ചിക്കാന്‍ കമ്മിറ്റിക്ക് രൂപം നല്‍കി കീര്‍ സ്റ്റര്‍മാര്‍; എട്ടു വര്‍ഷം മുന്‍പ് ജനങ്ങള്‍ വോട്ട് ചെയ്ത് നേടിയ ബ്രെക്‌സിറ്റ് ഇല്ലാതാക്കാന്‍ നീക്കം സജീവം; വളഞ്ഞ വഴിയിലൂടെ വീണ്ടും യൂറോപ്യന്‍ നിയന്ത്രണം
ലണ്ടന്‍: എട്ടു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് ജനത തിരസ്‌കരിച്ച ബ്രെക്സിറ്റ് വളഞ്ഞ വഴിയിലൂടെ തിരികെ കൊണ്ടുവരാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. നൂറിലധികം സിവില്‍ ഉദ്യോഗസ്ഥരുടെ ശക്തമായ ഒരു ഗ്രൂപ്പ് ബ്രസ്സല്‍സുമായുള്ള ചര്‍ച്ചകള്‍ക്കായി രൂപീകരിച്ചു കഴിഞ്ഞു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2016-ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്റെ തീരുമാനത്തെ മാറ്റിമറിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രെക്സിറ്റ് നല്‍കിയ സ്വാതന്ത്ര്യത്തെയും അവസരങ്ങളെയും എന്നന്നേക്കുമായി ഇല്ലാതെയാക്കാനും ബ്രിട്ടനെ, യൂറോപ്യന്‍ യൂണിയന്റെ, നിയമം നിര്‍മ്മിക്കാന്‍ അധികാരമില്ലാത്ത,നിയമം അനുസരിക്കാന്‍ വിധിക്കപ്പെട്ട ഒരു അംഗരാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ബ്രിട്ടനും, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തമാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്, യുവാക്കള്‍ക്ക് ബ്രിട്ടനിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അംഗീകരിക്കുക എന്നതുകൂടാതെ ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മത്സ്യബന്ധന അവകാശം നല്‍കുക എന്നതു കൂടിയാണ്.
യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാന്‍, ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് ബ്രിട്ടന്‍ തയ്യാറാവുകയാണെങ്കില്‍, അത്, ഇനി വരുന്ന ടോറി സര്‍ക്കാരിന് മാറ്റാന്‍ ക്ലേശകരമാക്കുന്നതിനുള്ള ഉപായങ്ങളാണ് ഈ സംഘം ആലോചിക്കുന്നത് എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഈ സംഘത്തില്‍ എടുത്തിട്ടുണ്ട്. മാത്രമല്ല, അവരുടെ ജോലി തടസ്സമില്ലാതെ മുന്‍പോട്ട് പോകുന്നതിനായി ആവശ്യമായ എന്തും ഏത് സമയത്തും വൈറ്റ്‌ഹോളിന്റെ ഏത് മൂലയില്‍ നിന്നും ആവശ്യപ്പെടാനുള്ള അധികാരവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ പുറകോട്ട് കൊണ്ടുപോവുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് കെമി ബേഡ്‌നോക്ക് ആരോപിച്ചിരുന്നു.ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ മുതല്‍, ഷാഗോസ് ദ്വീപുകളുടെ കാര്യത്തില്‍ വരെ കീര്‍ സ്റ്റാര്‍മര്‍, അങ്ങോട്ട് കൊടുക്കുക എന്നതല്ലാതെ, രാജ്യത്തിനായി ഇങ്ങോട്ട് ഒന്നും വാങ്ങുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാണിച്ചു. യൂറോപ്യന്‍ യൂണിയന്റെ കംഫര്‍ട്ട് സോണിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് ജനങ്ങള്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ദേശീയ സൂരക്ഷാ ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന, നമ്പര്‍10 ന്റെ വാതിലിനോട് ചേര്‍ന്നുള്ള സുപ്രധാനമായ ക്യാബിനിലായിരിക്കും ഈ പുതിയ സംഘം ഇരിക്കുക എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാബിനറ്റ് ഓഫീസിലെ അതീവ പ്രാധാന്യമുള്ള മുറിയാണിത്. പ്രതിവര്‍ഷം 2 ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്ന, ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും ഈ സംഘത്തെ നയിക്കുന്നത്. സെക്കന്‍ഡ് പെര്‍മെനന്റ് സെക്രട്ടറി എന്ന പദവിയും ഇയാള്‍ക്ക് ഉണ്ടായിരിക്കും.
ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്, നേരത്തെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ലോര്‍ഡ് ഫ്രോസ്. സര്‍ക്കാരിലുള്ള എല്ലാവരും ഒരു ദിവസം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ചേരുന്നതാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പരഞ്ഞു. ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്ന് വന്നാല്‍ മാത്രമെ ഇതിനെ തടയാന്‍ കഴിയുമയുള്ളു എന്നും അദ്ദേഹം പറയുന്നു. നമ്മുടെ മത്സ്യബന്ധന ഇടങ്ങള്‍ നഷ്ടപ്പെടുത്തിയും, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ നമുക്ക് മേലടിച്ചേല്‍പ്പിച്ചുമാണ് അവര്‍ പുനക്രമീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.