'അസര്‍ബയ്ജാന്‍ വിമാനാപകടം ദാരുണമായ സംഭവം'; റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നു; വിമാനദുരന്തത്തില്‍ അസര്‍ബൈജാനോട് മാപ്പ് ചോദിച്ച് വ്‌ലാഡിമിര്‍ പുട്ടിന്‍; ഖേദപ്രകടനം, വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ
വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ
മോസ്‌കോ: വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുട്ടിന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവര്‍ക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുട്ടിന്‍ പറഞ്ഞു. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുട്ടിന്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.
'റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുതിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു' എന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസര്‍ബയ്ജാനി പാസഞ്ചര്‍ വിമാനം ഗ്രോസ്‌നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഗ്രോസ്‌നി, മോസ്‌ഡോക്ക്, വ്‌ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങളില്‍ യുക്രൈന്റെ ഡ്രോണുകള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രെംലിന്‍ വിശദീകരിക്കുന്നു.
അസര്‍ബൈജാന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപിച്ചിരുന്നു. സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിമാനത്താവളത്തിലേക്കുള്ള പത്തു സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
വിമാനാപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേരെങ്കിലും മരിച്ചതായി കസഖ്സ്ഥാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റും ഉള്‍പ്പെടുന്നു. അസര്‍ബൈജാന്‍, കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ J2 8243 വിമാനം തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു, 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് ജീവനക്കാരുള്‍പ്പെടെ 67 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി അക്താവുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റാണെന്ന സൂചനകള്‍ തുടക്കം മുതലേ പുറത്തുവന്നിരുന്നു. യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനുനേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം. സൈനിക വിദഗ്ധരും ഈ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്നായിരുന്നു അന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.
2014-ല്‍ റഷ്യന്‍ പിന്തുണയോടെ വിമതര്‍ കിഴക്കന്‍ യുക്രൈനില്‍ ആക്രമണം നടത്തുമ്പോള്‍ അയച്ച മിസൈലേറ്റ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ചിരുന്നു.