ട്രംപ് ആദ്യം വിളിച്ചത് സൗദി കിരീടാവകാശി എംബിഎസ്സിനെ; എണ്ണ വില കറക്കണമെന്ന് ആവശ്യപ്പെട്ടു; അമേരിക്കയില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് സമ്മതിച്ച് സൗദി: സൗദിയെ പിടിച്ച് പശ്ചിമേഷ്യയിലേക്ക് അമേരിക്ക
ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന്ന ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം ഫോണില്‍ സംസാരിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായിട്ടാണ്. ഇക്കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷം ട്രംപ് ഏതൊക്കെ രാജ്യങ്ങളുടെ കാര്യത്തിലാണ് മുന്‍ഗണന നല്‍കുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ഫോണ്‍ സംഭാഷണം എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായും ബിന്‍ സല്‍മാന്‍ സംസാരിച്ചിരുന്നു.
വ്യാഴാഴ്ച അതിരാവിലെയാണ് നയതന്ത്ര നീക്കങ്ങള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത നാല് വര്‍ഷത്തിനകം അമേരിക്കയില്‍ 60000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ബിന്‍ സല്‍മാനെ ഉദ്ധരിച്ചുള്ള വാര്‍ത്ത. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെലിഫോണില്‍ ഇരുനേതാക്കളും ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അമേരിക്കയില്‍ എവിടെയാണ് സൗദിയുടെ നിക്ഷേപം വരിക എന്ന് വ്യക്തമല്ല. നേരത്തെ സൗദിയുടെ ക്രൂഡ് ഓയില്‍ വന്‍തോതില്‍ വാങ്ങിയ അമേരിക്ക അടുത്ത കാലത്തായി ഇടപാട് കുറച്ചിട്ടുണ്ട്.
അമേരിക്കയിലെ വന്‍കിട ബിസിനസുകളിലെല്ലാം സൗദിക്ക് നിക്ഷേപമുണ്ട്. സൗദിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കായിക മേഖലയിലും നിക്ഷേപം കോടികളാണ്. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്ക് ആയിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 2017ല്‍ സൗദി 45000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞതോടെയാണ് ആദ്യ സന്ദര്‍ശനം റിയാദിലേക്ക് ആക്കിയത്. ഇനിയും സംഭവിച്ചേക്കും എന്ന ട്രംപിന്റെ ഈ പ്രതികരണമാണ് സൗദിയിലേക്ക് വീണ്ടുമെത്തുമെന്ന പ്രചാരണത്തിന് കാരണം.
സല്‍മാന്‍ രാജകുമാരനെ പല സന്ദര്‍ഭങ്ങളിലും ഗംഭീര വ്യക്തിത്വം എന്നാണ് ട്രംപ് വിശേഷിപ്പിക്കാറുള്ളത്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതും തീവ്രവാദം അമര്‍ച്ച ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായിട്ടാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. അതിനിടെ എണ്ണവില കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. സൗദി അറേബ്യ അമേരിക്കയില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് സമ്മതിച്ചിട്ടുള്ളതായും അദ്ദേഹം യോഗത്തില്‍ വെളിപ്പെടുത്തി.
സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യുന്നതാണ് പതിവെങ്കിലും താന്‍ സൗദി കിരീടാവകാശിയെ ആണ് ആദ്യം ഫോണ്‍ ചെയ്തതെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്തും സൗദിയുമായി അദ്ദേഹം വളരെ മികച്ച ബന്ധമാണ് സ്ഥാപിച്ചിരുന്നത്. സൗദിയെ എപ്പോഴും ശത്രുവായി കാണുന്ന ഹൂത്തി വിമതരയേും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അമേരിക്ക ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.