ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ച 40 ശതമാനം പേരും പിന്തുണ പിന്‍വലിച്ചു; ടോറികളെ പിന്തുണച്ച നാലില്‍ ഒന്ന് പേരും റിഫോം യുകെയിലേക്ക് മാറി; നൈജല്‍ ഫാരേജിന്റെ പുതിയ പാര്‍ട്ടി ലേബറിനെയും ടോറികളെയും മറികടന്ന് അഭിപ്രായ സര്‍വേയില്‍ ഒന്നാമത്; ബ്രിട്ടണില്‍ സംഭവിക്കുന്നത്

Update: 2025-02-05 01:02 GMT

ലണ്ടന്‍: മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെയും പിന്തുടര്‍ന്ന് ബ്രിട്ടനും സുവ്യക്ത വലതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് പുതിയ അഭിപ്രായ സര്‍വ്വേഫലം നല്‍കുന്നത്. ദേശീയ തലത്തില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ഇതാദ്യമായി നെയ്ജന്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി ലേബര്‍ പാര്‍ട്ടിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. യുഗോ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 25 ശതമാനം പോയിന്റുകള്‍ നേടിയാണ് റിഫോം യു കെ ഒന്നാം സ്ഥാനത്ത് എത്തിയത്. ലേബര്‍ പാര്‍ട്ടിക്ക് 24 ശതമാനം പോയിന്റ്‌ലഭിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 21 ശതമാനം മാത്രം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയായി സ്‌കൈ ന്യൂസിന്റെ അഭിപ്രായ സര്‍വ്വേഫലവും പുറത്തു വന്നു. ഈ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്തവരില്‍ നാലിലൊന്ന് പേരും പറഞ്ഞത് അവര്‍ ഇപ്പോള്‍ പിന്താങ്ങുന്നത് റിഫോം യു കെയെയാണ് എന്നായിരുന്നു. റിഫോം പാര്‍ട്ടി, വലതുപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനേ സഹായിക്കൂ എന്ന പൊതു ധാരണ തിരുത്തിക്കൊണ്ട്, ലേബര്‍ പാര്‍ട്ടിയുടെ വോട്ടുകളും റിഫോം യു കെ ആകര്‍ഷിക്കാന്‍ തുടങ്ങി എന്ന് ഈ സര്‍വ്വേഫലം തെളിയിക്കുന്നു.

കഴിഞ്ഞ ജൂലായില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍, ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവരില്‍ 60 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്. 18 ശതമാനം പേര്‍ പറഞ്ഞത്, പാര്‍ട്ടിയെ പിന്തുണയ്ക്കില്ല എന്നാണ്. യുഗോവിനെ സര്‍വ്വേഫലം പറയുന്നത്., നാളെ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, 25 ശതമാനം ബ്രിട്ടീഷ് വോട്ടര്‍മാര്‍ റിഫോം യു എ പാര്‍ട്ടിക്ക് വോട്ടു ചെയ്യും എന്നാണ്. 24 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍ 21 ശതമാനം പേര്‍ ടോറികള്‍ക്കും വോട്ട് ചെയ്യും.

ബ്രിട്ടന്‍ പരിഷ്‌കരണം ആഗ്രഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു സര്‍വ്വേഫലം പുറത്തു വന്നതിനു ശേഷം ഫരാജ് പ്രതികരിച്ചത്. കഴിഞ്ഞ സര്‍വ്വേയെ അപേക്ഷിച്ച് ലേബര്‍ പാര്‍ട്ടിക്ക് മൂന്ന് പോയിന്റുകള്‍ കുറഞ്ഞപ്പോള്‍ റിഫോം യു കെയ്ക്ക് രണ്ട് പോയിന്റുകള്‍ അധികമായി നേടാനായി. നാമമാത്രമായ ഒരു ലീഡാണ് ഫരാജിന്റെ പാര്‍ട്ടിക്ക് നേടാനായതെങ്കിലും, ബ്രിട്ടനില്‍ വലതുപക്ഷ സ്വാധീനം വര്‍ദ്ധിച്ചു വരുന്നതായുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. മാത്രമല്ല, മൂന്ന് പാര്‍ട്ടികളും ഏകദേശം ഒപ്പത്തിനൊപ്പമെത്തിയതോടെ ദ്വികക്ഷി രാഷ്ട്രീയം എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയുമാണ്.

ഈ മൂന്ന് പാര്‍ട്ടികള്‍ക്ക് പുറകിലായി, ലിബറല്‍ ഡെമോക്രാറ്റുകള്‍ 14 ശതമാനം പോയിന്റുകള്‍ നേടിയപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിക്ക് നേടാനായത് ഒന്‍പത് പോയിന്റുകളാണ്. എസ് എന്‍ പി മൂന്നും പ്ലെയ്ഡ് സൈമ്രു ഒന്നും പോയിന്റുകള്‍ നേടി തത്സ്ഥാനത്ത് തന്നെ തുടരുന്നു. അടുത്തിടെ നടന്ന മറ്റൊരു അഭിപ്രായ സര്‍വ്വേഫലത്തില്‍ പറയുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍, റിഫോം യു കെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെതിനേക്കാള്‍ കൂടുതല്‍ ലേബര്‍ പാര്‍ട്ടിയുടെ സീറ്റുകളാണ് പിടിച്ചെടുക്കാന്‍ സാധ്യത എന്നാണ്. ചുവപ്പ് ചുവരിനകത്തെ നിരവധി സീറ്റുകള്‍ അടുത്ത തവണ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമാകും എന്നാണ് സൂചന.

Similar News