ചൈനീസ് വെബ്സൈറ്റുകളില്‍ നിന്ന് അമേരിക്കക്കാര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നു; പുതിയ ഓര്‍ഡറുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നു; ജനരോഷം ശക്തമായപ്പോള്‍ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച് ട്രംപ്
വാഷിങ്ടണ്‍: ചൈനീസ് വെബ്സൈറ്റുകളില്‍ നിന്ന് അമേരിക്കക്കാര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പലതും ട്രംപ് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പല വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുകയാണ്. പുതിയതായി ഓര്‍ഡര്‍ ചെയ്ത പല സാധനങ്ങളുടേയും വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. ജനരോഷം ശക്തമായ സാഹചര്യത്തില്‍ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ്. ചൈനീസ് ഓണ്‍ലൈന്‍ സൈററുകളായ ഷീന്‍, ടെമു എന്നിവയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തവരാണ് വെട്ടിലായിരുന്നത്.
ഇറക്കുമതി ചുങ്കത്തിന്റ കാര്യത്തില്‍ അന്തിമതീരുമാനം വരുന്നത് വരെ ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ കഴിഞ്ഞ ബുധനാഴ്ചയാണ് തീരുമാനിച്ചിരുന്നത് എങ്കിലും ഇന്നലെ മാത്രമാണ് ഉത്തരവ് പുറത്തിറങ്ങിയത്. അമേരിക്കയിലെ വ്യാപാര സമൂഹം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ മാത്രം സമയം അനുവദിച്ചാണ് ട്രംപ് ഇറക്കുമതി ചുങ്കം ഉയര്‍ത്തിയ തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പുതിയ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പാഴ്സലുകള്‍ സ്വീകരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ പത്ത് ലക്ഷത്തോളം പാഴ്സലുകളാണ് കെട്ടിക്കിടക്കുന്നത്.
വിക്ടോറിയ അലോറിയ എന്ന ടിക് ടോക്ക് ഉപഭോക്താവ് ചൈനയിലെ പ്രമുഖ സ്ഥാപനമായ മെഷ്‌കിയില്‍ നിന്ന് താന്‍ ഓര്‍ഡര്‍ ചെയ്ത തുണിത്തരങ്ങള്‍ക്ക് വന്‍തോതില്‍ നികുതി നല്‍കേണ്ടി വന്നതിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു. 304 ഡോളറിന് പകരം തനിക്ക് 441.88 ഡോളര്‍ നല്‍കേണ്ടി വന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ചൈനയിലെ പല പ്രമുഖ കമ്പനികളും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് പുതിയ അധിക നികുതി കൂടി ചേര്‍ത്താണ് ഇപ്പോള്‍ വിലയിടുന്നതും. ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് 800 ഡോളറില്‍ കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ അമേരിക്കയിലേക്ക് നേരിട്ട് വ്യക്തികള്‍ക്ക് കപ്പല്‍ വഴിയാണ് ഇറക്കുമതി ചെയ്യുന്നത് എങ്കില്‍ അതിന് നികുതി നല്‍കേണ്ടതില്ലായിരുന്നു.
ചൈനയിലെ പല പ്രമുഖ കമ്പനികളും ഈ സംവിധാനം മുതലെടുത്ത് അമേരിക്കയിലേക്ക് വന്‍ തോതില്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉത്പ്പന്നങ്ങള്‍ അയച്ചു കൊടുത്തിരുന്നു. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് 2018 ല്‍ 5.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു എങ്കില്‍ 2023 ല്‍ ഇത് 66 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. വാള്‍മാര്‍ട്ടും ആമസോണും പോലെയുള്ള വന്‍കിട സ്ഥാപനങ്ങളേയും ട്രംപിന്റെ തീരുമാനം ദോഷകരമായി ബാധിച്ചിരുന്നു. തുണിത്തരങ്ങള്‍ മാത്രമല്ല വന്‍ തോതില്‍ ഇലക്ട്രോണിക് സാധനങ്ങളും ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
അതിര്‍ത്തികളില്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ സൈനക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മെക്സിക്കോക്കും കാനഡക്കും അമേരിക്ക ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് നടപ്പിലാക്കുന്നത് 30 ദിവസത്തേക്ക് നിര്‍ത്തി വെച്ചിരുന്നു.